മൊറോക്കോയിലെ റമസാന്‍ രാവുകള്‍

Posted on: June 17, 2016 6:01 am | Last updated: June 17, 2016 at 12:11 am

morocoറമസാന്‍ കാലത്ത് പലപ്പോഴും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. നോമ്പിന്റെ വൈവിധ്യം നിറഞ്ഞ പ്രാദേശിക സംസ്‌കാരങ്ങള്‍ അതിശയിപ്പിച്ചിട്ടുമുണ്ട് . ഇന്ത്യക്ക് വെളിയിലുള്ള എന്റെ നോമ്പനുഭവങ്ങളില്‍ നിന്ന് ഏറെ ആകര്‍ഷിച്ച ചില സംഭവങ്ങള്‍ ഓര്‍ത്തു പോകുകയാണ്. മൊറോക്കോ, സഊദി അറേബ്യ, യു എ ഇ എന്നീ മൂന്ന് രാജ്യങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് പങ്കുവെക്കുന്നത്.
റമസാന്‍ മാസത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണ്ഡിതന്മാരെ ക്ഷണിച്ചു കൊണ്ട് ആദരിക്കുന്ന ചടങ്ങ് മൊറോക്കോയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നു . അവിടത്തെ രാജാവ് ഹസന്‍ രണ്ടാമനാണ് ഇത് തുടങ്ങിവെച്ചത്. ഹസന്‍ രാജാവിന്റെ മരണാനന്തരം ഇപ്പോള്‍ മൊറോക്കോ ഭരിക്കുന്ന മുഹമ്മദ് ആറാമനും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. അദ്ദുറൂസുല്‍ ഹസനിയ്യ എന്നാണ് ഈ പരിപാടിക്ക് അവര്‍ നല്‍കിയ പേര്. ഹസന്‍ രാജാവ് തുടങ്ങിയ പരിപാടി ആയതിനാലാണ് ഈ പേരില്‍ ഈ സംരംഭം അറിയപ്പെടുന്നത്. ലോകത്ത് നിന്നുള്ള വിവിധ പണ്ഡിതന്മാരെ കൊട്ടാരത്തിലേക്ക് ക്ഷണിക്കും. രാജാവും കൊട്ടാരത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം നിലത്തു ഇരിക്കും. മൊറോക്കോയിലെ തലസ്ഥാനമായ റബാത്തില്‍ ഉള്ള വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍ ഉള്‍പ്പെടെ ഉന്നതരായ പലരും ഈ ചടങ്ങിനു എത്തും. ഓരോ ദിവസവും വിഷയം അവതരിപ്പിക്കുന്ന പണ്ഡിതന്മാര്‍ മാത്രം പ്രത്യേകം തയ്യാറാക്കിയ പ്രസംഗ പീഠത്തില്‍ ഇരിക്കുകയും ചെയ്യും. ക്ഷണിക്കപ്പെട്ട പണ്ഡിതന്‍ മാത്രം വിഷയം അവതരിപ്പിക്കും. ഇസ്‌ലാമികമായ വിഷയങ്ങള്‍ സൂക്ഷ്മമായി പരാമര്‍ശിക്കുന്ന ക്ലാസുകള്‍ ആണത്. അസര്‍ കഴിഞ്ഞ് ആരംഭിക്കുന്ന ഈ പഠന ക്ലാസ് രണ്ടര മണിക്കൂര്‍ വരെ നീളും. രാജാവും മറ്റുള്ളവരും സൂക്ഷ്മമായി ഈ ക്ലാസുകള്‍ ശ്രദ്ധിക്കും. ആ ക്ലാസ് കഴിഞ്ഞാല്‍ അവസാനം നാരിയത്തു സ്വലാത്ത്, ത്വിബ്ബുല്‍ ഖുലൂബ് തുടങ്ങിയ സ്വലാത്തും ഉണ്ടാകും. തുടര്‍ന്ന് വിഭവ സമൃദ്ധമായ നോമ്പുതുറയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരെ മൊറോക്കോയിലേക്ക് ക്ഷണിക്കുന്നതിനു പിന്നില്‍ മറ്റൊരു താത്പര്യം കൂടിയുണ്ട് രാജാവിന്. മൊറോക്കോയിലെ ബഹുജനങ്ങള്‍ക്ക് ഇസ്‌ലാമികമായ കാര്യങ്ങള്‍ ആഴത്തില്‍ പറഞ്ഞു കൊടുക്കുന്ന പണ്ഡിതന്മാരെ കൊണ്ട് പള്ളികള്‍ സമ്പന്നമാകണം .അതിഥികളായ ഞങ്ങള്‍ക്ക് പലപ്പോഴും പള്ളികളില്‍ പ്രസംഗിക്കാന്‍ അവസരം തരും. മൊറോക്കോ തലസ്ഥാനമായ റബാത്ത്, വ്യാവസായിക നഗരമായ ദാറുല്‍ ബയ്‌ളാ, മാറാകുഷ്, ഫെസ്, ടാന്‍ജീഷ് തുടങ്ങിയ അനവധി സ്ഥലങ്ങളില്‍ പ്രസംഗിക്കാന്‍ എനിക്കും അവസരം ലഭിച്ചു. ഇശാ നിസ്‌കാരം കഴിഞ്ഞു തറാവീഹിനു തൊട്ടുമുമ്പായാണ് ഈ പ്രഭാഷണം. നമ്മുടെ നാടുകളില്‍ ഉള്ള ഒരു പ്രഭാഷണ രീതിയായിരുന്നില്ല അവിടെ പരമ്പരാഗതമായി നടന്നുവന്നിരുന്നത്. ഞാന്‍ നമ്മുടെ കേരളീയ പ്രഭാഷണ മാതൃകയില്‍ ‘ഖാലല്ലാഹു, ഖാല മുഹമ്മദ്’ എന്ന ശൈലിയില്‍ ഒരു ആയതും ഒരു ഹദീസും മഹാന്മാരുടെ ഒരു ചരിത്രവും പറഞ്ഞു പ്രസംഗിച്ചപ്പോള്‍ അവിടെയുള്ള ആളുകള്‍ക്കൊക്കെ അത്ഭുതവും ആവേശവും. പ്രസംഗം കഴിഞ്ഞ് ആളുകള്‍ കൂട്ടമായി അടുത്തുവന്നു കൈപിടിച്ചു. അവരുടെ ആഹ്ലാദം പ്രകടിപ്പിച്ചു. ഈ പ്രസംഗ രീതി തങ്ങള്‍ക്ക് ഇഷ്ടമായി എന്നും ഇനിയും വരണം എന്നും ചിലര്‍ പറയുന്നുണ്ടായിരുന്നു. മറക്കാനാകാത്ത അനുഭവമായിരുന്നു ആ മൊറോക്കന്‍ യാത്ര.
മറ്റൊരനുഭവം കഴിഞ്ഞ വര്‍ഷത്തെ റമസാനിലെ യു എ ഇ അനുഭവമാണ്. യു എ ഇ ഭരണാധികാരിയുടെ റമസാന്‍ അതിഥിയായിട്ടായിരുന്നു അന്ന് പോയത്. ഓരോ ദിവസവും ളുഹ്ര്‍, അസര്‍, തറാവീഹ് നിസ്‌കാരങ്ങള്‍ക്ക് ശേഷം വിവിധ പള്ളികളില്‍ പ്രസംഗിക്കേണ്ടതുണ്ടായിരുന്നു. ഔഖാഫ് മുന്‍കൂട്ടി തന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ നടക്കുന്ന ആ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ സ്വദേശികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഒരുമിച്ചു കൂടുമായിരുന്നു. ആ പ്രസംഗങ്ങളില്‍ എന്നെ ഏറെ ആകര്‍ഷിച്ച ഒരു സംഭവമുണ്ടായി.
ശൈഖ് സായിദിന്റെ ആണ്ടുദിവസം ഞങ്ങള്‍ അതിഥികള്‍ക്ക് യു എ ഇ ഭരണകൂടം പ്രത്യേക ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നു. അന്ന് പ്രസംഗിക്കുന്ന പള്ളികളില്‍ ശൈഖ് സായിദിനെ അനുസ്മരിച്ച് പ്രഭാഷണം നടത്താനും പ്രത്യേക പ്രാര്‍ഥന നടത്താനുമായിരുന്നു നിര്‍ദേശം. മുസഫ്ഫ ലേബര്‍ ക്യാമ്പിലെ ഏറ്റവും വലിയ പള്ളിയിലായിരുന്നു അന്ന് എനിക്ക് സംസാരിക്കേണ്ടിയിരുന്നത്. ആയിരങ്ങള്‍ അന്നവിടെ സംബന്ധിച്ചിരുന്നു. അര മണിക്കൂറോളം ശൈഖ് സായിദിനെപ്പറ്റി സംസാരിച്ചു പ്രാര്‍ഥന നടത്തി. ശേഷം എല്ലാവരോടും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പറഞ്ഞപ്പോള്‍ ആയിരങ്ങള്‍ ഓതാന്‍ തുടങ്ങി. മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം ഇസ്‌ലാമികമല്ല എന്ന് പറഞ്ഞു മാറി നിന്നില്ല. ശൈഖ് സായിദിന്റെ ഖബര്‍ ഇരുപത്തിനാല് മണിക്കൂറും ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്ന കേന്ദ്രമാണ്.
മൂന്നാമത്തെ റമസാന്‍ അനുഭവം നടക്കുന്നത് സഊദി അറേബ്യയിലാണ്. മര്‍കസിനെ അങ്ങേയറ്റം സഹായിച്ച ലോകത്തെ അറിയപ്പെട്ട പണ്ഡിതനായിരുന്ന ഡോ. ഉമര്‍ അബ്ദുല്ല കാമിലുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. അദ്ദേഹത്തിനൊപ്പം മൂന്ന് വര്‍ഷം റമസാനില്‍ പൂര്‍ണമായി ഞാന്‍ സഊദിയില്‍ ഉണ്ടായിരുന്നു. റമസാന്‍ പതിനേഴാം രാവില്‍ ഉമര്‍ കാമിലിന്റെ വീട്ടില്‍ നടക്കുന്ന ബദ്‌രീങ്ങളുടെ ആണ്ട് ഗംഭീരമായ പരിപാടിയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ പണ്ഡിതന്മാരും വിശിഷ്ടാതിഥികളും ചേര്‍ന്ന് ബദര്‍ മൗലിദ് ഓതി പ്രാര്‍ഥിക്കുന്ന സുദീര്‍ഘമായ മജ് ലിസാണത്. കേരളത്തിലാണോ ഇത് എന്ന് തന്നെ തോന്നിപ്പോകും. എന്നാല്‍ മൗലിദ് ഓതുന്നതും നേതൃത്വം നല്‍കുന്നതുമെല്ലാം വിവിധ അറേബ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുമെത്തിയ പ്രതിനിധികള്‍. മാത്രമല്ല, അദ്ദേഹം ഞങ്ങളോട് പറയാറുണ്ട്. ഡോ. മുഹമ്മദ് അബ്ദു യമാനിയുടെ ഉള്‍പ്പെടെയുള്ള പല പണ്ഡിതന്മാരുടെയും വീട്ടില്‍ ഇത് പോലെ ബദരീങ്ങളുടെ ആണ്ടു നടത്താറുണ്ട്. അത് കഴിഞ്ഞു പിറ്റേന്ന് അസര്‍ നിസ്‌കാരം കഴിഞ്ഞാല്‍ നോമ്പ് തുറക്കാന്‍ ആവശ്യമുള്ള വിഭവങ്ങളുമായി മദീനയിലേക്ക് തിരിക്കും. വഴിയില്‍ വെച്ചു നോമ്പ് തുറക്കും. ഇശാ നിസ്‌കാരത്തിനു മദീനയില്‍ എത്തി തറാവീഹ് ജമാഅത്തായി നിസ്‌കരിക്കും. നോമ്പ് തുറക്കാന്‍ റൗളാശരീഫില്‍ എത്തുന്ന അദ്ദേഹത്തിന് പ്രത്യേക ഇരിപ്പിടം പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കാറുണ്ട്. പിന്നീട് ജന്നത്തുല്‍ ബകീഇനോട് തൊട്ടുകിടക്കുന്ന ഔഖാഫ് ബില്‍ഡിംഗില്‍ പോകും. അവിടെ തറാവീഹ് നിസ്‌കാരം കഴിഞ്ഞു എത്തിയാല്‍ പിന്നെ അദ്ദേഹത്തിന്റെ റൂമില്‍ നിന്ന് ഒരു ജനാല തുറന്നാല്‍ റൗളയുടെ ഖുബ്ബയിലാണ് നേരെ ദൃഷ്ടി പതിയുക. ആ ഖുബ്ബയിലേക്ക് നോക്കി അദ്ദേഹവും പിന്നില്‍ ഞങ്ങളും ഇരിക്കും. ദലാഇലുല്‍ ഖൈറാത്തിന്റെ അനേകം കോപ്പികള്‍ ആ വില്ലയിലുണ്ട്. ഓരോ കോപ്പി ഓരോരുത്തര്‍ എടുത്തു ദലാഇലുല്‍ ഖൈറാത്ത് മുഴുവന്‍ പാരായണം ചെയ്യും. ശേഷം പ്രാര്‍ഥിക്കും. അപ്പോഴേക്ക് അത്താഴത്തിനു സമയം ആയിട്ടുണ്ടാകും. ഇശ്്ഖും ആത്മീയതയും ഒക്കെ കലര്‍ന്ന സദസ്സ് ആയിരുന്നു അത്.