Connect with us

Editorial

വിലക്കയറ്റം പിടിച്ചു നിര്‍ത്തണം

Published

|

Last Updated

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയാണ് കേരള ജനത. ഇടക്കിടെ ചില ഉത്പന്നങ്ങള്‍ക്കായിരുന്നു മുന്‍കാലങ്ങളില്‍ വിലക്കയറ്റം അനുഭവപ്പെടാറെങ്കില്‍ ഇപ്പോള്‍ സര്‍വത്ര സാധനങ്ങളുടെയും വില ക്രമാതീതമായി ഉയരുകയാണ്. അരി, പച്ചക്കറി, പഞ്ചസാര, പയര്‍ വര്‍ഗങ്ങള്‍, മത്സ്യം, മാംസം, പഴവര്‍ഗങ്ങള്‍ തുടങ്ങി ഒരു സാധനവും വിലക്കയറ്റത്തിന്റെ പിടിയില്‍ നിന്ന് മുക്തമല്ല. നേരത്തെ വില കുതിച്ചുയര്‍ന്ന പയര്‍ വര്‍ഗങ്ങള്‍ക്ക് ഈയിടെയായി വീണ്ടും വില വര്‍ധിച്ചിട്ടുണ്ട്. ചെറുപയര്‍, പരിപ്പ്, ഉഴുന്ന് തുടങ്ങിയ സാധനങ്ങള്‍ സാധാരണക്കാരന് അപ്രാപ്യമാണിപ്പോള്‍. സാധാരണക്കാരന്റെ ഭക്ഷ്യ വിഭവമെന്നറിയപ്പെടുന്ന കപ്പക്കും മത്തിക്കും വരെ പൊള്ളുന്ന വില. റമസാന്റെ വരവോടെയാണ് പഴവര്‍ഗങ്ങളുടെയും മത്സ, മാംസാദികളുടെയും വില കുത്തനെ ഉയര്‍ന്നത്. പരിമിതമായ വരുമാനം കൊണ്ട് ജീവതം തള്ളിനീക്കുന്നവര്‍ എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടു പോകുമെന്നറിയാതെ പ്രയാസപ്പെടുകയാണ്.
ആന്ധ്ര, തമിഴ്‌നാട്. കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തുന്നത്. ഈ സംസ്ഥാനങ്ങളില്‍ വിലവര്‍ധനവിന് ഇപ്പോള്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നും ഇടനിലക്കാരാണ് വിലക്കയറ്റത്തിന് പിന്നിലെന്നുമാണ് വ്യാപാരികിള്‍ പറയുന്നത്. ഇവര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ചില ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായി ആരോപണമുണ്ട്. റമസാന്‍, പെരുന്നാള്‍, ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ വേളകളില്‍ പൂഴ്ത്തിവെപ്പിലൂടെയും കൃത്രിമക്ഷാമം സൃഷ്ടിച്ചും വില വര്‍ധിപ്പിക്കുന്നത് ഇവരുടെ പതിവാണ്. ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഡീസലിന്റെയും പെട്രോളിന്റെയും വിലയില്‍ ആനുപാതികമായി കുറവ് വരുത്താതെ ഇറക്കുമതിത്തീരുവ അടിക്കടി വര്‍ധിപ്പിച്ച കേന്ദ്ര നടപടിയും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഇന്ധന വില വിപണിയെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ്. എണ്ണ വില വര്‍ധിച്ചാല്‍ ചരക്ക് കൂലിയിലും നിത്യോപയോഗ സാധനങ്ങളുടെ വിലയിലും അത് പ്രതിഫലിക്കും. ഭക്ഷ്യ സാധനങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളമാണ് ഇതിന്റെ കെടുതികള്‍ കൂടുതല്‍ അനുഭവിക്കുന്നത്. കാര്‍ഷികോത്പാദനത്തിന്റെ കണക്ക് യഥാസമയം തയാറാക്കി കുറവുള്ള ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് സംഭവിച്ച വീഴ്ചയും ആഭ്യന്തര ആവശ്യം കണക്കിലെടുക്കാതെ ഭക്ഷ്യ വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതും വില വര്‍ധനവിന് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതില്‍ സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് വിലക്കയറ്റമെന്ന് കുറ്റപ്പെടുത്തി തങ്ങളുടെ വീഴ്ചയും പിടിപ്പുകേടും മറച്ചുപിടിക്കാന്‍ ശ്രമികയാണ് കേന്ദ്രം.
ചില്ലറ വില്‍പന രംഗത്തേക്കുളള കുത്തകകളുടെ പ്രവേശമാണ് വിലക്കയറ്റത്തിന് മറ്റൊരു കാരണം. ഉത്പന്നങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ വിപുലമായ സംവിധാനങ്ങളുള്ള ഇവര്‍ പയറുത്പന്നങ്ങള്‍ ഉള്‍പ്പെടെ മിക്ക സാധനങ്ങളും കര്‍ഷകരില്‍ നിന്ന് വന്‍തോതില്‍ ശേഖരിച്ചു തങ്ങളുടെ ഗോഡൗണുകളിലേക്ക് മാറ്റുകയാണ്. അതോടെ അത്തരം സാധനങ്ങളുടെ വില നിര്‍ണയം അവരുടെ കൈകളിലായി. ഈ അവസരം ഉപയോഗപ്പെടുത്തി പൊതുവിപണിയില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ചു വില കുത്തനെ വര്‍ധിപ്പിക്കുന്നു ഈ കുത്തക ഭീമന്മാര്‍. ജനങ്ങളെ യഥേഷ്ടം ചൂഷണം ചെയ്യുന്നതിനാവശ്യമായ നിയമ പരിരക്ഷ സര്‍ക്കാര്‍ അവര്‍ നല്‍കയിട്ടുമുണ്ട്. ചില്ലറ വ്യാപാര രംഗത്തേക്ക് വിദേശ കുത്തകകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ ഈ പ്രത്യാഘാം പലരും ചൂണ്ടിക്കാട്ടിയതാണ്. അവരുടെ വരവ് വിപണിയില്‍ മത്സരം വര്‍ധിപ്പിക്കുകയും സാധാരണക്കാരന് ഗുണകരമാകുകയും ചെയ്യുമെന്നായിരുന്നു അന്ന് ബന്ധപ്പെട്ടവരുടെ ന്യായീകരണം.
വിപണിയില്‍ സര്‍ക്കാറിന്റെ ശക്തമായ ഇടപെടലാണ് കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് സഹായകമായിരുന്നത്. ഈ ലക്ഷ്യത്തില്‍ ആരംഭിച്ച മാവേലി സ്റ്റോറുകളുടെയും സപ്ലൈകോ സ്റ്റോറുകളുടെയും മറ്റും പ്രവര്‍ത്തനം ഇന്ന് കാര്യക്ഷമമല്ല. അതിന് പരിഹാരം കാണുകയാണ് അടിയന്തിരമായി സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇതിന്റെ ആദ്യപടിയായി സപ്ലൈക്കോക്ക് 150 കോടി അനുവദിച്ചതായി മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. അരി വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ആന്ധ്രയിലെ മില്ലുടമകളുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. ഇത്തരം നടപടികള്‍ ഫലപ്രദമാകണമെങ്കില്‍ പൊതുവിതരണ സ്ഥാപനങ്ങള്‍ ഉടച്ചു വാര്‍ക്കേണ്ടതുണ്ട്. പല സ്ഥാപനങ്ങളിലും അഴിമിതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുകയാണ്. ഇതിന് അറുതി വരുത്തണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മാറ്റണം. അരി, പച്ചക്കറി ഉള്‍പ്പെടെ എല്ലാ വസ്തുക്കളും ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു ശേഖരിക്കാനുള്ള ഫലപ്രദമായ സംവിധാനവും ആവശ്യമാണ്. ശേഖരിക്കുന്ന പച്ചക്കറികള്‍ വിഷരഹിതമാണെന്ന് ഉറപ്പ് വരുത്തുകയും വേണം. ഇതിനാവശ്യമായ സംവിധാനങ്ങള്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്കൊഴുകുന്ന പ്രവണതക്ക് അറുതി വരുത്തുകയും വേണം.