Connect with us

Kozhikode

വി പി സത്യന്റെ ജീവചരിത്രം പുസ്തകമാകുന്നു

Published

|

Last Updated

കോഴിക്കോട്: കാല്‍പന്തുകളിയുടെ അംബാസിഡറായ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ വി പി സത്യന്റെ ജീവചരിത്രം പുസ്തകമാകുന്നു. കളിക്കളത്തില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച് അകാലത്തില്‍ ജീവിതത്തിന്റെ കളിക്കളം വിട്ട സത്യന്റെ ജീവിതമാണ് ഇനി പുസ്തക രൂപത്തില്‍ കളിപ്രേമികള്‍ക്കിടയില്‍ എത്തുക.
സത്യന്റെ ജീവിതത്തിലെ വ്യത്യസ്തങ്ങളായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ പുസ്തകം ഈ മാസം 19ന് വൈകിട്ട് 3.30ന് എ പ്രദീപ്കുമാര്‍ എം എല്‍ എ പ്രകാശനം ചെയ്യും.
കോഴിക്കോട് വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ വി ആര്‍ സുധീഷ് മുഖ്യാഥിതിയാവും.
ദേശാഭിമാനി കോഴിക്കോട് യൂനിറ്റിലെ റിപ്പോര്‍ട്ടര്‍ ജിജോ ജോര്‍ജ് രചിച്ച പുസ്തകം കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ടാണ് പുറത്തിറക്കിയത്.
സത്യന്റെ ജനനം മുതല്‍ മരണം വരെയുള്ള കാലഘട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് പുസ്തകം. സത്യന്റെ കളി മിടുക്കിനെക്കുറിച്ച് വിവരിക്കുന്നതിനൊപ്പം സ്വകാര്യജീവിതത്തിലൂടെയും കടന്നുപോകുന്നുണ്ട്.
ഫുട്‌ബോളിനായി ജീവിച്ച ഒരാള്‍ക്ക് അവസാന കാലത്ത് അനുഭവിക്കേണ്ടി വന്ന മാനസിക പിരിമുറുക്കങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്.
ഭാര്യ അനിത സത്യന്റെ ഓര്‍മകള്‍ ദീര്‍ഘമായി തന്നെ പങ്കുവെക്കുന്ന പുസ്തകത്തില്‍ കളിക്കളത്തിലും അതിന് ശേഷവും താരങ്ങള്‍ നേരിടേണ്ടി വരുന്ന അവഗണനയെക്കുറിച്ചുള്ള ആശങ്കകളും സത്യന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.
സത്യന്‍ മരിച്ചിട്ട് 2016 ജൂലൈ 18ന് പത്ത് വര്‍ഷം തികയാന്‍ പോകുന്ന സമയത്താണ് അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങുന്നത്.

Latest