Connect with us

Gulf

എയര്‍ കേരളക്ക് ചിറകു പിടിപ്പിക്കുമ്പോള്‍ പ്രവാസികളില്‍ വീണ്ടും പ്രതീക്ഷ പൂക്കുന്നു

Published

|

Last Updated

മസ്‌കത്ത്:നാട്ടിലേക്കുള്ള വിമാന യാത്രാനിരക്ക് മാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ പ്രവാസികള്‍ക്കു പ്രതീക്ഷകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ദേശീയ വ്യോമയാന നയത്തിന് കേന്ദ്ര മന്ത്രി സഭ ഇന്നലെ അംഗീകാരം നല്‍കിയിരിക്കുകയാണ്. അന്താരാഷട്ര സര്‍വ്വീസ് ആരംഭിക്കുന്നതിന് അഞ്ച് വര്‍ഷത്തെ ആഭ്യന്തര പ്രവര്‍ത്തന പരിചയം വേണമെന്ന നിബന്ധന എടുത്ത് കളയുന്നതുള്‍പ്പെടേയുള്ള നിരവധി നിര്‍ദേശങ്ങള്‍ നയത്തിലുണ്ട്.
എയര്‍ കമ്പനികളുടെ എതിര്‍പ്പ് മൂലംപ്രഖ്യാപിക്കാനാകാതെ പോയ ് ദേശീയ വ്യോമയാന നയമാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. 2006 മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ളതായിരുന്നു ഈ നയം. കഴിഞ്ഞ ഓക്ടോബറിലാണ് പുതുക്കിയ നയത്തിന്റെ കരട് രേഖ കേന്ദ്രം പുറത്തിറക്കുന്നത്.
അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കാന്‍ എയര്‍ കമ്പനികള്‍ക്ക് അഞ്ച് വര്‍ഷത്തെ ആഭ്യന്തര സര്‍വ്വീസ് പരിചയം വേണമെന്ന നിബന്ധന പുതിയനയത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അതേസമയം, എയര്‍ കമ്പനിക്ക് സ്വന്തമായി 20 വിമാനങ്ങള്‍ വേണമെന്ന നിബന്ധന നിലനിര്‍ത്തിയിട്ടുണ്ട്. 30 മിനുട്ട് ദൈര്‍ഘ്യമുള്ള യാത്രക്ക് വിമാനക്കൂലി 1200 രൂപയായും, ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രക്ക് 2500 രൂപയായും നിജപ്പെടുത്തിയതായി നയത്തില്‍ പറയുന്നുണ്ട്. പുതിയ നയം സംബന്ധമായി വ്യോമയാന കമ്പനികളുമായ ചര്‍ച്ചകളും പൂര്‍ത്തിയാക്കി.
യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളത്തിന്റെ സ്വന്തം എയര്‍ലൈന്‍ എന്ന ആശയം ഇതോടെ വീണ്ടും ചര്‍ച്ചയാവുകയാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനം സ്വന്തായി വിമാന കമ്പനി തുടങ്ങുന്നു എന്ന വിശേഷണത്തോടെയായിരുന്നു അന്നത്തെ തുടക്കം. എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയും രജിസ്റ്റര്‍ ചെയ്തിരുന്നു. നടപടിക്രമങ്ങള്‍ ഏറെ മുന്നോട്ടു പോയെങ്കിലും രാജ്യത്തെ സിവില്‍ വ്യോമയാന നിയമങ്ങളും സാങ്കേതിക പ്രശ്‌നങ്ങളും മൂലം വൈകുകയായിരുന്നു. രാജ്യാന്തര സര്‍വീസുകള്‍ നടത്താന്‍ അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയിരിക്കണമെന്ന നിയമമാണ് പ്രധാനമായും കേരളത്തിന്റെ വ്യോമയാന സ്വപ്‌നങ്ങളുടെ ചിറകരിഞ്ഞത്. സര്‍ക്കാര്‍ സംരംഭം എന്ന നിലയില്‍ നിയമത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
കേരള സര്‍ക്കാര്‍ പദ്ധതിക്കു വേണ്ടി പല തവണ ശ്രമങ്ങള്‍ നടത്തിയെങ്കിലും മുന്‍ യു പി എ സര്‍ക്കാറില്‍നിന്നും അനുമതി ലഭിച്ചിരുന്നില്ല. 2007 മാര്‍ച്ചില്‍ കേരളത്തിന്റെ അഭ്യര്‍ഥന എം പിമാര്‍ രാജ്യസഭയില്‍ ഉന്നയിച്ചപ്പോള്‍ വിദേശത്തേക്കു പറക്കാന്‍ അനുമതി നല്‍കാനാകില്ലെന്ന് അന്നത്തെ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചിരുന്നു. സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (പ്രത്യക ആവശ്യത്തിനുള്ള വാഹനം) എന്ന രീതിയിലാണ് കേരള സര്‍ക്കാര്‍ വിമാന കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും കേന്ദ്രം പരിഗണിച്ചില്ല.
അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയിരിക്കണമെന്നതിനു പുറമേ 20 വിമാനങ്ങളുണ്ടായിരിക്കണമെന്നതും വിമാനങ്ങളുടെ വലിപ്പം സംബന്ധിച്ചുള്ള നിബന്ധനകളും കേരളത്തിനു തിരിച്ചടിയായി. നിലവില്‍ രാജ്യത്തുനിന്നുള്ള വിദേശ സര്‍വീസുകള്‍ എയര്‍ ഇന്ത്യക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വേണ്ടി റിസര്‍വ് ചെയ്തിരിക്കുകയാണ്. എന്നാല്‍, വിമാന യാത്രാ നിരക്കുകള്‍ക്ക് റിക്കാര്‍ഡ് ഉയരത്തിലെത്തിയ സാഹചര്യത്തില്‍ പുതിയ വ്യോമയാന നയം പ്രവാസികള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. കഴുത്തറുക്കുന്ന നിരക്കു വര്‍ധനവിലൂടെ പ്രവാസികളെ പിഴിയുന്ന വിമാന കമ്പനികള്‍ക്ക് കടിഞ്ഞാണിടുംവിധം പദ്ധതികള്‍ പ്രാവര്‍ത്തികമാകുമോ എന്നാണ് പ്രവാസികള്‍ കാത്തിരിക്കുന്നത്.

---- facebook comment plugin here -----

Latest