ഒന്നില്‍ നിന്ന് തുടങ്ങണം തിരൂരങ്ങാടിയുടെ വികസനത്തിന്

Posted on: June 16, 2016 9:29 am | Last updated: June 16, 2016 at 9:29 am

#ഹമിദ് തിരൂരങ്ങാടി
തിരൂരങ്ങാടി: മണ്ഡലത്തിന് എന്ത് വേണമെന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാം ആവശ്യമുള്ള കാര്യങ്ങളാണെന്നാണ് മണ്ഡലത്തിലെ ജനങ്ങളോട് ചോദിച്ചാല്‍ പറയുക. കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, ഗതാഗതം, മാലിന്യ സംസ്‌കരണം, കൃഷി, പൊതുശ്മശാനം തുടങ്ങിയ സര്‍വ മേഖലകളിലും വികസനം വേണം. തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളും തെന്നല, നന്നമ്പ്ര, പെരുമണ്ണ ക്ലാരി, എടരിക്കോട് പഞ്ചായത്തുകളും ഉള്‍കൊള്ളുന്നതാണ് തിരൂരങ്ങാടി മണ്ഡലം. തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ പലപ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഉണ്ടാകാറുണ്ടെങ്കിലും വികസനം ഇനിയും അന്യമാണ് തിരൂരങ്ങാടിക്ക്. കഴിഞ്ഞ തവണ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി കെ അബ്ദുര്‍റബ്ബ് തന്നെയാണ് ഇത്തവണയും മണ്ഡലത്തിന്റെ ജനപ്രതിനിധി. അദ്ദേഹത്തില്‍ നിന്ന് അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് ജനങ്ങള്‍.

യാഥാര്‍ഥ്യമാകാതെ കുടിവെള്ള പദ്ധതികള്‍
വേനലെത്തിയാല്‍ മണ്ഡലത്തിന്റെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. പല പദ്ധതികളും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ് പതിവ്. ചില സന്നദ്ധ സംഘടനകളും വ്യക്തികളും വിതരണം ചെയ്യുന്ന കുടിവെള്ളമാണ് പലപ്പോഴും ആശ്വാസമാകാറുള്ളത്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സമഗ്രമായ കുടിവെള്ള പദ്ധതി ഇതുവരെയും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ പ്രദേശത്തിന് അനുയോജ്യവും ഫലപ്രദവുമായ പദ്ധതികളാണ് കൊണ്ടു വരേണ്ടത്. കടലുണ്ടി പുഴയെ ആശ്രയിച്ചാണ് പല പദ്ധതികളും വരാറുള്ളത്. എന്നാല്‍ വേനല്‍കാലത്ത് കടലുണ്ടിപുഴ വറ്റി വരളുമ്പോള്‍ ഇത്‌കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കാതെ വരുന്നു. തെന്നല, പെരുമണ്ണ-ക്ലാരി പഞ്ചായത്തുകളില്‍ 60കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന മള്‍ട്ടി ജി പി കുടിവെള്ള പദ്ധതിക്കും ആശ്രയിക്കുന്നത് കടലുണ്ടിപുഴയെ തന്നെയാണ്. എന്നാല്‍ ഈ പ്രവൃത്തിയും മന്ദഗതിയിലാണ്. തിരൂരങ്ങാടി നഗരസഭയില്‍ ‘പുര’ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പദ്ധതി വിഭാവനം ചെയ്യുന്നുണ്ടെങ്കിലും അധികൃതരുടെ അലംഭാവം കാരണം പദ്ധതി തന്നെ മുടങ്ങിയിരിക്കുകയാണ്. പരപ്പനങ്ങാടി നഗരസഭയിലെ കടലോര മേഖലകളിലും ഉള്ളണം ഭാഗത്തും തിരൂരങ്ങാടി, സി കെ നഗര്‍, ചെമ്മാട് ടൗണ്‍, കരുമ്പില്‍, നന്നമ്പ്ര പഞ്ചായത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും തെന്നലയിലെ പെരുമ്പുഴ, വാളക്കുളം, തെന്നല ഭാഗങ്ങളിലും എടരിക്കോട് പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കടലുണ്ടി പുഴയില്‍ പല ഭാഗങ്ങളിലായി തടയണ നിര്‍മിച്ച് വെള്ളം കെട്ടിനിര്‍ത്തി ഫലപ്രദമായ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കണം. മണ്ഡലത്തിലെ മറ്റ് ജല സ്രോതസുകളും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം നിരവധി മന്ത്രിമാരും കഴിഞ്ഞ അഞ്ച് വര്‍ഷം വിദ്യാഭ്യാസ മന്ത്രിയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും വിദ്യാഭ്യാസ രംഗത്ത് മണ്ഡലം വളരെ പിന്നിലാണ്. ഒരു ഗവ. കോളജ് പോലും ഇവിടെ ഇല്ല. നന്നമ്പ്ര, തെന്നല, എടരിക്കോട് എന്നീ പഞ്ചായത്തുകളില്‍ ഗവ. ഹൈസ്‌കൂള്‍ ഇതുവരെയും അനുവദിച്ചിട്ടില്ല. ഹൈസ്‌കൂളാക്കി ഉയര്‍ത്തിയ തിരൂരങ്ങാടിയിലെ തൃക്കുളം ഗവ. ഹൈസ്‌കൂളിലും പരപ്പനങ്ങാടിയിലെ നെടുവ ഹൈസ്‌കൂളിലും ആവശ്യത്തിന് അധ്യാപകരോ കെട്ടിട സൗകര്യമോ ഇല്ല. നന്നമ്പ്ര കാളംതിരുത്തിയിലെ ബദല്‍ വിദ്യാലയം ഏറെകാലമായി ഓല ഷെഡിലാണ് പ്രവര്‍ത്തിക്കുന്നത്. പരപ്പനങ്ങാടിയിലെ എല്‍ ബി എസ് ഗേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ടെക്‌നോളജി ചീര്‍പ്പിങ്ങലിലെ സയന്‍സ് പാര്‍ക്ക് വെന്നിയൂരിലെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അസാപ് പദ്ധതി എന്നിവ ഉടന്‍ യാഥാര്‍ഥ്യമാക്കണം.

ഗതാഗതക്കുരുക്ക് അഴിക്കണം
പ്രധാന ടൗണുകളിലെ ഗതാഗത പ്രശ്‌നത്തിനും ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരം വേണം. കോഴിക്കോട് റൂട്ടില്‍ പരപ്പനങ്ങാടി റോഡിലേക്ക് മാനിപാടം വഴിയുള്ള മിനി റോഡും കക്കാട് റോഡില്‍നിന്ന് കൊടിഞ്ഞി റോഡ് വഴി പരപ്പനങ്ങാടിയിലേക്കുള്ള റോഡും നവീകരിച്ച് ബൈപ്പാസ് റോഡാക്കി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം. ദേശീയ പാതയിലെ തീരാ ശാപമായ വെന്നിയൂരിലെ ഗതാഗതക്കുരുക്ക് അഴിച്ച് യാത്ര സുഖകരമാക്കണം. വെന്നിയൂര്‍- തെയ്യാല റോഡ് ജംഗ്ഷന്‍ നവീകരണത്തിന് ഏഴ് കോടി രൂപ വകയിരുത്തിയെങ്കിലും ഒന്നുമാവാതെ കിടക്കുകയാണ്. ഇതിന് ഉടന്‍ പരിഹാരം കാണണം. പരപ്പനങ്ങാടി- ചെട്ടിപ്പടി റോഡിലെ പതിവായ ഗതാഗതക്കുരുക്കിനും പരിഹാരം വേണം.

ആരോഗ്യമില്ലാത്ത ആതുരാലയങ്ങള്‍
ചെമ്മാടെ ഗവ. താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് ഏറെകാലമായി ജനങ്ങള്‍ ആവശ്യപ്പെടുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇവിടെയില്ല. ചെറിയ ഒരു അപകടം സംഭവിച്ച് വരുന്നവരെ പോലും മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോഴുമുള്ളത്. ഇവിടത്തെ ഓപ്പറേഷന്‍ തിയേറ്റര്‍, ലാബ് തുടങ്ങിയവ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. മോര്‍ച്ചറിയില്‍ ഫ്രീസര്‍ സൗകര്യം ഇല്ലാത്തതിനാല്‍ പരുക്കേറ്റ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പഞ്ചായത്തിലെ മറ്റു ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആയുര്‍വേദ ഹോമിയോ ആശുപത്രികളും സാധാരണക്കാര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കണം.

സ്പിന്നിംഗ്മില്‍ സംരക്ഷിക്കണം
മണ്ഡലത്തിലെ യുവാക്കള്‍ക്കായി ഇതുവരേയും ഒരു തൊഴില്‍ സംരംഭവും ഇല്ല. എടരിക്കോട് നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പിന്നിംഗ് മില്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. 32 കോടി രൂപയോളം നഷ്ടത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയാണുള്ളത്. ഈ സ്ഥാപനത്തെ സംരക്ഷിക്കാന്‍ സത്വര നടപടി ആവശ്യമാണ്. വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി യുവാക്കള്‍ക്ക് തൊഴില്‍അവസരങ്ങള്‍ നല്‍കണം.

ഫിഷിംഗ് ഹാര്‍ബര്‍
പരപ്പനങ്ങാടി തീരദേശ വാസികളുടെ ചിരകാല അഭിലാഷമായ ഫിഷിംഗ് ഹാര്‍ബറിന് ഏറെകാലത്തെ മുറവിളിക്ക് ശേഷം ഫണ്ട് വകയിരുത്തുകയും തറക്കല്ലിടല്‍ നടത്തുകയും ചെയ്തുവെങ്കിലും നിര്‍മാണം ഇനിയും ആരംഭിച്ചിട്ടില്ല. സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. സൗഹാര്‍ദ ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിച്ച് പദ്ധതി ഉടന്‍ ആരംഭിക്കണം.

മാലിന്യം മുതല്‍ പൊതുശ്മശാനം വരെ
മാലിന്യ പ്രശ്‌നം മണ്ഡലത്തിലെ എല്ലാ പ്രദേശത്തും നിലനില്‍ക്കുന്നു. ടൗണുകളിലും പ്രധാന കവലകളിലും മാലിന്യ കുമിഞ്ഞു കൂടി നില്‍ക്കുകയാണ്. മാലിന്യ സംസ്‌കരണത്തിന് ആധുനിക സംവിധാനം ആവശ്യമാണ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുകയും അതിനായി നിര്‍ദേശം നല്‍കുകയും വേണം. ന്യൂകട്ട് ടൂറിസം പദ്ധതി, നന്നമ്പ്ര മോര്യാകാപ്പ് സംരക്ഷണം, കൂണ്ടൂര്‍തോട് നവീകരണം, വാക്കിക്കയം തടയണ നിര്‍മാണം തെന്നല, പെരുമണ്ണ-ക്ലാരി മള്‍ട്ടി ജിപി ജലപദ്ധതി, പാലങ്ങളുടെ പൂര്‍ത്തീകണം തുടങ്ങിയവ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടതുണ്ട്. ജില്ലയിലെ പ്രധാന റെയിന്‍വേ സ്റ്റേഷനായ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഫുട്ഓവര്‍ ബ്രിഡ്ജടക്കം കലാനുസൃതമായി നവീകരിക്കുകയും പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുകയും വേണം. എടരിക്കോട് യു പി സ്‌കൂള്‍, നന്നമ്പ്ര ജി എം യു പി സ്‌കൂള്‍ എന്നിവ ഹൈസ്‌കൂളാക്കി ഉയര്‍ത്തുകയും അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളില്‍ ആവശ്യത്തിന് അധ്യാപക നിയമനം നടത്തുകയും വേണം. കൃഷിയെ സംരക്ഷിക്കാന്‍ കനാലുകള്‍ നവീകരിക്കുകയും പമ്പ് ഹൗസുകള്‍ വിപുലീകരിക്കുകയും വേണം. വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണുകയും പരപ്പനങ്ങാടിയിലെ നിര്‍ധിഷ്ട സബ്‌സ്റ്റേഷന്‍ ഉടന്‍ കമ്മീഷന്‍ ചെയ്യുകയും വേണം. പ്രധാന റോഡുകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണം.
തിരൂരങ്ങാടിയില്‍ നഷ്ടപ്പെട്ടുപോയ പുര പദ്ധതിയിലെ പ്രധാന പ്രവൃത്തികളെങ്കിലും കൊണ്ട് വന്ന് തിരൂരങ്ങാടി നഗരസഭയുടേയും മണ്ഡലം ആസ്ഥാനമായ ചെമ്മാട് ടൗണിന്റേയും മുഖഛായ മാറ്റാന്‍ മുന്‍കൈ എടുക്കണം. ദേശീയപാതയില്‍ വാഹനാപകടം നിത്യസംഭവമായതിനാല്‍ ഫയര്‍‌സ്റ്റേഷന്‍ വേണമെന്ന ആവശ്യം ഇതുവരേയും യാഥാര്‍ഥ്യമായിട്ടില്ല. 2011ല്‍ സര്‍ക്കാര്‍ ബജറ്റില്‍ ഇതിന്നായി തുക വകയിരുത്തുകയും ഉടന്‍ ആരംഭിക്കുമെന്ന് എം എല്‍ എ അടക്കമുള്ളവര്‍ പറയുകും ചെയ്തിരുന്നു. പക്ഷെ ഫയര്‍‌സ്റ്റേഷന്‍ ഇപ്പോഴും കടലാസില്‍ തന്നെയാണ്. മണ്ഡലത്തിലെ മിക്ക സ്ഥലങ്ങളിലും പൊതുശ്മശാനമില്ല. ഇതിനുള്ള ഒരു നടപടിയും കൈകൊണ്ടിട്ടുമില്ല. മാത്രവുമല്ല പെരുമണ്ണ ക്ലാരിയില്‍ പൊതു ശ്മശാനത്തിനുള്ള സ്ഥലത്താണ് ഇപ്പോള്‍ ജലനിധിക്കുള്ള പ്രവൃത്തി നടക്കുന്നത്. ഇതോടെ ഈ പഞ്ചായത്തിലും പൊതു ശ്മശാനം ഇല്ലാതായിരിക്കുകയാണ്.