നിയന്ത്രണം വിട്ട പാര്‍സല്‍ ലോറിയിടിച്ച് ഹോട്ടലും വൈദ്യുതി പോസ്റ്റും തകര്‍ന്നു

Posted on: June 16, 2016 10:12 am | Last updated: June 16, 2016 at 10:12 am
SHARE

കോഴിക്കോട്: സ്വകാര്യബസിടിച്ച് നിയന്ത്രണം വിട്ട പാര്‍സല്‍ ലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി ഹോട്ടലിന്റെ മുന്‍വശവും സമീപത്തെ വൈദ്യുതി പോസ്റ്റും തകര്‍ത്തു.
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീക്ക് പരുക്കേറ്റിട്ടുണ്ട്. പന്നിയങ്കര സ്വദേശിനി പുഷ്പ (50)ക്കാണ് പരുക്കേറ്റത്.
ലോറിക്കും കടക്കുമിടയിലൂടെ നടന്നുനീങ്ങുകയായിരുന്ന പുഷ്പ തെറിച്ചുവീണതിനാല്‍ രക്ഷപ്പെടുകയായിരുന്നു. വീണ് പരുക്കേറ്റ ഇവരെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും അപകടത്തില്‍ ഭാഗികമായി തകര്‍ന്നു.
ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന നാല് പേര്‍ നിയന്ത്രണം വിട്ട് ലോറി വരുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ ഒരാളുടെ കാലിന് ചില്ല്‌കൊണ്ട് നിസാര പരുക്കേറ്റിട്ടുണ്ട്. അപകട സമയത്ത് ഹോട്ടലില്‍ കാര്യമായ തിരക്കില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
എരഞ്ഞിപ്പാലം ജംഗ്ഷനില്‍ ഇന്നലെ ഉച്ചക്ക് ഒന്നിനാണ് അപകടം. സിവില്‍സ്‌റ്റേഷന്‍ സ്വദേശിനി കെ രത്‌നാവതിയുടെ ഉടമസ്ഥതയിലുള്ള വി വി ഹോട്ടലാണ് തകര്‍ന്നത്. മിനി ബൈപാസില്‍ നിന്നും ഇടതുതിരിഞ്ഞ് ടൗണ്‍ ഭാഗത്തേക്ക് പ്രവേശിക്കുകയായിരുന്ന ലോറിയില്‍, കാരപറമ്പ് റോഡില്‍ നിന്നു ഇതേ റോഡിലേക്ക് കയറിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
െ്രെഡവര്‍ വെട്ടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ലോറി വൈദ്യുതി പോസ്റ്റ് തകര്‍ത്തശേഷം ഹോട്ടല്‍ കെട്ടിടത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ 15 മിനുട്ട് ഗതാഗതം തടസപ്പെട്ടു.
ട്രാഫിക് പോലീസെത്തി ഇടിച്ച വാഹനങ്ങളും തകര്‍ന്ന പോസ്റ്റും നീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തതായി ട്രാഫിക് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here