ഈ അധ്യയന വര്‍ഷം രണ്ട് സ്‌കൂളുകളില്‍ സ്റ്റുഡന്റ് ട്രാക്കിംഗ് സംവിധാനം

Posted on: June 15, 2016 8:19 pm | Last updated: June 15, 2016 at 8:19 pm

ദോഹ: ഈ അക്കാദമിക വര്‍ഷം തന്നെ രണ്ട് സ്‌കൂളുകള്‍ റേഡിയോ ഫ്രീക്വന്‍സി ഐഡറ്റിഫിക്കേഷന്‍ (ആര്‍ എഫ് ഐ ഡി) അടിസ്ഥാനമാക്കിയുള്ള സ്റ്റുഡന്റ് ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളും (ഡി എം ഐ എസ്) കേബ്രിഡ്ജ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സും ആണ് സ്റ്റുഡന്റ് ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഈ നിരീക്ഷണ സംവിധാനത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ പരീക്ഷണഘട്ടമാണിപ്പോള്‍ നടക്കുന്നത്.
വിദ്യാര്‍ഥികളുടെ ഐ ഡി കാര്‍ഡില്‍ ചിപ്പുകള്‍ ഘടിപ്പിക്കുന്ന ഓട്ടോമേറ്റഡ് ചൈല്‍ഡ് ട്രാക്കിംഗ് സിസ്റ്റം എന്ന പേരിലുള്ള ഈ സംവിധാനം അന്താരാഷ്ട്ര കമ്പനിയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. വിവരങ്ങള്‍ വയര്‍ലസ്സ് ആയി കൈമാറുന്നതിന് ഇലക്‌ട്രോമാഗ്നറ്റിക് സംവിധാനങ്ങള്‍ ആയി ഉപയോഗിക്കുക. ബസ്, ലാബ്, ഹാള്‍, ക്ലാസ്‌റൂം തുടങ്ങിയ ഇടങ്ങളില്‍ ആര്‍ എഫ് ഐ ഡി സ്ഥാപിച്ചാല്‍ വിദ്യാര്‍ഥികളുടെ വരവും പോക്കും അറിയാന്‍ സാധിക്കും. ചിപ്പ് ഘടിപ്പിച്ച ഐ ഡികാര്‍ഡുകള്‍ക്ക് സ്‌കൂളുകള്‍ 1200 ഖത്വര്‍ റിയാല്‍ ഇടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിച്ചതെങ്കിലും സാങ്കേതികകാരണങ്ങളാല്‍ നീണ്ടുപോയതാണെന്ന് ഡി എം ഐ എസ് പ്രിന്‍സിപ്പല്‍ രാകേഷ് തോമര്‍ ഖത്വര്‍ ട്രിബ്യൂണിനോട് പറഞ്ഞു. സെപ്തംബറോടെ ഈ സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ രാജ്യത്തെ ആദ്യ സ്‌കൂള്‍ എന്ന റെക്കോര്‍ഡ് ഡി എം ഐ എസിനാകും.
ഈ സംവിധാനം നടപ്പാക്കിയാല്‍ പ്രവര്‍ത്തനചെലവ് വളരെയേറെയാണ്. ഐ ടി വിദഗ്ധരുടെ സേവനം എപ്പോഴും വേണം. മാത്രമല്ല ദിനംപ്രതി ആയിരക്കണക്കിന് എസ് എം എസുകള്‍ അയക്കേണ്ടി വരും. ഇതിനെല്ലാം വലിയ ചെലവ് വരുമെന്ന് പ്രിസന്‍സിപ്പല്‍ പറയുന്നു. എല്ലാ ബസുകളിലും സ്‌കൂളിലെ പ്രധാനയിടങ്ങളിലും ആണ് സംവിധാനം ഏര്‍പ്പെടുത്തുക. ബസില്‍ ഉപകരണം ഘടിപ്പിച്ചാല്‍ വിദ്യാര്‍ഥിയെ ഇറക്കുന്ന സ്ഥലം കൃത്യമായി അറിയാന്‍ സാധിക്കും. വിദ്യാര്‍ഥി നില്‍ക്കുന്ന സ്ഥലം സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് എസ് എം എസ് അയക്കും. വിദ്യാര്‍ഥിയുടെ സാന്നിധ്യം ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്തുന്നതിനാല്‍ ക്ലാസുകളില്‍ സാധാരണ നിലക്കുള്ള ഹാജര്‍ വിളിയും ആവശ്യമില്ല. ഡ്രൈവര്‍മാരെയും പദ്ധതിയുടെ കീഴില്‍ കൊണ്ടുവരും. ട്രിപ്പിന്റെ തുടക്കത്തിലും അവസാനവും സൈ്വപ് ചെയ്യാന്‍ ഡ്രൈവര്‍മാര്‍ക്ക് കാര്‍ഡ് നല്‍കും. ട്രിപ്പ് അവസാനം സൈ്വപ് ചെയ്യുമ്പോള്‍ ഏതെങ്കിലും വിദ്യാര്‍ഥി ബസിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് അറിയാന്‍ സാധിക്കും. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ പ്രവേശനവും സാന്നിധ്യവും പരിശോധിക്കുന്നതിന് എന്‍ട്രന്‍സുകളില്‍ ആര്‍ എഫ് ഐ ഡി ട്രാക്കിംഗ് സംവിധാനം സ്ഥാപിക്കും. ലൈബ്രറി, കാന്റീന്‍ എന്നിവിടങ്ങളെയും ബന്ധിപ്പിക്കും.
കൂടുതല്‍ ഇന്ത്യന്‍ സ്‌കൂളുകളും ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. ഡി പി എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിന്റെ ബസുകളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് സ്‌കൂള്‍ ഗതാഗത ഡയറക്ടര്‍ അസീം അബ്ബാസ് പറഞ്ഞു. ബിര്‍ള പബ്ലിക് സ്‌കൂളും ഈ സംവിധാനം ഏര്‍പ്പെടുത്തും.