സാമ്പത്തിക വികസന വകുപ്പ് ‘സിറാജ്’ സംരംഭത്തിന് തുടക്കം കുറിച്ചു

Posted on: June 15, 2016 4:54 pm | Last updated: June 15, 2016 at 4:54 pm

siraj logoദുബൈ: ഏകോപന സാമൂഹിക ഉത്തരവാദിത്വവും ജീവകാരുണ്യ പദ്ധതികളും നടപ്പാക്കുന്നതിന് സാമ്പത്തിക വികസന വകുപ്പ് ‘സിറാജ്’ സംരംഭത്തിന് തുടക്കം കുറിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ്ബ് ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഇത്. ഇതിന്റെ ആദ്യ പദ്ധതിയില്‍ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് പുസ്തകങ്ങളെത്തിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടക്കം കുറിച്ച ‘റീഡിംഗ് നാഷന്‍’ പ്രചാരണത്തിലേക്ക് 50 ലക്ഷം പുസ്തകങ്ങള്‍ നല്‍കും.
സംരംഭത്തിന്റെ ഭാഗമായി ‘സിറാജ് എക്‌സിബിഷന്‍’ എന്ന പേരില്‍ ദുബൈ ചെറുകിട-ഇടത്തരം സംരംഭകരുടെ നിരവധി ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചാരിറ്റി ബസാര്‍ ഒരുക്കും. ഈ മാസം 16 മുതല്‍ 21 വരെ ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളിലാണ് സിറാജ് എക്‌സിബിഷന്‍. രാത്രി ഒന്‍പതിന് തുടങ്ങുന്ന പ്രദര്‍ശനം അര്‍ധരാത്രി 12ന് അവസാനിക്കും. കൂടാതെ റീഡിംഗ് നാഷന്‍ പ്രചാരണത്തിലേക്ക് ധനസമാഹരണത്തിനായി ദുബൈയിലെ വാണിജ്യ നിക്ഷേപകരുടെയും സംരംഭകരുടെയും പിന്തുണയോടെ ‘സിറാജ് ഈവനിംഗ്’ ഒരുക്കും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഏകോപന സാമൂഹിക ഉത്തരവാദിത്വവും മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ‘സിറാജ്’ന്റെ ലക്ഷ്യമെന്ന് സാമ്പത്തിക വികസന വകുപ്പ് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മറിയം അല്‍ അഫ്രീദി പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ യു എ ഇ നേതൃത്വത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റാനാകും. റീഡിംഗ് നാഷന്‍ കാമ്പയിനെ പിന്തുണക്കുന്നതുപോലെ രാജ്യത്തിന്റെ ഭരണകര്‍ത്താക്കള്‍ തുടക്കം കുറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഐക്യദാര്‍ഡ്യം തുടരുമെന്നും മറിയം വ്യക്തമാക്കി.
വിവിധ സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ച് യു എ ഇ സര്‍ക്കാരിന്റെ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നടപടിക്രങ്ങളുമായി മുന്നോട്ടുപോകുമെന്നും മറിയം അല്‍ അഫ്രീദി കൂട്ടിച്ചേര്‍ത്തു.