പ്രതിയെ കണ്ടെത്തിയത് പുതിയ അന്വേഷണ സംഘത്തിന്റെ മികവ്

Posted on: June 17, 2016 9:10 am | Last updated: June 17, 2016 at 9:10 am
SHARE

കൊച്ചി: സംസ്ഥാനത്തെ പിടിച്ചുലച്ച ജിഷ വധക്കേസില്‍ പ്രതിയെ പോലീസ് കണ്ടെത്തിയത് പുതിയ അന്വേഷണസംഘത്തിന്റെ മികവിന്റെ വിജയം കൂടിയാണ്. എ ഡി ജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചുമതലയേറ്റെടുത്ത് 21–ാം ദിവസമാണ് പ്രതി പിടിയിലായത് .തെളിവുകള്‍ ശേഖരിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഉണ്ടായ വീഴ്ചയും മൃതദേഹം ചട്ടവിരുദ്ധമായി ദഹിപ്പിച്ചതും പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്ന സാഹചര്യത്തില്‍ നിന്നാണ് അഭിമാനകരമായ നേട്ടത്തിലേക്ക് പുതിയ അന്വേഷണസംഘം എത്തിയത്. ലഭ്യമായ തെളിവുകള്‍ ശാസ്ത്രീയമായ ഉറപ്പിക്കുന്നതിനും അത് ഉപയോഗപ്പെടുത്തി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും കഴിഞ്ഞതാണ് പ്രതിയിലേക്ക് എത്തിച്ചേരാന്‍ പുതിയ അന്വേഷണ സംഘത്തെ സഹായിച്ചത്. പ്രതിയുടേതെന്ന് സംശയിച്ച ചെരുപ്പില്‍ പറ്റിയ രക്തം കൊല്ലപ്പെട്ട ജിഷയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പിക്കാന്‍ പോലീസിനായി. ഇതോടെ ചെരുപ്പിന്റെ ഉടമയെ തേടിയുള്ള അന്വേഷണം ശക്തമാക്കുകയായിരുന്നു. ജിഷയെ ഒരു യുവാവ് പിന്തുടരുന്ന സി സി ടി വി ദൃശ്യം കണ്ടെത്താനും പോലീസ് സംഘത്തിന് കഴിഞ്ഞു.
രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയായിരിക്കെ പോലീസ് നടത്തിയ അന്വേഷണത്തിലുണ്ടായ പാകപ്പിഴകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ശാസ്ത്രീയ തെളിവുകള്‍ അടക്കം ശേഖരിക്കാനായില്ല. തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെ രക്ഷിക്കാനായി പോലീസ് നാടകം കളിച്ചു എന്ന് ആരോപണം ശക്തമായി. മഹസ്സര്‍ തയ്യാറാക്കുന്നത് മുതല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ദഹിപ്പിക്കുന്നതുവരെയുള്ള നടപടികളില്‍ വീഴ്ചയുണ്ടായി. എന്നാല്‍, എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം ഒന്നില്‍നിന്ന് തുടങ്ങി. പൂര്‍ണമായി ശാസ്ത്രീയ തെളിവുകള്‍ അവലംബിച്ചാണ് അന്വേഷണ സംഘം കേസില്‍ പ്രതിയെ കണ്ടെത്തിയത്.