‘ആദ്യം ഇന്ത്യക്കാരനെന്ന് തെളിയിക്കൂ, എന്നിട്ടാകാം ചോദ്യത്തിന് മറുപടി’: ആഭ്യന്തരമന്ത്രാലയം

Posted on: June 15, 2016 6:08 pm | Last updated: June 16, 2016 at 10:00 am
SHARE

Ishrat-Jahan.jpg.ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കണമെങ്കില്‍ ആദ്യം ഇന്ത്യക്കാരനെന്ന് തെളിയിക്കണമെന്ന് അപേക്ഷകനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്വേഷിക്കുന്ന ഏകാംഗ കമ്മീഷന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ ആളോടാണ് ഇന്ത്യക്കാരനെന്ന് തെളിയിക്കാന്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി ബികെ പ്രസാദ് ആണ് കേസ് അന്വേഷിക്കുന്നത്. കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ പകര്‍പ്പും കമ്മീഷന്റെ കാലാവധി നീട്ടിയതുമായി ബന്ധപ്പെട്ട ഫയലുകളുടെ പകര്‍പ്പുമാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെങ്കില്‍ ഇന്ത്യക്കാരനാണെന്ന് ആദ്യം തെളിയിക്കാനായിരുന്നു ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടത്.

2005ലെ വിവരാവകാശ നിയമപ്രകാരം ഇന്ത്യക്കാര്‍ക്ക് മാത്രമേ വിവരങ്ങള്‍ തേടാനാവൂ. എന്നാല്‍ അപേക്ഷകന്റെ പൗരത്വത്തെ കുറിച്ച് സംശയം തോന്നുന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത്തരം രേഖ ആവശ്യപ്പെടാറുള്ളു. ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിക്കെതിരെ വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. നിയമത്തിന്റെ സുതാര്യത ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് വിവരാവകാശപ്രവര്‍ത്തകന്‍ അജയ് ദുബെ പറഞ്ഞു. ആവശ്യപ്പെട്ട വിവരം നല്‍കുന്നത് വൈകിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here