വളര്‍ച്ചയുടെ രണ്ടാണ്ട് ആഘോഷിച്ച് ഹമദ് എയര്‍പോര്‍ട്ട്

Posted on: June 15, 2016 8:06 pm | Last updated: June 17, 2016 at 7:56 pm
ഹമദ് എയര്‍പോര്‍ട്ട് ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ മന്ത്രിക്കൊപ്പം
ഹമദ് എയര്‍പോര്‍ട്ട് ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ മന്ത്രിക്കൊപ്പം

ദോഹ: രണ്ടു വര്‍ഷത്തിനിടെ അതിശയിപ്പിക്കുന്ന വളര്‍ച്ച കൈവരിച്ച് ലോകം ഖത്വറിലേക്കും ഖത്വര്‍ ലോകത്തേക്കും തുറക്കുന്ന വലിയ വാതിലായി മാറാന്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിനു കഴിഞ്ഞുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് കമ്യൂണിക്കേഷന്‍ മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അല്‍ സുലൈത്വി. പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷം പൂര്‍ത്തിയായ വേളയില്‍ സംഘടിപ്പിച്ച സ്റ്റേക് ഹോള്‍ഡേഴ്‌സ് അപ്രീസിയേഷന്‍ ഡിന്നര്‍ പാര്‍ട്ടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം. എയര്‍പോര്‍ട്ട് പ്രവര്‍ത്തനത്തന്റെ വിവിധ രംഗങ്ങളില്‍ പങ്കാളികളായവരെ ആദരിക്കുന്നതിനു വേണ്ടിയായിയിരുന്നു സംഗമം.
രണ്ടു വര്‍ഷത്തിനിടെ വിജയകരമായ പ്രവര്‍ത്തനമാണ് എയര്‍പോര്‍ട്ട് കാഴ്ചവെച്ചത്. ഇതില്‍ പങ്കാളികളായവരെ അനുമോദിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ മേഖലയിലെയും ലോകത്തെയും മുന്‍നിര എയര്‍പോട്ടുകളില്‍ ഇടം പിടിക്കാന്‍ ഹമദിനു കഴിഞ്ഞുവെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. ഖത്വര്‍ സ്വയം ഒരു ഡെസ്റ്റിഷനായി മാറുകയും ചെയ്തു. ഖത്വറിന് വ്യോമയായന രംഗത്ത് ഇങ്ങനെയൊരു മുഖമുണ്ടാക്കിയെടുക്കുന്നതില്‍ മന്ത്രാലയം പ്രത്യേകം അഭിനന്ദനമറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഗതാഗത മന്ത്രാലയം, ഖത്വര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ടൂറിസം അതോറിറ്റി, ഖത്വര്‍ മ്യൂസിയം, ആഭ്യന്തര മന്ത്രാലയം, എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍, ജനറല്‍ കസ്റ്റംസ് അതോറിറ്റി, സി ഐ ഡി, ഖത്വര്‍ എയര്‍വേയ്‌സ്, ഖത്വര്‍ ഡ്യൂട്ടി ഫ്രീ, ഖത്വര്‍ എയര്‍വേയ്‌സ് കാര്‍ഗോ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ഈ വിഭാഗങ്ങളെ ഉപഹാരം നല്‍കി ആദരിച്ചു.
രണ്ടു വര്‍ഷത്തിനിടെ ഹമദ് എയര്‍പോര്‍ട്ട് നേടിയെടുത്ത മികവുകള്‍ അവതരിപ്പിച്ചു. സ്‌കൈട്രാക്‌സിന്റെ വേള്‍ഡിന്റെ എയര്‍പോര്‍ട്ട് അവാര്‍ഡ് 2015ലും 2016ലും മിഡില്‍ ഈസ്റ്റിലെ ബെസ്റ്റ് എയര്‍പോര്‍ട്ട് അവാര്‍ഡ്, സ്‌കൈ ട്രാക്‌സിന്റെ വേള്‍ഡ് എയര്‍പോര്‍ട്ട് റാങ്കിംഗിലെ ആദ്യ പത്തില്‍ പ്രവേശിക്കുന്ന മിഡില്‍ ഈസ്റ്റിലെ പ്രഥമ എയര്‍പോര്‍ട്ട് തുടങ്ങിയ പ്രധാന അംഗീകാരങ്ങള്‍ ഹമദ് സ്വന്തമാക്കിയിട്ടുണ്ട്. ഡ്യൂട്ടി ഫ്രീ ഉള്‍പ്പെടെയുള്ള സേവനങ്ങളും സൗകര്യങ്ങളും മികച്ചതാണ്. 40,000 ചതുരശ്ര മീറ്റര്‍ പ്രദേത്താണ് റീട്ടെയില്‍, ഡൈനിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 70 ഷോപ്പുകളും 30 കഫേകളും പ്രവര്‍ത്തിക്കുന്നു. കൂടാതെ എയര്‍സൈഡ് ഹോട്ടല്‍, രണ്ട് സ്‌ക്വാഷ് കോര്‍ട്ടുകള്‍, ജിം, സ്വിമ്മിംഗ് പൂള്‍, സ്പാ എന്നിവയും പ്രവര്‍ത്തിക്കുന്നു. എല്ലാ സൗകര്യങ്ങളും എയര്‍പോട്ട് ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലങ്ങളിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇരട്ടശേഷിയുള്ള രണ്ട് റണ്‍വേകള്‍, ലോകത്തെ വലിയ ഫ്രീ സ്പാന്‍ മെയിന്റനന്‍സ് ഹാംഗറുകള്‍, കട്ടിംഗ് എഡ്ജ് ഇരുനില കാര്‍ഗോ സൗകര്യം എന്നിവയെല്ലാം എയര്‍പോര്‍ട്ടിന്റെ സവിശേഷതകളാണ്.