ഉമൈബ വധക്കേസ്: പ്രതി സിറാജുദ്ദീന് ജീവപര്യന്തം തടവും 1.1 ലക്ഷം രൂപ പിഴയും

Posted on: June 16, 2016 9:26 am | Last updated: June 16, 2016 at 9:26 am
SHARE

മഞ്ചേരി: മൂര്‍ക്കനാട് വെള്ളാട്ടുപറമ്പ് വടക്കുംപുറം പൊന്നെച്ചെത്തിയില്‍ പോക്കരുടെ മകള്‍ ഉമൈബ(22)യെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ പ്രതി ക്ക് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(മൂന്ന്)ജഡ്ജി കെ എന്‍ സുജിത് ജീവപര്യന്തം തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
വളാഞ്ചേരി എടയൂര്‍ മണ്ണത്തുപറമ്പ് പുന്നക്കാപ്പറമ്പില്‍ സിറാജുദ്ദീന്‍ എന്ന കുഞ്ഞുമോന്‍ (28)യെയാണ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധിക തടവ്, 392 വകുപ്പ് പ്രകാരം കവര്‍ച്ച നടത്തിയതിന് 10 വര്‍ഷം കഠിന തടവും 10000 രൂപ പിഴയും പിഴയടക്കാത്ത പക്ഷം ഒരു മാസം തടവ് എന്നിങ്ങനെയാണ് ശിക്ഷ. പിഴയടക്കുന്ന പക്ഷം സംഖ്യ ഉമൈബയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. 2009 മെയ് 16ന് മൂര്‍ക്കനാട് കൊട്ടച്ചോല അംഗനവാടിക്കു സമീപം ഒഴിഞ്ഞ പറമ്പിലാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി വിളിച്ചു വരുത്തി ഉമൈബയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം കൈവശമുണ്ടായിരുന്ന 126 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്. ചെങ്കല്‍ ക്വാറി ജീവനക്കാരനായ പ്രതിയുടെ വീട്ടില്‍ നിന്നും ഉമൈബയുടെ വസ്ത്രവും ആഭരണങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. ആഭരണങ്ങള്‍ കൊല്ലപ്പെട്ട ഉമൈബയുടെ മാതാപിതാക്കള്‍ക്ക് തിരിച്ചു നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പൊന്നച്ചെത്തിയില്‍ പോക്കര്‍-സുബൈദ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമത്തെ കുട്ടിയാണ് ഉമൈബ. ചെങ്കല്‍ ക്വാറിയില്‍ ജോലിക്കെത്തിയ സിറാജുദ്ദീന്‍ വിവാഹ മോചിതയായ ഉമൈബയോട് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. ജംശീര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി തനിക്ക് ഭാര്യയും മക്കളുമുണ്ടെന്ന വിവരം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നല്‍കി വിളിച്ചു വരുത്തിയാണ് കൊലപാതകവും മോഷണവും നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐ കെ യൂനുസ് സലീം ഹാജരായി. 51 സാക്ഷികളില്‍ 36 പേരെ വിസ്തരിച്ചു. 30 തൊണ്ടി മുതലുകള്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here