നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി

Posted on: June 15, 2016 8:12 pm | Last updated: June 15, 2016 at 8:12 pm

vegitablesതിരുവനന്തപുരം: അരിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. വ്യാപാര സംഘടനാ പ്രതിനിധികളുമായി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ വി.കെ.ബാലകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. റംസാന്‍, ഓണം കാലയളവില്‍ ആന്ധ്രയില്‍ നിന്നുളള അരിയുടെ ലഭ്യത ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് യോഗം വിശദമായി ചര്‍ച്ചനടത്തി. അരി, ഉഴുന്ന്, പയര്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ദൗര്‍ലഭ്യം നിലവിലില്ല എന്ന് വ്യാപാരികള്‍ അറിയിച്ചു.

നിലവിലുളള വിലയില്‍ ന്യായമായ കുറവ് വരുത്താന്‍ വ്യാപാരികള്‍ സന്നദ്ധത പ്രകടിപ്പിച്ചു. ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഇപ്രകാരം നടത്തുന്ന യോഗങ്ങളിലും വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളിലും പൂര്‍ണസഹകരണം വ്യാപാരി പ്രതിനിധികള്‍ ഉറപ്പു നല്‍കി.