പത്ത് വര്‍ഷത്തിന് ശേഷം കുപ്രസിദ്ധ കുറ്റവാളി പിടിയില്‍

Posted on: June 16, 2016 5:49 am | Last updated: June 16, 2016 at 12:57 am
SHARE

TSY Kavarcha arrest rajeevതാമരശ്ശേരി: കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിന്റെ കൂട്ടാളി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. ആലപ്പുഴ മുഹമ്മ ചാണിവിളയില്‍ രാജീവിനെ(30)യാണ് താമരശ്ശേരി ഡി വൈ എസ് പി. ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് പിടികൂടിയത്. പുതുപ്പാടി അടിവാരത്തുവെച്ച് ബൈക്ക് യാത്രക്കാരനെ തലക്കടിച്ചു വീഴ്ത്തി മൂന്നര ലക്ഷം കവര്‍ന്ന കേസിന്റെ അന്വേഷണമാണ് കുപ്രസിദ്ധ കുറ്റവാളിയായ രാജീവിലെത്തിയത്.
കഴിഞ്ഞ മെയ് 31 നായിരുന്നു സംഭവം. കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ നേരത്തെ പിടിയിലായിരുന്നു. അന്വേഷണത്തിനിടെയാണ് മുഖ്യ പ്രതിയായ രാജീവ് ആലപ്പുഴയിലുള്ളതായി കേസന്വേഷിക്കുന്ന സി ഐ. എം ഡി സുനിലിന് വിവരം ലഭിച്ചത്. ഡി വൈ എസ് പി യുടെ നിര്‍ദ്ദേശപ്രകാരം ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ. വി കെ സുരേഷ്, സീനിയര്‍ സി പി ഒ ബിജു പൂക്കോട്ട്, സി പി ഒ മാരായ ടി അബ്ദുല്‍ റഷീദ്, ഷിബില്‍ ജോസഫ് എന്നിവര്‍ ആലപ്പുഴയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
2007 ല്‍ കോഴിക്കോട്ടെ പെട്രോള്‍ പമ്പില്‍ മുളകുപൊടി വിതറി ഏഴര ലക്ഷം കവര്‍ന്ന കേസില്‍ പിടിയിലായ കാക്ക രഞ്ജിത്തിന്റെ വലം കയ്യാണ് പിടിയിലായ രാജീവ്. മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത പെട്രോള്‍ പമ്പ് കവര്‍ച്ച കേസില്‍ പോലീസ് വര്‍ഷങ്ങളായി അന്വേഷിച്ചു വരുന്നതിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരവധി പിടിച്ചു പറികള്‍ക്കാണ് രാജീവ് നേതൃത്വം നല്‍കിയത്. ആലപ്പുഴയിലെ മുഹമ്മ, ആലപ്പുഴ നോര്‍ത്ത്, പാലാരിവട്ടം തുടങ്ങിയ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച, വധശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണെങ്കിലും പോലീസിന് പിടികൊടുത്തിരുന്നില്ല. അടിവാരത്തെ കവര്‍ച്ചയില്‍ പ്രതികളായ അഞ്ചുപേരെ കുറിച്ചും പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലായേക്കും. താമരശ്ശേരി, കൊടുവള്ളി മേഖലയില്‍ കവര്‍ച്ചക്ക് സഹായിക്കുന്നവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
ആലപ്പുഴയില്‍നിന്നും പിടിയിലായ പ്രതിയെയുമായി പോലീസ് സംഘം താമരശ്ശേരിയിലെത്തും മുന്നെ പ്രതിക്ക് ജാമ്യത്തിനായി പ്രമുഖ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത് പോലീസിനെ ഞെട്ടിച്ചു. കുപ്രസിദ്ധ കുറ്റവാളികള്‍ക്കുള്ള ഉന്നത ബന്ധവും സാമ്പത്തിക സ്രോതസും കാരണം പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭ്യമാക്കുന്നത് പോലീസിന്റെ മനോ വീര്യം തകര്‍ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here