വരണ്ട മണ്ണില്‍ മുളപൊട്ടട്ടെ..

കൃഷിയാണ് ഏതു പ്രദേശത്തിന്റെയും വികസനത്തിന്റെ അടിത്തറ. മണ്ണും വെള്ളവും മനുഷ്യാധ്വാനവുമാണ് കൃഷിയുടെ ആധാരം. ഇവ പരമാവധി പ്രയോജനപ്പെടുത്തി ഉത്പാദനം വര്‍ധിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയുമാകണം നമ്മുടെ വികസന മുന്‍ഗണന. മനുഷ്യന്റെ മാത്രമല്ല മറ്റ് ഒട്ടനവധി ജീവജാലങ്ങളുടെയും നിലനില്‍പ്പ് തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ടാണ്. എന്നാല്‍, വികസനപദ്ധതികള്‍ക്ക് വേണ്ടിയെന്ന വ്യാജേന ഇവ നശിപ്പിക്കപ്പെടുമ്പോള്‍ ആരും വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ല. വിലയില്ലാത്ത ഭൂമി എന്ന നിലയില്‍ നെല്‍പ്പാടങ്ങളെ കാണാനുള്ള വിവരം മാത്രമേ പലപ്പോഴും നമുക്കുള്ളൂ. തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തി കെട്ടിടങ്ങള്‍ പണിയുമ്പോഴും വിമാനത്താവളങ്ങളും ഷോപ്പിംഗ് മാളുകളും തീര്‍ക്കുമ്പോഴും റോഡുകളും പാലങ്ങളും കെട്ടുമ്പോഴും ലഭിക്കുന്ന സാമ്പത്തികലാഭത്തെ നമുക്ക് രേഖപ്പെടുത്താനും കണക്കുകൂട്ടാനും പറ്റും. പക്ഷേ, തണ്ണീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും മാനവരാശിയെ നിലനിര്‍ത്തിയും പരിസ്ഥിതിയെ കാത്തുവെച്ചും ഉണ്ടാക്കുന്ന ലാഭത്തെ കണക്കുകൂട്ടിയെടുക്കാന്‍ കഴിയില്ല.
Posted on: June 17, 2016 6:00 am | Last updated: June 17, 2016 at 12:08 am

7777_10151417741872111_48314997_nകാലാകാലങ്ങളായി സര്‍ക്കാരുകള്‍ നമ്മുടെ കാര്‍ഷിക മേഖലക്ക് മുന്‍ഗണന നല്‍കിയിരുന്നുവെങ്കിലും അയല്‍ നാടുകളില്‍ നിന്നും അരി കൈ നീട്ടി വാങ്ങുന്നതിന് ഒരു കുറവും വന്നിരുന്നില്ല. കൃഷിക്ക് മുന്‍ഗണനയെന്ന് എല്ലാ ബജറ്റിലും പ്രഖ്യാപനങ്ങള്‍ ഉയരാറുണ്ടെങ്കിലും അതൊക്കെ അധരവ്യായാമവും ചുവപ്പുനാടക്കുള്ളില്‍ ഉറങ്ങുന്ന വെറും വാക്കുകളും വരകളുമായിരുന്നുവെന്നും നമ്മുക്ക് വൈകാതെ ബോധ്യപ്പെടാറുമുണ്ടായിരുന്നു. വികസനമെന്ന വലിയ അജന്‍ഡക്കു മുന്നില്‍ കൃഷിയും കൃഷിക്കാരുമെല്ലാം പലപ്പോഴും ചുരുങ്ങിപ്പോകാറാണ് പതിവ്.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് എന്തുകൊണ്ട് കാര്‍ഷിക മേഖലയില്‍ കാര്യമായ പുരോഗതി ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് പഠനം അര്‍ഹിക്കുന്ന ഒരു വിഷയം കൂടിയായി അടുത്ത കാലത്ത് മാറുകയും ചെയ്തു. വിദ്യാഭ്യാസപരമായി വളരെ മുന്നിലാണ് എന്നവകാശപ്പെടുന്ന നമ്മുടെ നാട് കാര്‍ഷികപരമായി ഏറെ പിന്നിലാണെന്നത് വിരോധാഭാസമാണെന്ന് അയല്‍നാട്ടുകാര്‍ ചൂണ്ടിക്കാട്ടുമ്പോഴും ഒന്നും പറയാനാകാതെ തലകുലുക്കി സമ്മതിക്കുകയായിരുന്നു. ഭൂമാഫിയകള്‍ക്കു വേണ്ടി കേരളത്തിന്റെ വയലേലകളെ വരണ്ടുണക്കി ഫ്‌ളാറ്റുകളാക്കി പരിണാമം വരുത്താന്‍ കാലാകാലമായി നമ്മുടെ ഭരണകൂടം ശ്രമിക്കാറുണ്ട്. അതിനുവേണ്ടി നിയമങ്ങള്‍ കാറ്റില്‍പ്പറത്തുകയോ, പുതിയ നിയമങ്ങളുണ്ടാക്കുകയോ ചെയ്യാറാണ് പതിവ്. എന്നാല്‍ സകല പതിവുകള്‍ക്കുമപ്പുറം പുതിയ നിലപാടുകളുമായി രംഗത്തെത്തിയ പുതിയ സര്‍ക്കാര്‍ എവിടെയൊക്കെയോ എന്തൊക്കെയോ നല്ല പ്രതീക്ഷകള്‍ക്കാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്.
എല്ലാ കാലങ്ങളിലുമുണ്ടാകാറുള്ളത് പോലെ കര്‍ഷകരില്‍ നിന്ന് വിലകൊടുത്ത് വാങ്ങി തരിശിടുകയും പിന്നീട് തരിശുഭൂമിയെന്ന പേരില്‍ വ്യവസായ ആവശ്യത്തിന് പരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയും ചെയ്ത മണ്ണിലാണ് പ്രതീക്ഷയുടെ മുളപൊട്ടുന്നതെന്നു കാണുമ്പോള്‍ ഹരിതകേരളത്തെ അളവറ്റ് സ്‌നേഹിക്കുന്ന ആരും ഒന്ന് മനസ്സറിഞ്ഞ് സന്തോഷിച്ചു പോകും. മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നികത്താന്‍ അനുമതി നല്‍കിയ മെത്രാന്‍കായലിലും വിമാനത്താവള പദ്ധതിയുടെ പേരില്‍ വിവാദമായ ആറന്മുളയിലും കൃഷിയിറക്കുന്നതിനാണ് പുതിയ സര്‍ക്കാറിലെ കൃഷി മന്ത്രി തീരുമാനിച്ചിട്ടുള്ളത്.
കഴിഞ്ഞ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ നികത്തുന്നതിന് അനുമതി നല്‍കിയ ഭൂമിയാണ് മെത്രാന്‍ കായല്‍ പ്രദേശം. സ്വകാര്യ ബിസിനസ് ഗ്രൂപ്പിന് വ്യാവസായിക ആവശ്യത്തിനെന്ന പേരില്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് നികത്താന്‍ അനുവാദം നല്‍കുകയായിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് ഈ തീരുമാനം പിന്നീട് പിന്‍ വലിക്കപ്പെട്ടു. കുട്ടനാടന്‍ കായല്‍ നിലങ്ങളില്‍ ഉത്പാദനക്ഷമതയില്‍ വളരെ മുന്നിലാണ് മെത്രാന്‍ കായല്‍. ശരാശരി 105500 ക്വിന്റല്‍ നെല്ലാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത്രയും കാര്‍ഷിക പ്രധാന്യമുള്ള ഭൂമിയാണ് കച്ചവടത്തിനായി തീറെഴുതാന്‍ അധികാരികള്‍ ഒരുമടിയുമില്ലാതെ തീരുമാനമെടുത്തത്. കേരളത്തില്‍ തരിശിട്ട ഭൂമികളെല്ലാം ഏറ്റെടുത്ത് കൃഷി ചെയ്യാന്‍ വിപുലമായ പദ്ധതിക്കു കൂടി രൂപം കൊടുത്തതെന്ന് മന്ത്രി പറയുമ്പോള്‍ അത് വലിയ പ്രതീക്ഷകള്‍ക്കപ്പുറം കൈവിട്ടുപോയ കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമമായിക്കൂടി വിലയിരുത്തപ്പെടാവുന്നതാണ്.
നെല്ലും നെല്‍പ്പാടങ്ങളും നാട്ടിന്‍പുറങ്ങളില്‍ നിന്നു പോലും പടിയിറങ്ങിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന ദുരന്തത്തെയാണ് കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലിപ്പോള്‍ ഏകദേശം രണ്ടുലക്ഷം ഹെക്ടറിന് താഴെ നെല്‍വയലുകളേ അവശേഷിക്കുന്നുള്ളുവെന്നാണ് കണക്ക്. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നെല്ലുത്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും സംസ്ഥാനത്ത് തരിശ് കിടക്കുന്ന പാടശേഖരങ്ങളുടെ അളവില്‍ വന്‍ വര്‍ധനവെന്നാണ് ഇതു സംബന്ധിച്ച നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്്്്്്്്.
കേരളത്തിലെ 14 ജില്ലകളിലായി 8902 ഹെക്ടര്‍ കൃഷിഭൂമിയാണ് ഉത്പാദനം ഇല്ലാതെ കിടക്കുന്നത്. കൃഷി വകുപ്പിന്റെ കൈവശമുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകമാനം 8902 ഹെക്ടര്‍ തരിശ് നിലമാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നെല്ല് കൃഷിയുള്ള ജില്ലകളിലൊന്നായ ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ ഭൂമി തരിശ് കിടക്കുന്നത്. 3652 ഹെക്ടര്‍. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്ത് 1000 ഹെക്ടര്‍ തരിശ് കിടക്കുന്നു. നെല്‍കൃഷിയുടെ കേന്ദ്രമായ പാലക്കാട് 800 ഹെക്ടര്‍ ഭൂമി ഉപയോഗ ശൂന്യമായിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 400 ഹെക്ടറാണ് തരിശ് ഭൂമി. ഏറ്റവും കുറവ് നെല്‍കൃഷിയുള്ള ഇടുക്കിയില്‍ 250 ഹെക്ടറും തിരുവനന്തപുരത്ത് 250 ഹെക്ടര്‍ ഭൂമിയും തരിശ് കിടക്കുന്നു. കോള്‍ നിലങ്ങള്‍ക്ക് പേരുകേട്ട തൃശൂരില്‍ 700 ഹെക്ടര്‍ ഭൂമിയാണ് തരിശുകിടക്കുന്നത്. കണ്ണൂരില്‍ 84 ഹെക്ടറില് മാത്രം നെല്ല്കൃഷി നടക്കുമ്പോള്‍ 150 ഹെക്ടര്‍ ഭൂമി തരിശു കിടക്കുന്നു എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ എതാണ്ട് 28 ലക്ഷം ഹെക്ടര്‍ ഭൂമിയുള്ളതില്‍ അഞ്ച് ലക്ഷം ഹെക്ടറായിരുന്നു നെല്‍പ്പാടങ്ങള്‍. ഇതില്‍ ഒന്നര ലക്ഷം ഹെക്ടര്‍ പാടത്ത് കൃഷിനടക്കുന്നു. ഒരു ലക്ഷം ഹെക്ടര്‍ തരിശും. രണ്ടര ലക്ഷത്തോളം ഹെക്ടര്‍ നികത്തപ്പെട്ടു. തരിശിടുന്ന ഭൂമിയൊക്കെ നികത്തല്‍ ഭീഷണിയിലാണ്. നികത്താനുളള മണ്ണിനായി സമീപത്തുള്ള കുന്നുകള്‍ ഇടിക്കല്‍ ഭീഷണിയിലും. കൃഷി നടക്കേണ്ട ഭൂമിയൊക്കെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരികളുടെ കൈയിലകപ്പെടുന്നു. റിയല്‍ എസ്‌റ്റേറ്റ് വ്യാപാരം കേരളത്തിന്റെ ഉത്പാദനത്തകര്‍ച്ചക്ക് കാരണമായി തീര്‍ന്നിരിക്കുന്നു. റിയല്‍ എസ്‌റ്റേറ്റ് വളര്‍ച്ചയും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും കേരളത്തിലിന്ന് വര്‍ഷം പ്രതി ശരാശരി രണ്ടര ലക്ഷം കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെടുന്നതായാണ് മതിപ്പുകണക്കെന്ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനം പറയുന്നു. ഇതില്‍ 1520 ശതമാനം ഗാര്‍ഹികേതര കെട്ടിടങ്ങളും 80 85 ശതമാനം വീടുകളുമാണ്. ഫഌറ്റ് സമുച്ചയങ്ങളും ഇവയില്‍പ്പെടുമെന്നും പരിഷത്ത് സര്‍വേ വ്യക്തമാക്കുന്നു.
വയലുകള്‍ ചുരുങ്ങിയത് നെല്ലുത്പാദനത്തെയും ബാധിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കു പ്രകാരം 5.69 ലക്ഷം ടണ്‍ അരി മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇത് നമുക്ക് ആവശ്യമുള്ളതിന്റെ 15 ശതമാനം മാത്രമാണ്. കൃത്യമായ കണക്കുപോലും ഔദ്യോഗികമായി കിട്ടാനില്ലെന്നാണ് കൃഷി വകുപ്പ് പറയുന്നത്. 2008 വരെ നികത്തിയ വയലുകള്‍ പുരിയിടങ്ങളായി മാറ്റാന്‍ നിയമം അനുവദിക്കുന്ന സ്ഥിതി വരെ സംജാതമായി. ഇനി എത്രനാള്‍ നെല്‍വയലുകളും നെല്ലുത്പാദനവും പരിമിതമായെങ്കിലും കേരളത്തില്‍ ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് കരുതുന്നിടത്താണ് നിലം നികത്തലിനെതിരെ വലിയ പടയൊരുക്കവുമായും മണ്ണില്‍ കൃഷി ചെയ്യാന്‍ കര്‍മ പരിപാടികളുമായും പുതിയ പ്രതീക്ഷയുമായും സര്‍ക്കാരെത്തുന്നത്. നെല്ലും നെല്‍കൃഷിയും നമ്മുടെ സംസ്‌കാരമായിരുന്നു. വയലുകള്‍ വെറും കൃഷിയിടങ്ങള്‍ മാത്രമായിരുന്നില്ല. വിശാലതയുടെ പര്യായങ്ങളായിരുന്നു അവ. അന്നം മാത്രമല്ല കുടിനീര്‍ തരുന്ന പാനപാത്രം കൂടിയാണ് വയല്‍ എന്ന തിരിച്ചറിവ് അടുത്ത കാലത്തെ അനുഭവങ്ങളാണ് നമ്മെ പഠിപ്പിച്ചത്. വയല്‍ വലിയൊരു ആവാസവ്യവസ്ഥയുടെ സംരക്ഷിത പ്രദേശം കൂടിയാണ്. നാനാജാതി സസ്യങ്ങള്‍ ഒരേ മനസ്സോടെ കഴിയുന്നിടമാണ് നെല്‍പ്പാടങ്ങള്‍. ഈ സസ്യവൈവിധ്യം പരിസ്ഥിതിക്ക് ചെയ്യുന്ന ഗുണങ്ങള്‍ വളരെയേറെയാണ്. ഔഷധസസ്യങ്ങളുടെ കലവറകൂടിയാണ് ഈ നിലങ്ങള്‍. പരിസ്ഥിതി സന്തുലനത്തെയും കാലാവസ്ഥയേയും നിലനിര്‍ത്താന്‍ വയലുകള്‍ ചെയ്യുന്നത് മഹത്തായ സേവനമാണ്. ഒരേക്കര്‍ വയലിന് ഒരു ലക്ഷം ടണ്‍ ജലം സംരക്ഷിച്ചുവെക്കാനുള്ള കഴിവുണ്ടെന്നും നെല്‍പ്പാടങ്ങളില്‍ വീഴുന്ന മഴയാണ് ചുറ്റുമുള്ള പുരയിടങ്ങളിലെ കിണറുകളില്‍ ജലമെത്തിക്കുന്നതെന്നും ആരും പഠിപ്പിക്കാതെ ഇപ്പോള്‍ നാം മനസ്സിലാക്കിക്കഴിഞ്ഞു.
ഇന്ത്യയില്‍ തന്നെ ആദ്യമായി നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കാനുള്ള ഒരു നിയമം കൊണ്ടുവന്നത് 2008ലെ സര്‍ക്കാറാണ്. ഈ നിയമം നെല്‍വയല്‍ മാത്രമുള്ള ഒരാള്‍ക്ക് വീടെടുക്കാനുള്ള സാഹചര്യത്തെ ഇല്ലാതാക്കിയിരുന്നില്ല. വീടുവെക്കാന്‍ മറ്റു സ്ഥലമില്ലാത്തവര്‍ക്ക് ഗ്രാമപ്രദേശങ്ങളില്‍ പത്തു സെന്റും നഗരത്തില്‍ അഞ്ചു സെന്റും നികത്തി പുരയിടമാക്കാമെന്ന വ്യവസ്ഥ നിയമത്തിലുണ്ടായിരുന്നു. ശക്തമായ നിയമമാണ്. കേരളത്തിന്റെ പച്ചപ്പ് നിലനിര്‍ത്താനുള്ള ഇടപെടലാണ് അതെന്ന് പൊതുസമൂഹം അന്ന്് അഭിപ്രായപ്പെട്ടു. പിന്നീട് ഈ നിയമം തന്നെ മാറ്റിമറിക്കപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പലതവണയാണ് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തെ ഇല്ലാതാക്കുന്നതിനുള്ള ഭേദഗതി നിര്‍ദേശങ്ങളുണ്ടായെന്നാണ് ഇടതു കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. 2008 നു മുമ്പ് നികത്തിയ നെല്‍ വയലുകള്‍ക്ക് നിയമ പ്രാബല്യം നല്‍കി ധനസമാഹരണം നടത്താനുള്ള പ്രസ്തുത ഭേദഗതി യഥാര്‍ഥത്തില്‍ ഏതുകാലത്തെ നെല്‍ വയലും നികത്താന്‍ അനുമതി നല്‍കാവുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഈ നിയമഭേദഗതി സംസ്ഥാനത്ത് നെല്‍വയലുകളുടെയും നീര്‍ത്തടങ്ങളുടെയും മരണമണി മുഴക്കും. നിശ്ചിത ഫോറത്തില്‍ 500 രൂപ സഹിതം അപേക്ഷിച്ചാല്‍ ഏത് നെല്‍വയലും നികത്തിയതായി നിയമപ്രാബല്യം നേടാമെന്ന അവസ്ഥയാണുള്ളതെന്നും പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു. അതേ സമയം നെല്‍വയലുള്‍പ്പെടെയുള്ള തണ്ണീര്‍ത്തടം നികത്തല്‍ തീരുമാനം നടപ്പിലായാല്‍ പ്രതിവര്‍ഷം കേരളത്തിന് 1,22,868 കോടി രൂപക്ക് തുല്യമായ നഷ്ടമുണ്ടാകുമെന്നു സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനായ ഡോ. വി എസ് വിജയന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി രാജ്യത്തെ തണ്ണീര്‍ത്തടങ്ങളെ പറ്റി നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. ഈ നിയമം നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ 1.61 ലക്ഷം ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാകാന്‍ സാധ്യത ഏറെയാണ്. 2011ല്‍ ദി ഇക്കണോമിക്‌സ് ഓഫ് ഇക്കോ സിസ്റ്റംസ് ആന്‍ഡ് ബയോ ഡൈവേഴ്‌സിറ്റി (‘ടീബ്’) എന്ന സ്ഥാപനം രാജ്യത്തെ തണ്ണീര്‍ത്തടങ്ങളുടെ പാരിസ്ഥിതിക മൂല്യത്തെപ്പറ്റി വിശദ പഠനം നടത്തിയിരുന്നു. തണ്ണീര്‍ത്തടങ്ങളുടെ നാശം കിണറുകളിലും കുളങ്ങളിലും വെള്ളമില്ലാതാക്കും. ഇതോടെ കടുത്ത കുടിവെള്ള ക്ഷാമവും കൃഷി ആവശ്യത്തിന് വെള്ളം ഇല്ലാതാവുകയും ചെയ്യും. കാലാവസ്ഥാ ക്രമീകരണം, മണ്ണ് സംരക്ഷണം, മണ്ണൊലിപ്പ് തടയല്‍, ഭൂജല നിരപ്പ് സംരക്ഷണം തുടങ്ങിവയും തണ്ണീര്‍ത്തടങ്ങളുടെ സംഭാവനകളാണ്. ഈ തണ്ണീര്‍ത്തടങ്ങള്‍ നികത്തിയാല്‍ സംഭവിക്കുന്ന ഭയാനക നഷ്ടത്തിന്റെ സാമ്പത്തിക മൂല്യം മാത്രം 1,22,868 കോടി രൂപയോളം വരും. ഒരു ഹെക്ടര്‍ തണ്ണീര്‍ത്തടം നികത്തിയാല്‍ പ്രതിവര്‍ഷം 22,24,380 രൂപക്ക് തുല്യമായ നഷ്ടമുണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍ ഏറെ സമ്പുഷ്ടമാണ്. അതുകൊണ്ട് യഥാര്‍ഥ നഷ്ടം ഇതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടിയാകുമെന്ന് പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ പഠനം കൈയിലിരിക്കെയാണ് ഏറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ 2005 വരെ അനധികൃതമായി നികത്തിയതടക്കമുള്ള തണ്ണീര്‍ത്തടങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നത്.
കൃഷിയാണ് ഏതു പ്രദേശത്തിന്റെയും വികസനത്തിന്റെ അടിത്തറ. മണ്ണും വെള്ളവും മനുഷ്യാധ്വാനവുമാണ് കൃഷിയുടെ ആധാരം. ഇവ പരമാവധി പ്രയോജനപ്പെടുത്തി ഉത്പാദനം വര്‍ധിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയുമാകണം നമ്മുടെ വികസന മുന്‍ഗണന. മനുഷ്യന്റെ മാത്രമല്ല മറ്റ് ഒട്ടനവധി ജീവജാലങ്ങളുടെയും നിലനില്‍പ്പ് തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ടാണ്. എന്നാല്‍, വികസനപദ്ധതികള്‍ക്ക് വേണ്ടിയെന്ന വ്യാജേന ഇവ നശിപ്പിക്കപ്പെടുമ്പോള്‍ ആരും വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ല. വിലയില്ലാത്ത ഭൂമി എന്ന നിലയില്‍ നെല്‍പ്പാടങ്ങളെ കാണാനുള്ള വിവരം മാത്രമേ പലപ്പോഴും നമുക്കുള്ളൂ. തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തി കെട്ടിടങ്ങള്‍ പണിയുമ്പോഴും വിമാനത്താവളങ്ങളും ഷോപ്പിംഗ് മാളുകളും തീര്‍ക്കുമ്പോഴും റോഡുകളും പാലങ്ങളും കെട്ടുമ്പോഴും ലഭിക്കുന്ന സാമ്പത്തികലാഭത്തെ നമുക്ക് രേഖപ്പെടുത്താനും കണക്കുകൂട്ടാനും പറ്റും. പക്ഷേ, തണ്ണീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും മാനവരാശിയെ നിലനിര്‍ത്തിയും പരിസ്ഥിതിയെ കാത്തുവച്ചും ഉണ്ടാക്കുന്ന ലാഭത്തെ കണക്കുകൂട്ടിയെടുക്കാന്‍ കഴിയില്ല. പുതിയ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന്് ഇത്തരമൊരു വീക്ഷണം ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുമ്പോള്‍ പിന്തുണച്ചില്ലെങ്കിലും എതിര്‍പക്ഷക്കാരാരും ഇത് തള്ളിക്കളയില്ലെന്ന് പ്രതീക്ഷിക്കാം.