ദലൈലാമയും ഒബാമയും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി

Posted on: June 17, 2016 6:28 am | Last updated: June 17, 2016 at 12:29 am
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ തിബറ്റന്‍ നേതാവ് ദലൈലാമയെ വൈറ്റ് ഹൗസിന്റെ കവാടത്തില്‍  അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സ്വീകരിക്കുന്നു
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ തിബറ്റന്‍ നേതാവ് ദലൈലാമയെ വൈറ്റ് ഹൗസിന്റെ കവാടത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സ്വീകരിക്കുന്നു

വാഷിംഗ്ടണ്‍: തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ ഈ കൂടിക്കാഴ്ച ടിബറ്റിനെ അനുകൂലിക്കില്ലെന്ന അമേരിക്കയുടെ നിലപാടിന് എതിരാണെന്നും ചൈന പ്രതികരിച്ചു. ടിബറ്റിലെ പ്രശ്‌നങ്ങള്‍ ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും വിദേശ രാജ്യങ്ങള്‍ ഇതില്‍ ഇടപെടേണ്ടതില്ലെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ലു കാംഗ് പറഞ്ഞു. ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന അമേരിക്കയുടെ വാദങ്ങള്‍ ഇല്ലാതാക്കുന്നതാണ് ഈ കൂടിക്കാഴ്ചയിലൂടെ വ്യക്തമാകുന്നത്. ടിബറ്റിനെ അംഗീകരിക്കില്ലെന്നും ടിബറ്റിലെ വിഘടന വാദികളെ അംഗീകരിക്കില്ലെന്നും അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് കടക വിരുദ്ധമാണ് ഈ നടപടിയെന്ന് ലു പറഞ്ഞു.
ഇത്തരം സന്ദര്‍ശനങ്ങള്‍ ചൈനയെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 14ാമത്തെ ദലൈലാമ മതപുരോഹിതനല്ലെന്നും വിഘടന വാദിയാണെന്നും കഴിഞ്ഞ ദിവസം ചൈന പ്രസ്താവന ഇറക്കിയിരുന്നു. ഇത് നാലാം തവണയാണ് ദലൈലാമ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ സന്ദര്‍ശിക്കുന്നത്.