ദുരിതം തീരാതെ കുടുംബശ്രീ

Posted on: June 17, 2016 5:57 am | Last updated: June 16, 2016 at 11:58 pm

കോഴിക്കോട്: സ്ത്രീ ശാക്തീകരണ രംഗത്തും സംസ്ഥാനത്തിന്റെ സാമൂഹിക വികസന രംഗത്തും വിപ്ലവകരമായ പങ്കുവഹിച്ച കുടുംബശ്രീയുടെ പ്രവര്‍ത്തനം അവതാളത്തിലായിട്ട് മാസങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ ആറ് മാസമായി കുടംബശ്രീയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും നിലച്ചിരിക്കുകയാണ്. പ്രവര്‍ത്തനത്തിന് വേണ്ട ഫണ്ട് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നല്‍കുന്നില്ല.
സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ ഒരു പദ്ധതി പോലും കുടുംബശ്രീ ഏറ്റെടുത്ത് നടപ്പാക്കുന്നില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്ത് കുടുംബശ്രീക്കായി ഫണ്ടുകള്‍ നീക്കിവെക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ് ഒരു മാസത്തോളമായിട്ടും കുടുംബശ്രീ പ്രതിസന്ധിയില്‍ ഇടപെടാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ അമര്‍ശം ശക്തമാകുകയാണ്.
ആറ് മാസം മുമ്പാണ് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി എ ഷാജഹാന്‍ ചമുതലയേറ്റെടുത്തത്. ഇതോടെ പ്രതിസന്ധി തുടങ്ങിയെന്നും ഫയലുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ അദ്ദേഹം കാലതാമസം വരുത്തുന്നതായും ജീവനക്കാര്‍ ആരോപിക്കുന്നു. സാമൂഹിക നീതി വകുപ്പിന്റെ ചുമതലകൂടി അദ്ദേഹത്തിനുള്ളതിനാലാണ് ഫയലുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ കാലതമാസം വരുന്നത്. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റെടുത്തതോടെ കുടുംബശ്രീ, സാമൂഹികനീതി എന്നിവക്ക് പുറമെ ന്യൂനപക്ഷം, വഖ്ഫ് എന്നിവയുടെ അധിക ചുമതലകൂടി അദ്ദേഹത്തിന് നല്‍കിയത് പ്രതിസന്ധി ഇരട്ടിച്ചതായും ജീവനക്കാര്‍ പറയുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍ 120 കോടിയോളം രൂപ കുടുംബശ്രീക്ക് നീക്കിവെച്ചിരുന്നു. എന്നാല്‍ ഇതിന്റെ പകുതി പോലും നല്‍കിയില്ല. ഫണ്ട് ലഭിക്കാത്തതിനാല്‍ ലക്ഷക്കണക്കിന് വരുന്ന കുടുംബശ്രീ വനിതികളുടെ മാച്ചിംഗ് ഗ്രാന്‍ഡ്, ഇന്ററസ്റ്റ് സബ്‌സിഡി എന്നിവ മുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ ഒരു ജില്ലയിലും ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫണ്ടുകള്‍ ലഭ്യമാല്ലാത്തതിനാല്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കേണ്ട ഫണ്ടുകള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും മറ്റും ഉപയോഗിക്കുകയാണ്. ജില്ലാ മിഷന്‍ ഓര്‍ഗനൈസ് ചെയ്യുന്ന പ്രോഗ്രാമുകളും ജില്ലാപഞ്ചായത്തുകളുമായി സഹകിരിച്ച് സാമ്പത്തിക ചെലവുകളില്ലാത്ത പ്രവര്‍ത്തനങ്ങളും മാത്രമാണ് കുടുംബശ്രീക്ക് കീഴില്‍ ഇപ്പോള്‍ നടക്കുന്നത്.
വി എസ് അച്ച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിരുന്നു. നിരവധി ശ്രദ്ധേയമായ പദ്ധതികള്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറും നടപ്പാക്കിയിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാറിന്റെ ഭാഗത്ത് അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്നാണ് ജീവനക്കാരും കുടുംബശ്രീ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കായ മഹിളകളും പ്രതീക്ഷിക്കുന്നത്.
കുടുംബശ്രീയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് പുതിയ സര്‍ക്കാറിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. പ്രകടപത്രികയില്‍ ഇക്കാര്യം വ്യക്തമാക്കിയതുമാണ്. കുടുംബശ്രീ പ്രവര്‍ത്തനം കാര്യക്ഷമാക്കേണ്ടതിന്റെ ആവശ്യകതയക്കുറിച്ച് ധനമന്ത്രി അടക്കമുള്ള ഇടത് നേതാക്കന്‍മാരും മന്ത്രിമാരും നിരന്തരം അഭിപ്രായം പറയുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള ശക്തമായ ഇടപെടല്‍ തന്നെയാണ് ജനം പ്രതീക്ഷിക്കുന്നത്.