ഭക്ഷ്യസുരക്ഷക്ക് കാര്‍ഷിക നഗരം; പദ്ധതി വീണ്ടും സജീവമാകുന്നു

Posted on: June 16, 2016 7:16 pm | Last updated: June 16, 2016 at 8:19 pm
SHARE

ദോഹ: ഭക്ഷ്യസുരക്ഷക്ക് പുതിയ കാഴ്ചപ്പാടെന്ന നിലക്ക് ഖത്വറില്‍ കാര്‍ഷിക നഗരം സ്ഥാപിക്കുന്നതിന് സ്വകാര്യ മേഖലക്ക് താത്പര്യം. പദ്ധതി തുടങ്ങി പത്ത് വര്‍ഷത്തിനുള്ളില്‍ ഖത്വറിന്റെ ഭക്ഷ്യ ആവശ്യം പൂര്‍ണതോതില്‍ നിറവേറ്റാന്‍ സാധിക്കുന്ന സംരംഭത്തിന് അനുമതി നല്‍കണമെന്ന ഖത്വര്‍ സര്‍ക്കാറിനോട് ഖത്വര്‍ ചേംബര്‍ ബോര്‍ഡംഗം മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ഉബൈദലി ആവശ്യപ്പെട്ടു.
പദ്ധതിയുടെ സാധ്യതാ പഠനം അനുസരിച്ച് ആദ്യഘട്ടത്തില്‍ 35 ലക്ഷം പേരുടെ ഭക്ഷ്യ ആവശ്യം നിറവേറ്റാന്‍ സാധിക്കും. രണ്ടാം ഘട്ടത്തില്‍ ഭക്ഷ്യ സംസ്‌കരണത്തിലൂടെയും ടൂറിസത്തിലൂടെയുമുള്ള സാമ്പത്തിക നേട്ടങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുക. കോണ്‍ഫറന്‍സ് സെന്റര്‍, ചില്ലറ വിപണികള്‍, ഗവേഷണ കേന്ദ്രങ്ങള്‍, സ്‌പെഷ്യലൈസ്ഡ് യൂനിവേഴ്‌സിറ്റികള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും പുതിയ ഹമദ് തുറമുഖത്തിനും സമീപത്തായി ഫാം കോംപ്ലക്‌സിന് യോജിച്ച സ്ഥലമാണെന്നും അല്‍ ഉബൈദലി ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ ഉത്പാദനം, സംസ്‌കരണം, സംഭരണം എന്നീ യൂനിറ്റുകളോടെ സമഗ്ര സൗകര്യം കാര്‍ഷിക നഗരത്തില്‍ ഉണ്ടാകുമെന്ന് കാര്‍ഷിക, പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ അല്‍ ഉബൈദലി പറഞ്ഞതായി ഖത്വര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. പദ്ധതിക്ക് വേണ്ട ഭൂമിയും പശ്ചാത്തല സൗകര്യവും അനുവദിക്കാന്‍ അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഭക്ഷ്യോത്പാദനത്തിന് രാജ്യം നേരിടുന്ന നാല് പ്രധാന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാകും പദ്ധതി. വെള്ളം, അനുയോജ്യ കാലാവസ്ഥ, യോജിച്ച സ്ഥലം, കൃഷിക്ക് അനുയോജ്യമായ മണ്ണ് തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.
സ്വദേശി നിക്ഷേപകര്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുക. ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ്, പ്രമൊഷന്‍ എന്നിവയില്‍ വിദേശ കമ്പനികളെ പങ്കാളികളാക്കും. അധികൃതരില്‍ നിന്നുള്ള അനുമതി ലഭിച്ച ശേഷം പദ്ധതിയുടെ സാമ്പത്തിക സമാഹരണത്തില്‍ പങ്കാളികളാകാന്‍ ഖത്വര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. ഖത്വര്‍ ഡെവലപ്‌മെന്റ് ബേങ്ക് മുഖേന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാന്‍ അവസരമുണ്ടാകും. 2008ല്‍ ആരംഭിച്ച ഖത്വറിന്റെ ദേശീയ ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഈ ആശയം രുപപ്പെടുത്തിയത്.