വ്യക്തികളുടെ സ്വകാര്യത ഹനിച്ചാല്‍ 50 ലക്ഷം റിയാല്‍ പിഴ ചുമത്തും

>>അനുമതിയില്ലാതെ മാര്‍ക്കറ്റിംഗ് മെസേജ് അയക്കല്‍ സ്വകാര്യത ഹനിക്കുന്നത്‌
Posted on: June 15, 2016 8:23 pm | Last updated: June 15, 2016 at 8:25 pm

budget-mobile-phone_050df99c-d635-11e5-9f67-7d8bb840e754ദോഹ: വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്നവര്‍ ഇനി അമ്പത് ലക്ഷം ഖത്വര്‍ റിയാല്‍ പിഴ നല്‍കേണ്ടി വരും. കുറ്റത്തിന്റെ പ്രകൃതം അനുസരിച്ച് കോടതിക്ക് പിഴ തീരുമാനിക്കാം. സ്വകാര്യത ഹനിക്കുന്നവര്‍ക്കെതിരെ കനത്ത ശിക്ഷ നല്‍കുന്ന കരട് നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി.
വ്യക്തികളുടെ അനുമതിയില്ലാതെ മാര്‍ക്കറ്റിംഗ് ഉദ്ദേശ്യത്തോടെ ഇലക്‌ട്രോണിക് സന്ദേശങ്ങള്‍ അയക്കുന്നതും കരടുനിയമം നിരോധിക്കുന്നു. ഭൂഖണ്ഡാനന്തര സൈബര്‍ കുറ്റങ്ങള്‍ മൂലമുള്ള ചൂഷണത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് പ്രത്യേക വ്യവസ്ഥകളും നിയമത്തിലുണ്ട്. 32 അനുച്ഛേദങ്ങളും എട്ട് ചാപ്റ്ററുകളുമാണ് കരട് നിയമത്തിലുള്ളത്. അനുമതിയില്ലാതെ വ്യക്തികളുടെ വിവരങ്ങള്‍ സ്ഥാപനങ്ങളോ വ്യക്തികളോ ഉപയോഗിക്കുകയോ മറ്റ് പ്രവര്‍ത്തനം നടത്തുകയോ ചെയ്യരുത്. അത്തരം വിവരങ്ങള്‍ പരിഷ്‌കരിക്കാനുള്ള അവകാശം അതാത് വ്യക്തിക്കുണ്ടാകും. കുട്ടികള്‍ക്ക് വേണ്ടിയുള്ള വെബ്‌സൈറ്റുകളുടെ ഉടമകളും ഓപറേറ്റര്‍മാരും ചില ഉത്തരവാദിത്വങ്ങള്‍ കര്‍ശനമായി പാലിക്കണം.
അതേസമയം, ദേശസുരക്ഷ, അന്താരാഷ്ട്ര ബന്ധം, രാജ്യത്തിന്റെ സാമ്പത്തിക താത്പര്യം, കുറ്റങ്ങള്‍ തടയല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചില വ്യക്തി വിവരങ്ങള്‍ നിയമപ്രകാരമുള്ള അനുമതി കൂടാതെ അധികൃതര്‍ക്ക് ഉപയോഗിക്കാം. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗില്‍ ചില നിയന്ത്രണങ്ങള്‍ നിയമം കൊണ്ടുവരുന്നുണ്ട്. വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനാണിത്. വ്യക്തിവിവരങ്ങള്‍ വേണ്ടവിധം സൂക്ഷിക്കുന്നില്ലെന്ന തോന്നലുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികൃതരോട് കര്‍ശനമായി സംരക്ഷിക്കാന്‍ വ്യക്തികള്‍ക്ക് ആവശ്യപ്പെടാം. വിവര സംരക്ഷണം കര്‍ശനമായി പാലിക്കാന്‍ മന്ത്രാലയങ്ങളെയും സ്ഥാപനങ്ങളെയും കരട് നിയമം ചുമതലപ്പെടുത്തുന്നുണ്ട്.
2011 മുതല്‍ ആണ് കരട് നിയമം തയ്യാറാക്കാന്‍ തുടങ്ങിയത്. ശൂറ കൗണ്‍സില്‍ അംഗീകരിച്ച കരടുനിയമം മന്ത്രിസഭക്ക് വിട്ടിട്ടുണ്ട്.