ജിഷവധക്കേസ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Posted on: June 17, 2016 3:55 pm | Last updated: June 18, 2016 at 10:34 am

JISHAപെരുമ്പാവൂര്‍: ജിഷവധക്കേസ് പ്രതി അമിയൂര്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഹെല്‍മറ്റ് ധരിപ്പിച്ച് കനത്ത സുരക്ഷാവലയത്തില്‍ കോടതിയിലെത്തിച്ച അമിയൂര്‍ ഇസ്ലാമിനെ ജഡ്ജിയുടെ ചേംബറിലാണ് ഹാജരാക്കിയത്. പോലീസിന്റെ ഭാഗത്ത് നിന്ന് പീഡനങ്ങള്‍ ഉണ്ടായോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു പ്രതിയുടെ മറുപടി. അഭിഭാഷകനെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി ഒരു അഭിഭാഷകനെ അമിയൂറിനായി നിയോഗിച്ചിരുന്നു. റിമാന്‍ഡിലായ പ്രതിയെ കാക്കനാട് സ്‌പെഷ്യല്‍ ജയിലിലേക്കാണ് അയച്ചിരിക്കുന്നത്. നാളെ തിരിച്ചറിയല്‍ പരേഡ് നടത്തും.

കനത്ത ജനരോഷം നിലനില്‍ക്കുന്നതിനാല്‍ പഴുതടച്ച സുരക്ഷാവലയത്തിലാണ് അമിയൂറിനെ കോടതിയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം പ്രതിയെ പോലീസ് ജീപ്പില്‍ കൊണ്ടുവന്നപ്പോള്‍ ചില സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിട്ടതിനാല്‍ പോലീസ് വാനിലാണ് കോടതിയിലേക്ക് കൊണ്ടുവന്നത്. രണ്ട് പോലീസ് വാനുകളും അഞ്ച് പോലീസ് ജീപ്പുകളും അകമ്പടി സേവിച്ചു.

നേരത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതിയെ ചോദ്യം ചെയ്തിരുന്നു. ഉച്ചക്ക് ശേഷം ആലുവ പോലീസ് ക്ലബില്‍ വെച്ചാണ് ഡിജിപി പ്രതിയെ ചോദ്യം ചെയ്തത്. കൃത്യം നടത്തുന്നതിന് മുമ്പ് സുഹൃത്തുമൊത്ത് ഭക്ഷണം കഴിച്ചതായി പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സുഹൃത്തിനെ ഇപ്പോള്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് ഡിജിപി പറഞ്ഞു. ജനങ്ങള്‍ അറിയാനാഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ നാളെ വെളിപ്പെടുത്തുമെന്നും ഡിജിപി പറഞ്ഞു.