കോണ്‍ഗ്രസ് പുനഃസംഘടന: സുധീരനും മാറുമെന്ന പ്രതീക്ഷയില്‍ ഗ്രൂപ്പുകള്‍

Posted on: June 16, 2016 6:01 am | Last updated: June 16, 2016 at 12:43 am
SHARE

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പുനസംഘടന വരുമ്പോള്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും മാറുമെന്ന പ്രതീക്ഷയില്‍ ഗ്രൂപ്പുകള്‍. ബൂത്ത് തലം മുതലുളള പുന:സംഘടന വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച സാഹചര്യത്തില്‍ അത് കെ പി സി സിയുടെ തലപ്പത്ത് വരെ എത്തുമെന്നാണ് എ, ഐ ഗ്രൂപ്പുകള്‍ കരുതുന്നത്. സുധീരന് പകരമായി വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, മുല്ലപ്പളളി രാമചന്ദ്രന്‍, പി സി ചാക്കോ, കെ സുധാകരന്‍ തുടങ്ങിയ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. സുധീരനെ മാന്യമായി മാറ്റുകയെന്നതാണ് ധാരണ. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം സുധീരന് മേല്‍ കെട്ടിവെക്കില്ല.
യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായും പ്രതിപക്ഷ നേതാവായും രമേശ് ചെന്നിത്തലയെ കൊണ്ടുവന്നതും ഈ നീക്കത്തിന് എ ഗ്രൂപ്പ് സമ്മതം മൂളിയതും സുധീരനെ മാറ്റാനുളള കരുനീക്കങ്ങള്‍ക്ക് മുന്നോടിയായാണ്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ 14 ഡി സി സി പ്രസിഡന്റുമാരെയും മാറ്റുകയാണ് ഹൈക്കമാന്‍ഡ് ലക്ഷ്യം. ഡി സി സി തലത്തിലുളള അഴിച്ചുപണി കഴിഞ്ഞ് കെ പി സി സി തലത്തിലും അഴിച്ചു പണിയുണ്ടാകും. കെ പി സി സി നേതൃത്വത്തിലേക്ക് പുതിയ നിര എത്തും. കെ പി സി സി പുന:സംഘടനയുടെ ഭാഗമായി സുധീരനെ നീക്കും. അതിനുളള സമ്മര്‍ദം എ,ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് മുമ്പില്‍ നിരത്തിയിട്ടുണ്ട്്. പ്രതിപക്ഷ നേതൃസ്ഥാനം ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കാത്തതും ഇതു കാരണമാണ്. യു ഡിഎഫ് ചെയര്‍മാന്‍ സ്ഥാനം പോലും ഏറ്റെടുക്കാതെ ഉമ്മന്‍ ചാണ്ടി മാറി നില്‍ക്കുന്നതും എ ഗ്രൂപ്പ് തീരുമാനത്തിന്റെ ഭാഗമായാണ്. കെ ബാബുവുള്‍പ്പടെയുളളവരുടെ തോല്‍വിക്ക് കാരണം വി എം സുധീരനാണെന്ന ആക്ഷേപം ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ തന്നെ ഉയര്‍ന്നിരുന്നു. യു ഡി എഫ് സര്‍ക്കാറിന്റെ അവസാന കാലഘട്ടത്തില്‍ ഉണ്ടായ വിവാദ തീരുമാനങ്ങള്‍ക്കെതിരെ സുധീരന്‍ പരസ്യമായി പ്രതികരിച്ചതും തോല്‍വിക്ക് കാരണമായതായി ക്യാമ്പ് എക്്‌സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
തിരഞ്ഞെടുപ്പില്‍ യുവാക്കളെ തഴഞ്ഞതും പരാജയത്തിന് കാരണമായി. യുവനിരയിലുളളവര്‍ക്ക് പകരം നേതാക്കളുടെ മക്കള്‍ക്ക് സീറ്റ് നല്‍കിയതും വിമര്‍ശന വിധേയമായി. ആര്യാടന്‍ മുഹമ്മദിന് പകരം ആര്യാടന്‍ ഷൗക്കത്തിന് സീറ്റ് നല്‍കി. കൊല്ലത്ത് തോപ്പില്‍ രവിയുടെ മകന്‍ സൂരജ് രവിക്കാണ് സീറ്റ് നല്‍കിയത്.
കൊട്ടാരക്കരയില്‍ ഡി സി സി പ്രസിഡന്റ് സത്യശീലന്റെ മകന്‍ സുബിന്‍ സത്യനാണ് സീറ്റ് നല്‍കിയത്. നേതാക്കളുടെയും ഗ്രൂപ്പുകളുടെയും അടിസ്ഥാനത്തില്‍ സീറ്റുകള്‍ വീതം വെച്ചെന്ന് പൊതുവെ അഭിപ്രായമുയര്‍ന്നെങ്കിലും സുധീരന്‍ തനിക്ക് താത്പര്യമുളളവരെ തിരുകികയറ്റിയതായി ഗ്രൂപ്പുകള്‍ക്ക് അഭിപ്രായമുണ്ട്.