Connect with us

Kerala

പ്ലസ്ടുവിന് 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കും

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ്ടുവിന് 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉപരിപഠനത്തിന് മതിയായ സൗകര്യമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാറിന് അധിക ബാധ്യത വരാത്ത വിധത്തിലാകും ഇത് നടപ്പാക്കുക. സംസ്ഥാനത്ത് ആദായകരമല്ലാത്ത സ്‌കൂളുകള്‍ പൂട്ടാനിടയാവുന്ന സാഹചര്യം വിദ്യാഭ്യാസമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. മലാപ്പറമ്പിന് പുറമെ സമാന സാഹചര്യത്തിലുള്ള 15 സ്‌കൂളുകള്‍ കൂടി സര്‍ക്കാറിന് ഏറ്റെടുക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മന്ത്രിസഭായോഗത്തില്‍ അറിയിച്ചു.
മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ ആറ് കോടി രൂപ കമ്പോളവിലയായി മാനേജര്‍ക്ക് നല്‍കേണ്ടിവരുമെന്ന് മന്ത്രിസഭായോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. ആദായകരമല്ലാത്ത സ്‌കൂളുകളുടെ പൊതുസ്ഥിതിയെക്കുറിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പ്രത്യേക വിവരണം നടത്തി. അധ്യാപകര്‍ മാത്രമുള്ള 19 സ്‌കൂളുകളുടെ കാര്യത്തിലും ഉടന്‍ നയപരമായ തീരുമാനം വേണം. മലാപ്പറമ്പ് സ്‌കൂള്‍ മാനേജര്‍ കോടതിയെ സമീപിക്കുന്ന സ്ഥിതിയും കാണണമെന്നും സെക്രട്ടറി വ്യക്തമാക്കി.
മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് നിയമനടപടികള്‍ക്ക് പിന്നാലെയാണ്. സ്‌കൂള്‍ ഏറ്റെടുക്കലിന്റെ തുടര്‍നടപടികള്‍ക്കായി വിദ്യാഭ്യാസ-നിയമവകുപ്പുകളെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. സ്‌കൂള്‍ ഏറ്റെടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് യോഗത്തിനു ശേഷം വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ശാശ്വതപരിഹാരത്തിനായി ഓര്‍ഡിനന്‍സ് പരിഗണനയിലാണ്. പിന്നീട് നിയമനിര്‍മാണത്തിലൂടെ പ്രശ്‌നപരിഹാരത്തിന് മാര്‍ഗമുണ്ടാക്കും. മലാപ്പറമ്പിനേപ്പോലെ പ്രതിസന്ധിയിലുള്ളത് 15 സ്‌കൂളുകളാണ്. എന്നാല്‍, ഇവയില്‍ കോടതി ഉത്തരവ് മൂലമുള്ള നിയമപ്രശ്‌നങ്ങളുള്ളവയുണ്ട്. ഇത് പരിഹരിക്കാന്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്തുവരികയാണെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, കോഴിക്കോട് കലക്ടറേറ്റിലേക്ക് മാറ്റിയ മലാപ്പറമ്പ് സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.