Connect with us

Gulf

ഒരു വീട് ഒരു കുടുംബം; നിയമം കര്‍ശനമാക്കും

Published

|

Last Updated

ദുബൈ: ഒരു വീട്ടില്‍ ഒരു കുടുംബം മാത്രമേ താമസിക്കാന്‍ പാടുള്ളൂ എന്ന നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് ദുബൈ നഗരസഭ വ്യക്തമാക്കി. ഇത് സംബന്ധിച്ച് വാടകയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വില്ലകളില്‍ ബാച്‌ലര്‍മാര്‍ താമസിക്കുന്നതിനെ ഉടമകള്‍ നിരുത്സാഹപ്പെടുത്തണം. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ആയിരം ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ചുമത്തും.
വാടകക്കരാറില്‍ പറയുന്ന പ്രകാരം തന്നെയാണോ വാടകക്കാര്‍ താമസിക്കുന്നതെന്ന് ഉടമകള്‍ നിരന്തരം നിരീക്ഷണം നടത്തണം. വാടകക്കരാര്‍ അംഗീകൃതമാണോ എന്ന് പരിശോധന നടത്തണം. വില്ലയായാലും അപ്പാര്‍ട്‌മെന്റായാലും ഒരു വീട്ടില്‍ ഒരു കുടുംബം മാത്രമേ പാടുള്ളൂ. വാടകക്കരാറിലെ ഇത്തരം നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കണം. ചില സന്ദര്‍ഭങ്ങളില്‍ വാടകയുടമകള്‍ അറിയാതെയാണ് നിയമ ലംഘനങ്ങള്‍ നടത്തുന്നത്.
വില്ലകളില്‍ ബാച്‌ലര്‍മാരെ ഒഴിപ്പിക്കാന്‍ വേണ്ടിയുള്ള പ്രചാരണം തുടങ്ങിയിട്ടുണ്ട്. മലിന ജലം ഒഴുകുന്നതിനുള്ള സൗകര്യം, വൈദ്യുതി ബന്ധം, പാര്‍ക്കിംഗ് തുടങ്ങിയവയെ ബാധിക്കുന്ന തരത്തില്‍ കൂടുതല്‍ ആളുകള്‍ താമസിക്കാന്‍ പാടില്ല. ഒരു കെട്ടിടത്തിന്റെ കാല പരിധിയും പരിശോധനക്ക് വിധേയമാക്കണം. കുടുംബമായി താമസിക്കുന്ന സ്ഥലങ്ങളില്‍ ബാച്‌ലര്‍മാര്‍ പാടില്ല. ബാച്‌ലര്‍മാരെ കാണുകയാണെങ്കില്‍ വിവരം നഗരസഭയെ അറിയിക്കണം. വീടുകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നത് കനത്ത പിഴക്ക് ഇടയാക്കും. ചതുരശ്രയടിക്ക് 10 ദിര്‍ഹം എന്ന കണക്കിനാണ് പിഴ. കുടുംബങ്ങള്‍ താമസിക്കുന്നയിടങ്ങളില്‍ കമ്പനികളുടെ ജീവനക്കാര്‍ താമസിക്കാന്‍ പാടില്ല. അല്‍ ബിദായ, ജാഫിലിയ്യ, ജുമൈറ, റാശിദിയ്യ എന്നിവിടങ്ങളില്‍ ബാച്‌ലര്‍മാര്‍ താമസിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് നിരുത്സാഹപ്പെടുത്തണം. പാം ജുമൈറ, ജുമൈറ ലേക്ക് ടവേര്‍സ്, ഡിസ്‌കവറി ഗാര്‍ഡന്‍, ഇന്റര്‍നാഷനല്‍ സിറ്റി എന്നിവിടങ്ങളില്‍ അപാര്‍ട്‌മെന്റുകളില്‍ ജനബാഹുല്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും. 200 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരാള്‍ എന്നനിലയിലാണ് താമസ സ്ഥലത്തെ കണക്കാക്കേണ്ടതെന്നും നഗരസഭ വ്യക്തമാക്കി.