ഗുല്‍ബര്‍ഗ് കൂട്ടക്കൊല:11 പേര്‍ക്ക് ജീവപര്യന്തം

Posted on: June 17, 2016 11:04 am | Last updated: June 17, 2016 at 8:02 pm
SHARE

GULBURGAഅഹമ്മദാബാദ്:  ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ 11 പേര്‍ക്ക് ജീവപര്യന്തം തടവും 12 പേര്‍ക്ക് ഏഴുവര്‍ഷം ഒരാള്‍ക്ക് 10 വര്‍ഷവും തടവുശിക്ഷ വിധിച്ചു. അഹമ്മദാബാദിലെ പ്രത്യേക എസ്.ഐ.ടി കോടതി ജഡ്ജി പി.ബി. ദേശായിയാണ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി പ്രഖ്യാപിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

ഗുജറാത്തിലെ ഗോധ്ര കലാപത്തിനു ശേഷം 2002 ഫെബ്രുവരി 28നു നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മുന്‍ എംപി എഹ്‌സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. 200 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജൂണ്‍ രണ്ടിനാണ് കൂട്ടക്കൊലക്കേസില്‍ 24 പേരെ കുറ്റക്കാരായി പ്രത്യേക കോടതി കണ്ടെത്തിയത്. പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായി 36 പേരെ കുറ്റവിമുക്തരാക്കിയിരുന്നു.  കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്കെതിരെ കൊലപാതക്കുറ്റവും 13 പേര്‍ക്കെതിരെ മറ്റു കുറ്റങ്ങളുമാണ് കോടതി ചുമത്തിയിട്ടുള്ളത്. വി.എച്ച്.പി നേതാവ് അതുല്‍ വൈദ്യ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്തല്‍, നിയമവിരുദ്ധമായ സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിട്ടുള്ളത്. ബിജെപി കോര്‍പറേഷന്‍ കൗണ്‍സിലറായ ബിപിന്‍ പേട്ടല്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ കെജി എര്‍ദ എന്നിവര്‍ വെറുതെ വിട്ടവരില്‍ ഉള്‍പ്പെടുന്നു. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഒന്‍പത് പേര്‍ 14 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. 5 പേര്‍ വിചാരണക്കിടെ മരിച്ചു. മറ്റുള്ളവര്‍ ജാമ്യത്തിലാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 4 ജഡ്ജിമാരുടെ മുമ്പാകെയാണ് വിചാരണ നടന്നത്. കേസില്‍ 338 പേരെ കോടതി വിസ്തരിച്ചു.

മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫരി അടക്കം 69 പേരാണ് ഗുല്‍ബര്‍ഗില്‍ കൊല്ലപ്പെട്ടത്. 2002ലെ ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് ഗുല്‍ബര്‍ഗയില്‍ നടന്നത്. ജാഫരിയുടെ ഭാര്യ സകിയ ജാഫരിയാണ് 14 വര്‍ഷങ്ങളായി നിയമയുദ്ധം നടത്തിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here