കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Posted on: June 17, 2016 5:04 am | Last updated: June 17, 2016 at 12:05 am
SHARE

കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കല്‍പ്പറ്റ വാണിജ്യ നികുതി വിഭാഗം ഡെപ്യൂട്ടി മാനേജര്‍ പി പ്രതാപനാണ് 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. പരാതിക്കാരനായ അന്‍സാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്‍സാറിന്റെ ഉടമസ്ഥതയിലുള്ള എ എസ് ട്രേഡിംഗ് കമ്പനിയിലേക്ക് കര്‍ണാടകയില്‍ നിന്ന് പത്ത് ടണ്‍ കാപ്പിയും, കോഫി ക്യൂറിംഗ് മെഷീനും എത്തിക്കുന്നതിനുമായി 1,66,500 രൂപ അന്‍സാര്‍ വാണിജ്യ നികുതി വകുപ്പില്‍ കെട്ടിവെച്ചിരുന്നു. നിശ്ചിത അവധിക്ക് ശേഷം തുക തിരികെ ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചപ്പോഴായിരുന്നു പ്രതാപന്‍ 40,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിജിലന്‍സില്‍ പരാതി നല്‍കിയ അന്‍സാര്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ തുകയുമായി നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് കല്‍പ്പറ്റ ബസ്സ്റ്റാന്‍ഡില്‍ വെച്ച് തുക കൈമാറുമ്പോള്‍ രഹസ്യമായി പിന്തുടര്‍ന്ന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ വിഭാഗം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ കെ മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതാപനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ വിജിലന്‍സ് എന്‍ക്വയറി ആന്‍ഡ് വിജിലന്‍സ് സ്‌പെഷല്‍ കോര്‍ട്ട് ജഡ്ജി മുമ്പാകെ ഹാജരാക്കും. പാലക്കാട് സ്വദേശിയാണ് അറസ്റ്റിലായ പ്രതാപന്‍, വിജിലന്‍സ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഷാജി വര്‍ഗീസ്, ജസ്റ്റിന്‍ എബ്രാം, എസ് ഐമാരായ ഷാബു, റസാക്ക്, അശോകന്‍, എസ് ഇ പി ഒമാരായ എല്‍ദോ, ബൈജു, സൗജല്‍, ജോയ്‌സ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here