Connect with us

Gulf

റമസാനില്‍ ഒരുമിച്ചുകൂടാന്‍ അല്‍ ഖസ്ബ ഒരുങ്ങി

Published

|

Last Updated

ഷാര്‍ജ: വിശുദ്ധ റമസാന്‍ അതിന്റെ ധന്യതയില്‍ അനുഭവിക്കാനും കുടുംബത്തോടൊത്ത് ഒരുമിച്ചു കൂടാനും ഷാര്‍ജയിലെ പ്രമുഖ കേന്ദ്രമായ അല്‍ ഖസ്ബ ഒരുങ്ങി. അതിമനോഹരമായി സംവിധാനിച്ചിരിക്കുന്ന വര്‍ണശബളമായ വൈദ്യുതി ദീപങ്ങളും നടപ്പാതകളും ഇരിപ്പിടങ്ങളും മറ്റും വിശ്വാസികള്‍ക്കായി അലങ്കരിച്ചിട്ടുണ്ട്. അറബികളും വിദേശികളുമായ സന്ദര്‍ശകര്‍ക്കായി ഇവിടം ഒരുങ്ങികഴിഞ്ഞു.
അല്‍ ഖസ്ബയിലെ റെസ്റ്റോറന്റുകളും കഫേകളും നടപ്പാതക്കരികില്‍ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളിലാണ് ഭക്ഷണം വിളമ്പുന്നത്. അത്താഴ സമയവും ഇഫ്താര്‍ സമയവും അറിയിക്കാനായി പീരങ്കി ഉപയോഗിക്കുന്നുണ്ട്. വൈകുന്നേരം മൂന്നു മുതലാണ് റെസ്റ്റോറന്റുകളും കഫേകളും തുറന്നു പ്രവര്‍ത്തിക്കുക. കൂടാതെ ഫാഷന്‍ ഔട്ട്‌ലെറ്റുകള്‍, ജ്യൂസ് ഷോപ്പുകള്‍, ഐസ്‌ക്രീം കിയോസ്‌ക് തുടങ്ങി രുചികരമായ ലഘുഭക്ഷണങ്ങള്‍ വിളമ്പുന്ന ഷോപ്പുകളും ഇവിടെയുണ്ട്. ആരെയും കൊതിപ്പിക്കുന്ന ഫ്രാന്‍സിലെ ഡൈനിംഗ് അനുഭവം സമ്മാനിക്കുന്ന ജെറാര്‍ഡ് റെസ്റ്റോറന്റും ഈജിപ്ഷ്യന്‍ വിഭവങ്ങളായ കുഷാരി, ഹമൂസ്, ഫവ ബീന്‍സ്, ഫലാഫില്‍, അറബിഅപ്പങ്ങള്‍ എന്നിവ വിളമ്പുന്ന ഗ്രാന്റ് അബൂ ഷക്‌റ റെസ്റ്റോറന്റും ഇവിടെയുണ്ട്.
കൂടാതെ ഫിഷ് കോര്‍ണറില്‍ പരമ്പരാഗത രുചി നല്‍കുന്ന മത്സ്യ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിഭവങ്ങള്‍ ചേരുവ ചേര്‍ത്ത് തയ്യാറാക്കി നല്‍കും. പുറമെ ഇറച്ചി, പച്ചക്കറി വിഭവങ്ങളും വിളമ്പും.
ഉപഭോക്താക്കള്‍ക്ക് പാനീയങ്ങളും ലഘുഭക്ഷണങ്ങളുമായി ഇരിക്കാന്‍ ഗസ്റ്റോ ഗെലാട്ടോ, ജസ്റ്റ് ഫലാഫെല്‍, പൊട്ടാറ്റോ ഹട്ട്, അസ്‌ലി ബോറെക്, കരിബോ കോഫി, സ്റ്റാര്‍ ബക്‌സ് കോഫി എന്നീ കഫേകളും ഉണ്ട്. വിശ്വാസികള്‍ക്ക് ഇഫ്താറും മഗ്‌രിബ്, ഇശാഅ്, തറാവീഹ് നിസ്‌കാരങ്ങള്‍ നടത്താനുമുള്ള സൗകര്യങ്ങളും അല്‍ ഖസ്ബ മസ്ജിദിലുണ്ട്. വിനോദസഞ്ചാരികള്‍ക്കായി സാംസ്‌കാരിക പരിപാടികളും അല്‍ ഖസ്ബയില്‍ നടന്നുവരുന്നു. 250 പേരെ ഉള്‍കൊള്ളുന്ന അല്‍ ഖസ്ബ തിയേറ്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ബിസിനസ് സെന്റര്‍, അല്‍ ഖസ്ബ പ്ലാസ, കിഡ്‌സ് ഫണ്‍ സോണ്‍, അല്‍ ഖസ്ബ മ്യൂസിക്കല്‍ ഫൗണ്ടേഷന്‍, മറായ ആര്‍ട് സെന്റര്‍ എന്നിവയാണ് ഇവിടെയുള്ള മറ്റു സവിശേഷതകള്‍.

Latest