പൊതുമരാമത്ത് വിജിലന്‍സ് അന്വേഷണത്തില്‍ മന്ത്രിക്ക് അതൃപ്തി

Posted on: June 17, 2016 12:02 am | Last updated: June 17, 2016 at 12:02 am

തിരുവനന്തപുരം: ഹരിപ്പാട് മെഡിക്കല്‍ കോളജിന് വേണ്ടി കള്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ അതൃപ്തിയെന്ന് മന്ത്രി ജി സുധാകരന്‍. കരാര്‍ നല്‍കിയത് ചട്ടവിരുദ്ധമായിട്ടാണെന്നും ഹൈക്കോടതിയില്‍ നിലവിലുളള രണ്ട് കേസുകളുടെ വിധി വന്നശേഷം ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടെന്‍ഡര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്നും 4.16 കോടി രൂപ സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നും കാണിച്ച് കോട്ടയം കേന്ദ്രീകരിച്ചുളള ആന്‍സണ്‍സ് ഗ്രൂപ്പ് എന്ന കമ്പനി പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കുകയുണ്ടായി.
പ്രാഥമിക പരിശോധനയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കണ്ടതിനാല്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടില്‍ ചില പ്രധാനപ്പെട്ട വിഷയങ്ങള്‍ വ്യക്തമാകാതെ വന്നതിനാല്‍ അദ്ദേഹത്തെ വിളിച്ചു വരുത്തി സംശയ നിവാരണം വരുത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ കൂടുതലൊന്നും വ്യക്തമാക്കാന്‍ അദേദഹത്തിന് കഴിഞ്ഞില്ല. അന്നത്തെ സര്‍ക്കാരും കോളജ് സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്ത് നില്‍ക്കുന്ന അന്നത്തെ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും സ്വീകരിക്കുന്ന നിലപാടാണ് ഈ റിപ്പോര്‍ട്ടിലും കാണുന്നത്. ആന്‍സണ്‍സ് ഗ്രൂപ്പും എറണാകുളം കേന്ദ്രീകരിച്ചുളള ആര്‍ച്ചിമെട്രിക്‌സ് എന്ന സ്ഥാപനവുമാണ് ടെന്‍ഡര്‍ നല്‍കിയിരുന്നത്.
മുന്‍പരിചയമില്ലായെന്ന കാരണം പറഞ്ഞ് ആന്‍സണ്‍സ് ഗ്രൂപ്പിനെ ഒഴിവാക്കി. അപ്പോള്‍ ആര്‍ച്ചിമെട്രികസ് ഗ്രൂപ്പ് മാത്രമായി. അതിനാല്‍ ടെണ്ടര്‍ നിരസിക്കുകയും വീണ്ടും ടെന്‍ഡര്‍ വിളിക്കുകയും ചെയ്തു. രണ്ടാമത്തെ ടെന്‍ഡറില്‍ ആന്‍സണ്‍സ് ഗ്രൂപ്പാണ് ഏറ്റവും കുറവ് വന്നത്. ടെണ്ടറിനു ശേഷം ഉണ്ടാക്കാവുന്ന ഡിസൈന്‍ ഒരു ജൂറി മുമ്പാകെ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ജൂറി പരിശോധിച്ച് ആര്‍ച്ചിമെട്രിക്ക് ഗ്രൂപ്പിന് 82.73 മാര്‍ക്കും ആന്‍സണ്‍സ് ഗ്രൂപ്പിന് 58 മാര്‍ക്കും നല്‍കി. തുടര്‍ന്ന് 2.94 ശതമാനം റേറ്റില്‍ മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി ആര്‍ച്ചിമെട്രിക്ക്‌സ് ഗ്രൂപ്പുമായി കരാറില്‍ ഏര്‍പ്പെട്ടു. ആന്‍സണ്‍സ് ഗ്രൂപ്പ് നല്‍കിയ ഡിസൈനൊപ്പം പ്രിലിമിനറി കോസ്റ്റ് എസ്റ്റിമേറ്റ് നല്‍കാതിരുന്നതാണ് അവരെ ഒഴിവാക്കുന്നതിന് കാരണമായത്. ആര്‍ച്ചിമട്രിക്‌സ് ഗ്രൂപ്പ് ടെണ്ടര്‍ നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പ്രകാരം ആശുപത്രി കെട്ടിടത്തിന് ആന്‍സണ്‍സ് ഗ്രൂപ്പ് നല്‍കിയ ഏരിയ 56917 ചതുരശ്രമീറ്ററാണ്. ആര്‍ച്ചിമെട്രിക്‌സ് ഗ്രൂപ്പ് നല്‍കിയത് 39479 ചതുരശ്രമീറ്ററും. ആന്‍സണ്‍ ഗ്രൂപ്പിന്റെ റേറ്റ് 1.38 ശതമാനം റേറ്റിലും ആര്‍ച്ചിമെട്രിക്‌സ് 2.94 റേറ്റിലുമാണ് കണ്‍സള്‍ട്ടന്‍സി ചാര്‍ജ് ക്വാട്ട് ചെയ്തിരുന്നതെന്നും മന്ത്രി പറഞ്ഞു. ടെണ്ടര്‍ നല്‍കിയവരുടെ ന്യായീകരണമാണ് അന്വേഷണ ഉദ്യോഗസ്ഥനും പറയുന്നത്. ഇത് സര്‍ക്കാറിന് വലിയ സംസയം ഉണ്ടാക്കിയിരിക്കുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആശുപത്രിക്ക് വേണ്ടി 25 ഏക്കര്‍ സ്ഥലവും ഭൂമി മെച്ചപ്പെടുത്താന്‍ 41.96 കോടി രൂപയും മാറ്റിവക്കാമെന്ന് സുപ്രീം കോടതിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ 2014 നവംബര്‍ 24ന് ബോധിപ്പിച്ചിട്ടുളളതാണ്. വേണ്ടി വന്നാല്‍ 150 കോടി രൂപ മെഡിക്കല്‍ കോളജ് നിര്‍മ്മിക്കാന്‍ മുടക്കാമെന്നും അറിയിച്ചിരുന്നു. എന്‍ടിപിസിയുടെ ഭൂമി ഉപയോഗിച്ച് മെഡിക്കല്‍ കോളജ് സ്ഥാപിക്കാത്തത് എന്ത് എന്ന ചോദ്യത്തിനും ഇനിയും ഉത്തരം കിട്ടിയിട്ടില്ല.
നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ സംബന്ധിച്ചും അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.