നോമ്പുകാര്‍ ഭാരം കൂടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

Posted on: June 15, 2016 8:03 pm | Last updated: June 15, 2016 at 8:03 pm

ramzanദോഹ: പകല്‍ സമയത്ത് വ്രതം അനുഷ്ഠിക്കുന്നവര്‍ രാത്രിയില്‍ കൂടുതല്‍ ഭക്ഷണം കഴിച്ച് ഭാരം കൂടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഡയറ്റീഷ്യന്‍മാരുടെ നിര്‍ദേശം. പകല്‍ സമയത്ത് വിശപ്പ് സഹിക്കുന്നവര്‍ക്ക് നോമ്പു തുറക്കുന്ന സമയത്ത് ഭക്ഷണത്തോട് ആസക്തിയുണ്ടാകും. ഇതുവെച്ച് പരിധിയിലധികം കഴിച്ചാല്‍ ശരീരം തടിക്കും. ഇത് ശരീരത്തിന് പ്രയാസം സൃഷ്ടിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
വ്രതം ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ചാല്‍ അതിന്റെ ഫലം നിങ്ങളുടെ ആരോഗ്യത്തിനു ലഭിക്കും എന്ന സന്ദേശത്തിലാണ് റമസാനിലെ ഭക്ഷണ നിയന്ത്രണത്തിനായി ബോധവത്കരണം നടത്തുന്നതെന്ന് ഹമദ് ക്ലിനിക്കല്‍ ഡയറ്ററ്റിക്‌സ് കോഡിനേറ്റര്‍ ചരീന ഡാനിയേല്‍ പറഞ്ഞു. ഭക്ഷണത്തിലെ നിയന്ത്രണമാണ് ആരോഗ്യത്തിനും ആയുസ്സിനും നല്ലതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നോമ്പെടുക്കുമ്പോള്‍ ശരീരത്തില്‍ സംഭരിക്കപ്പെട്ട കൊഴുപ്പും ഗ്ലൂക്കോജനും ഉപയോഗിക്കപ്പെടുന്നു. ഇത് ഭാരം കുറയുന്നതിനും കൊഴുപ്പ് ഇല്ലാതാകുന്നതിനും കാരണമാകുന്നു. എന്നാല്‍ അമിതമായ ഭക്ഷണത്തിലൂടെ ഈ സൗകര്യം ഇല്ലാതാക്കരുത്.
കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഭാരം കുറക്കേണ്ടത്. ഇഫ്താറിനും അത്താഴത്തിനുമുള്ള ഭക്ഷണം ഒരുക്കുമ്പോള്‍ ധാരണയുണ്ടാകണം. ആരോഗ്യത്തിന് അനുഗുണമായതും പോഷകഗുണങ്ങളുമുള്ളതായ ഭക്ഷണങ്ങളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. കാര്‍ബോ ഹൈഡ്രേറ്റ്‌സും നാരുകളുമുള്ള ഭക്ഷണമാണ് കൂടുതലായി കഴിക്കേണ്ടത്. പഴങ്ങളും പച്ചക്കറികളും വര്‍ധിപ്പിക്കണം. താരതമ്യേന കൊഴുപ്പു കുറഞ്ഞ കോഴിയോ മത്സ്യമോ ആകാം. പൊരിച്ച ഭക്ഷണങ്ങള്‍ക്കു പകരം ചുട്ടതു കഴിക്കുകയാണ് നല്ലത്. ഇഫ്താര്‍ ഭക്ഷണമുള്‍പ്പെടെ ഡയറ്റീഷ്യന്‍മാരില്‍നിന്ന് അഭിപ്രായം തേടി ഉപയോഗിക്കുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.