Connect with us

International

ആക്രമണങ്ങളെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല: ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: റാഡിക്കല്‍ ഇസ്‌ലാമിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് രാഷ്ട്രീയമായ വഴിതിരിച്ചുവിടലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഓര്‍ലോന്‍ഡോ ആക്രമണ പശ്ചാത്തലത്തില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി റാഡിക്കല്‍ ഇസ്‌ലാമിനെ സംബന്ധിച്ച് നടത്തിയ മുതലെടുപ്പ് പരാമര്‍ശങ്ങളെ സൂചിപ്പിച്ചായിരുന്നു ഒബാമയുടെ ഈ പ്രതികരണം. അമേരിക്കയിലേക്ക് മുസ്‌ലിംകള്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യം അമേരിക്കയിലെ മുസ്‌ലിംകള്‍ക്ക്, തങ്ങളുടെ സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചു എന്ന വിചാരമാണുണ്ടാക്കുകയെന്നും ഒബാമ പറഞ്ഞു. ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓര്‍ലാന്‍ഡോയില്‍ അക്രമം നടത്തിയ ആള്‍ ദേഷ്യക്കാരനും ശല്യക്കാരനും സ്വയം റാഡിക്കലിസത്തിലേക്ക് പോയ ആളുമാണ്. ഇത്തരം ആക്രമണങ്ങളില്‍ ഇസ്‌ലാമിന് ഒരു പങ്കുമില്ല. ഇത്തരം ആക്രമണങ്ങളെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടുന്നത് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ കഴിയുമോ? അങ്ങനെ പറയുന്നത് കൊണ്ട് ഇസില്‍ അമേരിക്കക്കാരെ കൊല്ലുന്നതില്‍ കുറവ് വരുത്തുമോ? ഇതൊന്നുമല്ല ലക്ഷ്യം. രാഷ്ട്രീയമായ വഴിതിരിച്ചുവിടലാണ് ഇത്തരം പ്രയോഗങ്ങള്‍ക്ക് പിന്നില്‍. ആരാണ് യഥാര്‍ഥ ശത്രുവെന്ന് യു എസ് രഹസ്യാന്വേഷണ വിഭാഗത്തിനും സൈന്യത്തിനും വ്യക്തമായി അറിയാം. അവരില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ അവര്‍ എപ്പോഴും പണിയെടുക്കുന്നു. ശത്രുവിനെ കുറിച്ച് അമേരിക്കന്‍ ഭരണകൂടത്തിന് വ്യക്തതയില്ലെന്ന ആരോപണം കേട്ട്, യുദ്ധമേഖലയില്‍ അമേരിക്ക പരാജയപ്പെടുത്തിയ ആയിരക്കണക്കിന് ഭീകരവാദികള്‍ ആശ്ചര്യപ്പെടുന്നുണ്ടാവും. സിറിയയിലും ഇറാഖിലും ലിബിയയിലും ഇസിലിനെതിരെ നടക്കുന്ന യുദ്ധം മെല്ലെയാണെങ്കിലും വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

Latest