ജിഷ വധം: കൊലപാതകത്തിന് പിന്നില്‍ മുന്‍ വൈരാഗ്യം

Posted on: June 16, 2016 5:47 pm | Last updated: June 17, 2016 at 9:21 am

JISHAകൊച്ചി: ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി സൂചന. പ്രതി അസം സ്വദേശിയായ അമിയൂര്‍ ഉല്‍ ഇസ്‌ലാമിനെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ ഒറ്റയ്ക്കാണ് ജിഷയെ കൊലപ്പെടുത്തിയത്. ഇയാളെ ഒരിക്കല്‍ ജിഷ കളിയാക്കിയതിന്റെ പകയാണ് കൊലപാതകത്തിനു കാരണം. മുന്‍പ് സ്ത്രീകളുടെ കുളിക്കടവില്‍ അമി കുളിക്കാനിറങ്ങിയപ്പോള്‍ അവിടെയുണ്ടായിരുന്ന സ്ത്രീകളുമായി വാക്കേറ്റമുണ്ടായി. വഴക്കിനിടെ ജിഷയ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ അമിയെ അടിച്ചു. ഇതുകണ്ട് ജിഷ ചിരിച്ചതാണ് പകയുടെ കാരണം.

സംഭവദിവസം രാവിലെ ജിഷയുടെ വീട്ടില്‍ അമിയൂര്‍ ചെന്നിരുന്നു. തുടര്‍ന്ന് ജിഷയുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നീട് അവിടെ നിന്ന് പോയ അമീന്‍ വൈകിട്ട് നാലു മണിയോടെ വീണ്ടും ജിഷയുടെ വീട്ടിലെത്തി. ജിഷയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അപ്പോള്‍ അമിയൂര്‍ മദ്യപിച്ചിരുന്നു. വഴക്കിനിടെ ജിഷയെ കടന്നുപിടിക്കാന്‍ അമിയൂര്‍ ശ്രമിച്ചു. അപ്പോള്‍ ജിഷ ചെരുപ്പ് ഊരി അമീനെ അടിച്ചു. ക്ഷുഭിതായ അമീന്‍ ജിഷയെ മര്‍ദ്ദിക്കുകയും കത്തി കൊണ്ട് ശരീരത്തില്‍ മുറിവുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ജിഷയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പീഡന ശ്രമത്തിനിടെ ജിഷ അമിയൂറിനെ കടിച്ചു. അമിയൂര്‍ തിരിച്ചും കടിച്ചു. അങ്ങനെയാണ് ജിഷയുടെ വസ്ത്രങ്ങളില്‍ അമിയൂറിന്റെ ഉമിനീര് കലര്‍ന്നത്. എന്നാല്‍, ജിഷ ചെറുത്തതോടെ മാനഭംഗശ്രമം ഉപേക്ഷിച്ചു.കൊലപാതകത്തിന് ശേഷം ജിഷയുടെ വീടിന് സമീപത്തെ കനാലില്‍ കൂടി നടന്നു പോയി. ഇതിനിടെ  കാല്‍ ചെളിയില്‍ കുടുങ്ങി. കാല്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ചെരുപ്പ് ചതുപ്പില്‍ പുതഞ്ഞു. ചെരുപ്പ് തിരിച്ചെടുക്കാന്‍ കഴിയാതെ വന്നതോടെ ഉപേക്ഷിക്കുകയായിരുന്നു. രാത്രി 8.30ന് ആലുവയില്‍ എത്തി. അവിടെ നിന്ന് തമിഴ്‌നാട്ടിലേക്കും പിന്നീട് ആസാമിലേക്കും കടക്കുകയായിരുന്നു.

കൃത്യത്തിനു ശേഷം അസമിലേക്ക് തിരിച്ചു പോയ പ്രതി തമിഴ്‌നാട്ടിലെ
കാഞ്ചിപുരത്ത് മടങ്ങിയെത്തി. അമിയൂര്‍ ഉല്‍ ഇസ്‌ലാമിനെ കാഞ്ചിപുരത്തെ ശിങ്കടിവാക്കത്തുനിന്നാണ് പൊലീസ് പിടികൂടിയത്. അവിടെ ഒരു കൊറിയന്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. കൊലപാതകത്തിന് ശേഷം അമീന്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. പൊലീസിന്റെ അന്വേഷണം തന്നിലേക്ക് എത്താതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍, പെരുന്പാവൂരുള്ള സുഹൃത്തുക്കളെ വിളിച്ച് അമീന്‍ കാര്യങ്ങള്‍ തിരക്കിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അമിയൂറിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.
ഇരിങ്ങോള്‍ കാവിലാണ് ആയുധം ഉപേക്ഷിച്ചതെന്ന് ആദ്യം പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. പിന്നീട് ജിഷയുടെ വീടിന് സമീപത്തെ കനാലിലാണ് എന്നും പ്രതി മൊഴി മാറ്റി.പ്രതിയും ജിഷയും നേരത്തെ പരിചയമുള്ളവരാണ്. ജിഷയുടെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് വന്നപ്പോഴാണ് പ്രതി ജിഷയുമായി പരിചയത്തിലായത്.