Connect with us

International

സിറിയന്‍ പണ്ഡിതന്‍ ശൈഖ് റജബ് ദൈബ് അന്തരിച്ചു

Published

|

Last Updated

ദമസ്‌കസ്: ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് റജബ് ദൈബ് (85) അന്തരിച്ചു. സിറിയക്കാരനായ അദ്ദേഹം പ്രബോധകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശൈഖ് റജബ് 2011ലെ മര്‍കസ് സമ്മേളനത്തിലെ പ്രധാന അതിഥികളില്‍ ഒരാളായിരുന്നു.

സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ ജനനം. അവിടത്തെ പ്രധാന പണ്ഡിതന്മാരില്‍ നിന്ന് നാല് മദ്ഹബിലും അവഗാഹം നേടി. അമ്പതിലേറെ ഗുരുക്കന്മാരില്‍ നിന്ന് ഇസ്‌ലാമിക വിജ്ഞാനം അഭ്യസിച്ചു. സിറിയയിലെ മുന്‍ മുഫ്തിയായിരുന്ന ഡോ. ശൈഖ് അഹ്മദ് കഫ്താറൊയാണ് പ്രധാന ഗുരുവര്യന്‍. 2000ത്തില്‍ കറാച്ചിയിലെ ജാമിയ അദ്ദിറാസതില്‍ ഇസ്‌ലാമിയ്യയില്‍ നിന്ന് പി എച്ച് ഡി നേടി.

പാരമ്പര്യ ഇസ്‌ലാമിന്റെ സജീവ പ്രബോധകരായ ആഗോള സുന്നി പണ്ഡിതന്മാരില്‍ പ്രമുഖനായിരുന്നു ശൈഖ്. സൗമ്യമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ അറബ് ലോകത്തെ ആയിരങ്ങളെ ആകര്‍ഷിച്ചു. യൂറോപ്പിലും അമേരിക്കയിലുമെല്ലാം പലപ്പോഴും സഞ്ചരിച്ച് യുവാക്കള്‍ക്ക് ഇസ്‌ലാമിന്റെ ആര്‍ദ്രതയുടെയും സ്‌നേഹത്തിന്റെയും മുഖം പരിചയപ്പെടുത്തുന്നതില്‍ തത്പരനായിരുന്നു. എട്ട് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ശാദുലിയ്യ ത്വരീഖത്തുകാരനായിരുന്ന അദ്ദേഹം ആയിരങ്ങള്‍ക്ക് ആധ്യാത്മികതയുടെ വെളിച്ചം പകര്‍ന്നിട്ടുണ്ട്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ശൈഖും പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സൗഹൃദ ബന്ധമുണ്ട്. പല അന്തരാഷ്ട്ര സമ്മേളനങ്ങളിലും ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്. ഇസ്‌ലാമിക ലോകത്തെ വിജ്ഞാനം കൊണ്ടും വിനയം കൊണ്ടും വേറിട്ടുനിന്ന പണ്ഡിതനായിരുന്നു ശൈഖ് റജബ് ദൈബ് എന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരിച്ചു.

Latest