സ്‌കൂള്‍ പ്രവേശനത്തിന് രോഗ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കും

Posted on: June 16, 2016 5:57 am | Last updated: June 16, 2016 at 12:58 am

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനത്തിന് രോഗപ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുവരെ പ്രതിരോധ കുത്തിവയ്‌പെടുക്കാത്ത കുട്ടികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് കാണിച്ച് വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കി. പ്രതിരോധ കുത്തിവെപുകള്‍ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. ഇതിന്റെ ആദ്യപടിയായി സ്‌കൂളുകളിലെ കുട്ടികളുടെ രോഗപ്രതിരോധ ശേഷിയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കും. വാക്‌സിനേഷന്‍ എടുത്തവര്‍, എടുക്കാത്തവര്‍, പൂര്‍ത്തിയാക്കാത്തവര്‍, വാക്‌സിനേഷനെക്കുറിച്ച് അറിവില്ലാത്തവര്‍ എന്നിങ്ങനെ തരംതിരിച്ച് കണക്കെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കണക്കെടുപ്പിന്റെ ചുമതല പ്രധാനാധ്യാപകര്‍ക്കായിരിക്കും. ഒരുമാസത്തിനകം കണക്കെടുപ്പ് പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെയുളള വ്യാപക പ്രചാരണം സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നടക്കുന്നുണ്ട്. ഇതുമൂലം പലരും കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുക്കുന്നില്ലെന്നും ഇത് തുടച്ചുനീക്കിയ പല രോഗങ്ങളുടെയും തിരിച്ചുവരവിനു കാരണമായതായും കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ പ്രതിരോധകുത്തിവെപ്പനോട് വിമുഖത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍.