സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സാഹസിക യാത്ര

Posted on: June 17, 2016 4:21 am | Last updated: June 17, 2016 at 12:22 am

കാളികാവ് (മലപ്പുറം): സ്‌കൂള്‍ തുറന്നാല്‍ കുണ്ട്‌ലാംപാടത്തെ വീട്ടമ്മമാര്‍ക്ക് നെഞ്ചില്‍ ഭീതിയാണ്. കൂലംകുത്തിയൊഴുകുന്ന അരിമണല്‍ പുഴക്ക് കുറുകെ ഈനാദിയിലുള്ള ദ്രവിച്ച മരപ്പാലത്തിലൂടെ സാഹസിക യാത്ര നടത്തിയാണ് ഇവരുടെ കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് പോവുന്നത്.
വര്‍ഷങ്ങളായി ഇവര്‍ ഈ ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട്. പുഴക്ക് കുറുകെ സ്ഥിരം പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് സര്‍ക്കാര്‍ ചെവി കൊടുത്തിട്ടില്ല. തുവ്വൂര്‍ പഞ്ചായത്തിലെ കുണ്ടലാംപാടം പ്രദേശത്തുകാര്‍ക്ക് കാളികാവിലേക്ക് കുറഞ്ഞ ദൂരംകൊണ്ട് എത്തിച്ചേരുന്നതിന് ചെങ്കോട് സ്ഥിരം പാലം നിര്‍മ്മിക്കുന്നതിനായി നാട്ടുകാര്‍ അധികൃതര്‍ക്ക് പല തവണ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. കഴിഞ്ഞ എതാനും വര്‍ഷമായി നാട്ടുകാര്‍ പിരിവെടുത്തും മറ്റു ചിലരുടെ സഹായം കൊണ്ടുമാണ് താത്കാലിക പാലം പണിതു വരുന്നത്.
ഈ പാലങ്ങള്‍ക്ക് ഒരു വര്‍ഷത്തെ ആയുസേ ഉണ്ടാവാറുള്ളു. കഴിഞ്ഞ വര്‍ഷം കൊണ്ടോട്ടിക്കാരനായ ഒരാളാണ് നാട്ടുകാരുടെ ദുരിതം കണ്ട് പാലം പണിത് കൊടുത്തത്. ഓരോ വര്‍ഷവും താത്കാലിക പാലം നിര്‍മിച്ച് കൊണ്ടിരിക്കുന്ന നാട്ടുകാര്‍ എന്നെങ്കിലും ഇതിന് ഒരു അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.