Connect with us

Malappuram

അറിവ് പകരുന്നവര്‍ക്ക് സാന്ത്വനമായി എസ് വൈ എസ്

Published

|

Last Updated

മലപ്പുറം: അറിവ് പകരുന്ന മദ്രസ മുഅല്ലിമീങ്ങള്‍ക്ക് ആശ്വാസമായി പതിവു തെറ്റാതെ ഈ വര്‍ഷം റമസാനിലും എസ് വൈ എസ് കൈനീട്ടം. “വിശ്വാസികളുടെ വിളവെടുപ്പ് കാലം” എന്ന ശീര്‍ഷകത്തില്‍ സുന്നി സംഘ കുടുംബം നടത്തുന്ന റമസാന്‍ ക്യാമ്പയിന്റെ “ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ എണ്ണൂറ് മുഅല്ലിം കുടുംബങ്ങള്‍ക്ക് സാന്ത്വനം റമസാന്‍ കിറ്റ് വിതരണം ചെയ്യും.
ഐ സി എഫ് ഖത്തര്‍ മലപ്പുറം ചാപ്റ്ററിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് അവശ്യ സാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നത്. നാട്ടിലെ ധാര്‍മികാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്ന മദ്രസാ മുഅല്ലിംകളെ കഴിഞ്ഞ ആറു വര്‍ഷമായി സ്ഥിരമായി സഹായിക്കുന്ന ഖത്തര്‍ ഐ സി എഫ്. പ്രവര്‍ത്തകരുടെ സേവനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
ഈ മാസം 19 ന് ജില്ലയിലെ സോണ്‍ ആസ്ഥാനങ്ങളില്‍ നടക്കുന്ന വിപുലമായ പ്രാര്‍ഥനാ മജ്‌ലിസില്‍ വെച്ചാണ് കിറ്റുകള്‍ വിതരണം ചെയ്യുക. ഇതു സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വാദീസലാമില്‍ ചേര്‍ന്ന എസ് വൈ എസ്. ക്യാബിനറ്റ് അന്തിമ രൂപം നല്‍കി. പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അലവി പുതുപ്പറമ്പ്, സയ്യിദ് സീതിക്കോയ തങ്ങള്‍, ജമാല്‍ കരുളായി, വി പി എം ബശീര്‍ പറവന്നൂര്‍, കരുവള്ളി അബ്ദുര്‍റഹീം, എ പി ബശീര്‍ ചെല്ലക്കൊടി സംബന്ധിച്ചു.

Latest