ഈ അഞ്ച് വര്‍ഷങ്ങള്‍ പ്രധാനമാണ്‌

Posted on: June 16, 2016 6:00 am | Last updated: June 16, 2016 at 12:22 am

ഏറെ പ്രതീക്ഷകള്‍ക്ക് വക നല്‍കിക്കൊണ്ടാണ് കേരളത്തില്‍ ഇടതു ജനാധിപത്യ മുന്നണി മന്ത്രിസഭ അധികാരമേറ്റത്. വോട്ടര്‍മാര്‍ക്ക് മുമ്പില്‍ അവര്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി വരുംനാളുകളില്‍ കാണിക്കുമെന്ന് പ്രത്യാശിക്കാം. പ്രകടന പത്രികകളില്‍ പറയാത്ത, എന്നാല്‍ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ സത്വര ശ്രദ്ധ നല്‍കേണ്ടിയിരിക്കുന്നു.
പരിസ്ഥിതി സംരക്ഷണമാണ് അതില്‍ ഏറ്റവും പ്രധാനം. ഈ മഴക്കാലമെത്തും മുമ്പ് മലയാളി അനുഭവിച്ച അത്യുഷ്ണവും ജലദൗര്‍ലഭ്യവും ചരിത്രത്തില്‍ മുമ്പില്ലാത്തതാണ്. വരും വര്‍ഷങ്ങളില്‍ ഇതിലുമേറെ ചൂടും ജലപ്രശ്‌നവും അനുഭവിക്കാനാണ് സാധ്യതയെന്ന് ഇതിനകം ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ ചൂട് അമ്പത് ഡിഗ്രിയിലേക്ക് കടക്കാനുള്ള സാധ്യത പോലും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല.
വികസനത്തിന്റെ പേരില്‍ ഇന്ന് നാം നടത്തിക്കൊണ്ടിരിക്കുന്ന നിരവധി പാരിസ്ഥിതി ആഘാത പ്രവര്‍ത്തനങ്ങള്‍ കേരളത്തെ വാസയോഗ്യമല്ലാതാക്കുമെന്നതില്‍ സംശയമില്ല. കുന്നും മലയും ഇടിച്ചുനിരപ്പാക്കിയും വനം വന്‍തോതില്‍ നശിപ്പിച്ചും വയലും കായലും നികത്തിയും മറ്റും നാം പരിസ്ഥിതിക്ക് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന മുറിവുകള്‍ മാരകമാണ്. നിയമങ്ങള്‍ കര്‍ശനമാക്കിയും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചും ഇതിനൊരറുതി വരുത്തേണ്ടത് അത്യാവശ്യമാണ്. ഒരുപക്ഷേ, വരും നാളുകളില്‍ മനുഷ്യസമൂഹവും മറ്റു ജീവിവര്‍ഗങ്ങളും നേരിടാന്‍ പോകുന്ന ഏറ്റവും അടിസ്ഥാന പ്രശ്‌നം പരിസ്ഥിതി വിഷയങ്ങളായിരിക്കും.
ജൈവകൃഷിയെ ഇതിനകം തന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഇടതു പ്രസ്ഥാനത്തിന് പാരിസ്ഥിതികമായ കാഴ്ചപ്പാടും അവ നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയും ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നുകൊണ്ടിരിക്കെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ, സംസ്ഥാനത്തെങ്ങും സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളും മറ്റും എത്രയും പെട്ടെന്ന് നീക്കാന്‍ നടത്തിയ ആഹ്വാനം മറ്റു പാര്‍ട്ടികള്‍ക്ക് കൂടി മാതൃകയാണ്.
മര്‍മ പ്രധാനമായ രണ്ടാമത്തെ കാര്യം, വര്‍ഗീയതയുടെ വളര്‍ച്ചയാണ്. ബി ജെ പി സംസ്ഥാന നിയമസഭയില്‍ താമര വിരിയിക്കുകയും മുമ്പില്ലാത്ത മുന്നേറ്റം കാഴ്ചവെക്കുകയും ചെയ്ത തിരഞ്ഞെടുപ്പ് എന്നതാവും വരും കാല ചരിത്രം ഈ തിരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുക. നേമം മണ്ഡലത്തില്‍ നിന്ന് ഒ രാജഗോപാല്‍ വിജയിച്ചതിനൊപ്പം നിരവധി മണ്ഡലങ്ങളില്‍ ബി ജെ പി നിര്‍ണായ ശക്തിയായിരിക്കുന്നു എന്നതും മതേതര വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണ്. തീര്‍ച്ചയായും നമ്മുടെ ജാഗ്രതയുടെ അഭാവമാണ് ഇത് കാണിക്കുന്നത്. വര്‍ഗീയത ഏതുമാകട്ടെ, ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ അതിനെ നേരിടാനുള്ള ആശയപരവും ധാര്‍മികവുമായ കരുത്ത് നാം കാട്ടേണ്ടതുണ്ട്. താത്കാലിക ലാഭത്തിന് വേണ്ടി വലതുപക്ഷം വോട്ട് മറിച്ചുനല്‍കിയതുകൊണ്ടാണ് രാജഗോപാലിന് വിജയിക്കാന്‍ കഴിഞ്ഞത് എന്നത് യാഥാര്‍ഥ്യമാണെങ്കിലും മറ്റു മണ്ഡലങ്ങളില്‍ ഇടതുപക്ഷം കാണിച്ച വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ബി ജെ പിയുടെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തിയത്.
കേവലം തിരഞ്ഞെടുപ്പ് വേളയിലെ ഉണര്‍വ് മാത്രമല്ല ഇനിയാവശ്യം. മറിച്ച് ഫാസിസ്റ്റ്‌വിരുദ്ധ, വര്‍ഗീയ വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെയും മതേതരാശയങ്ങള്‍ പ്രചരിപ്പിച്ചും വന്‍ തോതിലുള്ള മുന്നേറ്റം നടത്തേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം നാമിതുവരെ ആര്‍ജിച്ച മൂല്യങ്ങള്‍ അട്ടിമറിക്കപ്പെടും. നവോത്ഥാനങ്ങള്‍ കുഴിച്ചുമൂടപ്പെടും. ഗുജറാത്തുകള്‍ കേരളത്തിലും ആവര്‍ത്തിക്കപ്പെടും.
ഒരു വട്ടം ഫാസിസ്റ്റുകള്‍ അധികാരമേറിയാല്‍, പിന്നീട് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരുപക്ഷേ, നമുക്കവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞേക്കും. അപ്പോഴേക്കും സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ അവര്‍ നേടിയ മേല്‍ക്കോയ്മ ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെടുത്താനാകാത്ത വിധം ശക്തമായിട്ടുണ്ടാകും. ഇന്ന് മലയാളി ജീവിതത്തില്‍, ഇടതു പൊതുബോധമെന്ന പോലെ, ചിലയിടങ്ങളില്‍ വര്‍ഗീയ ശക്തികള്‍ പ്രസരിപ്പിക്കുന്ന ഹിന്ദുത്വാശയ പൊതുബോധവും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാംസ്‌കാരിക രംഗത്ത് ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഈ നവോത്ഥാനവിരുദ്ധ ഫാസിസ്റ്റ് പൊതുബോധത്തെ തകര്‍ക്കാനുള്ള പ്രത്യയശാസ്ത്ര കരുത്ത് ഇടതുപക്ഷത്തിന് മാത്രമേ ഉള്ളൂ എന്നത് ഒരു നഗ്ന സത്യമാണ്. തുറന്ന ആശയപോരാട്ടത്തിലൂടെ ഫാസിസ്റ്റ് പൊതുബോധത്തെ നിഷ്‌കാസനം ചെയ്യാനുള്ള അടിയന്തിര ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.
ഇനിവരുന്ന അഞ്ച് വര്‍ഷങ്ങള്‍ കേരള ചരിത്രത്തില്‍ സുപ്രധാന കാലമായിരിക്കും. കാരണം, ഇക്കാലയളവിലെ സര്‍ക്കാറിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന അടുത്ത തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ നോക്കുക പരമ്പരാഗത രീതിയില്‍ ഐക്യമുന്നണി മാത്രമായിരിക്കില്ല. ഫാസിസ്റ്റ് ശക്തികള്‍ കൂടിയായിരിക്കും.
അഴിമതി മുതല്‍ സ്ത്രീ സുരക്ഷ വരെയുള്ള കാര്യങ്ങള്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങളായിരുന്നു. മുമ്പില്ലാത്ത വിധം സംസ്ഥാന ഭരണകൂടം അഴിമതിയുടെ കാര്യത്തില്‍ ബഹുദൂരം മുമ്പിലായിരുന്നു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലും സാക്ഷര കേരളം പിന്നിലാക്കിയിട്ടുണ്ട്. പെരുമ്പാവൂരിലെ ജിഷ വധം കഴിഞ്ഞിട്ട് എത്ര കാലമായി? ഇതുവരെ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജിഷ വധം കൂടി പ്രശ്‌നവത്കരിച്ചുകൊണ്ടാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങളും പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങളും മുന്നണികള്‍ പിന്നീട് വിസ്മരിക്കുകയാണ് പതിവ്. വീണ്ടും തിരഞ്ഞെടുപ്പ് വരുമ്പോള്‍ അത് തന്നെ ആവര്‍ത്തിക്കും. ഇത്തരം ആവര്‍ത്തനങ്ങള്‍ക്ക് ഇട നല്‍കാതെ, വാഗ്ദാനങ്ങള്‍ എടപ്പിലാക്കുകയാണെങ്കില്‍ ഒരു ശക്തിക്കും ഭരിക്കുന്നവരെ പരാജയപ്പെടുത്താന്‍ കഴിയില്ല. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ ഉറങ്ങാന്‍ പാടില്ലെന്ന് പറയാറുണ്ട്. അവര്‍ എന്നും ജാഗരൂഗരായിരിക്കണം; തങ്ങള്‍ ഭരണഭാരമേല്‍പ്പിച്ചവര്‍ ഉറങ്ങുന്നുണ്ടോ എന്ന് നോക്കാനും പോസ്റ്റ് മോഡേണ്‍ നടകങ്ങളിലെന്ന പോലെ നാടകത്തിന്റെ ഒരു ഘട്ടം പിന്നിടുമ്പോള്‍ നായകന്‍ വില്ലനായി മാറുന്നുണ്ടോ എന്ന് നോക്കാനും. കാവല്‍ക്കാര്‍ കൊള്ളക്കാരായി മാറാതിരിക്കാനുള്ള ഏകവഴി നമ്മുടെ ഉണര്‍ന്നിരിക്കല്‍ മാത്രമാണ്.