Connect with us

Qatar

വെള്ളം, വൈദ്യുതി ഉപയോഗം കുറക്കാന്‍ പള്ളികളിലും മാളുകളിലും പ്രചാരണം

Published

|

Last Updated

ദോഹ: വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗ കുറക്കുന്നിതിനുള്ള കഹ്‌റമയുടെ ദേശീയ പ്രചാരണ പരാപാടിയായ തര്‍ശീദിന്റെ റമസാന്‍ കാമ്പയിന് തുടക്കമായി. മിതത്വം അനുഗ്രഹം എന്ന സന്ദേശത്തിലാണ് റമസാന്‍ പ്രചാരണം നടത്തുന്നത്. ആളോഹരി ഉപയോഗത്തിന്റെ തോതില്‍ കുറവു വരുത്തുക എന്ന ലക്ഷ്യവുമായി നടക്കുന്ന തുടര്‍ച്ചയായ പ്രചാരണത്തിന്റെ ഭാഗമായാണ് കാമ്പയിന്‍.
എല്ലാ വിഭാഗം ജനങ്ങളിലേക്കും സന്ദേശം എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ഉപയോഗം കുറക്കുന്നതിന്റെ പ്രാധാന്യം വിവരിക്കുന്ന ലഘുലേഖകള്‍ എല്ലാ ദിവസവും പള്ളികളിലും ഷോപിംഗ് മാളുകള്‍ ഉള്‍പ്പെടെ തിരക്കുള്ള സ്ഥലങ്ങളിലും വിതരണം ചെയ്യും. പള്ളികളിലും പാര്‍പ്പിട പ്രദേശങ്ങളിലും പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കും. വെള്ളത്തിന്റെ ഉപയോഗം ശരിയായി നിയന്ത്രിക്കുക, ഇഫ്താര്‍ സമയം, ടി വി കാണുക പോലുള്ള കുടുംബാംഗങ്ങള്‍ ഒന്നിച്ചിരിക്കുന്ന വേളകളില്‍ മുറികളിലും വീടിന്റെ മറ്റു ഭാഗങ്ങളിലും ലൈറ്റുകളും എ സികളും അനാവശ്യമായി പ്രവര്‍ത്തിക്കുന്നത് ഉപേക്ഷിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് പോസ്റ്ററിലും ലഘുലേഖയിലും ഉള്‍കൊള്ളിച്ചിരിക്കുന്നത്.
അറബി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉറുദു, ഫിലിപ്പിനോ, ബംഗാളി എന്നീ ഭാഷകളിലാണ് ലഘുലേഖകള്‍ തയാറാക്കിയിരിക്കുന്നതെന്ന് കഹ്‌റമ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് കൂടുതലുള്ള പ്രവാസി സമൂഹത്തിലേക്കു കൂടി എത്തിക്കുന്നതിനായാണ് വിവിധ ഭാഷകള്‍ ഉള്‍പ്പെടുത്തിയത്.
കുടുംബാംഗങ്ങളിലേക്ക് സന്ദേശമെത്തിക്കുന്നതിനായി ഷോപിംഗ് മാളുകള്‍ കേന്ദ്രീകരിക്കുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുമായി സഹകരിച്ച് ബോധവത്കരണ കിയോസ്‌കുകള്‍ ഡി റിംഗ് റോഡ് ലുലുമാള്‍, അല്‍ ഖോര്‍, ഗര്‍റാഫ എന്നീ ലുലുകളില്‍ പ്രവര്‍ത്തിക്കും. ലുലുവില്‍ വില്‍പ്പന നടത്തുന്ന സാധനങ്ങളുടെ ബാഗുകള്‍ക്കു മുകളില്‍ തര്‍ശീദ് സന്ദേശം പതിക്കും. ലുലു സെന്ററുകളില്‍ ഡിസ്‌പ്ലേ ബോര്‍ഡുകളും പ്രദര്‍ശിപ്പിക്കും.
റമസാനില്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചും പ്രചാരണം നടക്കും. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ദിവസത്തിലൊരിക്കില്‍ ഓരോ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ഉപയോക്താക്കളുമായി ആശയവിനിമയം നടത്തുന്നത്. ഉത്തരം നല്‍കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് സമ്മനം നല്‍കും.
ഏതാനും വര്‍ഷങ്ങളായി കഹ്‌റമ നടത്തി വരുന്ന പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തെ ആളോഹരി വൈദ്യുതി ഉപയോഗം 14 ശതമാനവും വെള്ളം ഉപയോഗം 17 ശതമാനവും കുറക്കാനായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വൈദ്യുതി ഉപയോഗം 20 ശതമാനവും വെള്ളം 35 ശതമാനവും കുറക്കുകയാണ് ലക്ഷ്യം.

Latest