Connect with us

Kerala

സരിതയെ നേരിട്ട് കണ്ടിട്ടില്ലെന്ന് ഹൈബി, കണ്ടത് പദ്ധതിയുമായി ബന്ധപ്പെട്ടെന്ന് വിഷ്ണുനാഥ്‌

Published

|

Last Updated

കൊച്ചി: സരിത എസ് നായരുമായി താന്‍ പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും ഇന്നുവരെ നേരിട്ടുകണ്ടിട്ടില്ലെന്ന് ഹൈബി ഈഡന്‍ എം എല്‍ എ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. സരിതയെ മൂന്ന് തവണ കണ്ടിട്ടുണ്ടെന്നും സോളാര്‍ പദ്ധതിയുടെ കാര്യത്തിനായി ഒന്നിലധികം തവണ സരിതയുമായി സംസാരിച്ചിട്ടുണ്ടെന്നും മുന്‍ എം എല്‍ എ. പി സി വിഷ്ണുനാഥും മൊഴി നല്‍കി.
ഹൈബിയുടെ 9447147091 എന്ന നമ്പറില്‍ നിന്ന് സരിതയുടെ 8606161700 എന്ന നമ്പറിലേക്കും തിരിച്ചും 51 വിളികളും ഹൈബിയുടെ നമ്പറില്‍ നിന്ന് സരിതയുടെ 9446735555 എന്ന നമ്പറിലേക്കും തിരിച്ചും 14 വിളികളും നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന സി ഡി ആര്‍ രേഖകള്‍ കമ്മീഷന്‍ അഭിഭാഷകന്‍ അഡ്വ. സി ഹരികുമാര്‍ ഹാജരാക്കി. രേഖ പരിശോധിച്ച ശേഷം ഹൈബി ഇക്കാര്യം സമ്മതിച്ചു. സരിതയും ബിജുവും ചേര്‍ന്ന് എറണാകുളത്ത് നടത്തിയിരുന്ന ടീം സോളാര്‍ കമ്പനി 2011 ജൂണ്‍ പത്തിന് എറണാകുളം ഡ്രീംസ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷചടങ്ങില്‍ താന്‍ പങ്കെടുത്തിരുന്നു. മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള അവാര്‍ഡ് വിതരണം കഴിഞ്ഞ ശേഷം മടങ്ങിപ്പോന്നു. പാലക്കാട് എം എല്‍ എ ഷാഫി പറമ്പില്‍ പറഞ്ഞ ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് സരിതയെ വിളിച്ചത്. ഷാഫിയുടെ മണ്ഡലത്തില്‍പ്പെട്ട ചിലര്‍ക്ക് സോളാര്‍ പാനല്‍ നല്‍കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയിട്ടും പാനല്‍ സ്ഥാപിക്കുകയോ പണം മടക്കിക്കൊടുക്കുകയോ ചെയ്തില്ലെന്ന് തട്ടിപ്പിനിരയായവര്‍ പരാതിപ്പെട്ടിരുന്നു. ടീം സോളാര്‍ കമ്പനി തന്റെ മണ്ഡലത്തിലായതിനാല്‍ അതേക്കുറിച്ചന്വേഷിക്കാന്‍ ഷാഫി പറഞ്ഞതനുസരിച്ച് സരിതയെ വിളിച്ചു. ഇക്കാര്യത്തിന് വേണ്ടി മാത്രമേ സരിതയുമായി സംസാരിച്ചിട്ടുള്ളൂ. സരിതയുമായി മറ്റ് ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. ബിജു രാധാകൃഷ്ണനെയും അറിയില്ല. സരിത അറസ്റ്റിലായ ശേഷം യു ഡിഎഫ് നിയമസഭാ കമ്മിറ്റിയോ കോണ്‍ഗ്രസ് നിയമസഭാ കമ്മിറ്റിയോ ഒരിക്കല്‍പ്പോലും സോളാര്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഹൈബി പറഞ്ഞു. സരിതയെ ആദ്യം കണ്ടത് 2012ല്‍ താന്‍ നയിച്ച കേരള യുവജനയാത്ര പാലക്കാട്ടെത്തിയപ്പോഴാണെന്ന് പി സി വിഷ്ണുനാഥ പറഞ്ഞു. ആദ്യം അവര്‍ സോളാര്‍ പദ്ധതിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ എം എല്‍ എ ഓഫീസില്‍ വരാന്‍ പറഞ്ഞു. പിന്നീട് എം എല്‍ എ ഓഫീസിലെത്തിയപ്പോള്‍ ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളില്‍ സോളാര്‍ ഇലക്ട്രിഫിക്കേഷന്‍ നടത്തുന്ന കാര്യം അവര്‍ സംസാരിച്ചു. ഇതിനുള്ള പദ്ധതി റിപ്പോര്‍ട്ടുമായി വരാന്‍ പറഞ്ഞതനുസരിച്ച് മൂന്നാം തവണ അവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കി.

Latest