Connect with us

Gulf

കാര്‍ഗോ പ്രതിസന്ധി തീര്‍ന്നതായി അസോസിയേഷന്‍

Published

|

Last Updated

അബുദാബി: കാര്‍ഗോ പ്രതിസന്ധി പൂര്‍ണമായും അവസാനിച്ചതായി അന്താരാഷ്ട്ര കൊറിയര്‍ കാര്‍ഗോ ഏജന്‍സി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മെയ് മുതലാണ് കാര്‍ഗോ കൊറിയര്‍ രംഗത്ത് പ്രതിസന്ധി ഉടലെടുത്തത്. കുത്തഴിഞ്ഞ രീതിയിലുള്ള സേവനങ്ങളും ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ചില കള്ളക്കടത്ത് കച്ചവട സാധനങ്ങള്‍ കയറ്റി അയക്കുവാന്‍ കൊറിയര്‍ സര്‍വീസ് ദുരുപയോഗം ചെയ്യുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം. കാര്‍ഗോ വഴി ദുരുപയോഗം ശക്തമായതോടെ സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കുകയും ഇന്ത്യന്‍ കസ്റ്റംസ് അതികൃതര്‍ കാര്‍ഗോ/കൊറിയര്‍ ക്ലിയറന്‍സ് നിര്‍ത്തിവെക്കുകയും ചെയ്തു. ഇതു കാരണം ആറ് മാസക്കാലമാണ് ഗള്‍ഫിലെയും ഇന്ത്യയിലേയും കാര്‍ഗോ കമ്പനികള്‍ പ്രതിസന്ധി നേരിട്ടത്. രൂക്ഷമായ പ്രതിസന്ധിയില്‍ നിരവധി കാര്‍ഗോ കമ്പനികള്‍ അടച്ച് പൂട്ടുകയും കാര്‍ഗോ മേഖലയില്‍ ജോലി ചെയ്ത നിരവധിപേര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തുവെന്നും ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്റെ പ്രയത്‌നഫലമായി ഡല്‍ഹി, കൊച്ചി, മുംബൈ, ബാംഗ്ലൂര്‍ വിമാനത്താവളങ്ങളില്‍ ക്ലിയറന്‍സ് പുനരാരംഭിച്ചുവെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഡോര്‍ ടു ഡോര്‍ സര്‍വീസ് മുഖേന ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ അയക്കുന്നത് നിര്‍ത്തലാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ റമസാന്‍ മാസത്തിലെ മുഴുവന്‍ സാധനങ്ങളും നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു. അസോസിയേഷന്‍ മെമ്പര്‍മാര്‍ക്ക് നിയമ ബോധവത്കരണ കാമ്പയിനും നടപ്പിലാക്കിയെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫൈസല്‍ കാരാട്ട്, മുഹമ്മദ് സിയാദ്, ഫൈസല്‍ തയ്യില്‍, നിസാര്‍, നവ്‌നീത് പ്രഭാകര്‍ പങ്കെടുത്തു.

ഡോര്‍ ടു ഡോര്‍ കാര്‍ഗോ രംഗത്ത് പാലിക്കേണ്ട മാനദണ്ഡങ്ങള്‍
* നിലവിലുള്ള ഇന്ത്യന്‍ കസ്റ്റംസ് നിയമം അനുസരിച്ച് 20,000 രൂപ വരെ ഡ്യൂട്ടി ഫ്രീ ഗിഫ്റ്റ് പാര്‍സല്‍ ക്ലിയറന്‍സ് അനുമതി നല്‍കിയിട്ടുണ്ട്
* പാര്‍സല്‍ ആയക്കുന്ന ആളുകളുടെയും കിട്ടേണ്ടുന്ന ആളുകളുടെയും ഫോട്ടോ, ഐ ഡി കോപ്പി നല്‍കണം
* അയക്കുന്ന സാധനങ്ങളുടെ മൂല്യം 20,000 രൂപയില്‍ കൂടുവാന്‍ പാടുള്ളതല്ല. ഇതില്‍ കുടുത്തല്‍ മൂല്യം ഉള്ള സാധനങ്ങള്‍ ആണെങ്കില്‍ കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍ ബാധ്യസ്ഥരാണ്
* അയക്കുന്ന സാധനങ്ങളുടെ വ്യക്തമായ പാക്കിംഗ് ലിസ്റ്റ് നല്‍കണം (ഇതില്‍ സാധനങ്ങളുടെ വിലയും അളവും എണ്ണവും എല്ലാം രേഖപ്പെടുത്തണം)
* കച്ചവട ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ കൊറിയര്‍ മുഖാന്തരം അയക്കാതിരിക്കുക. ഇന്നല്ലെങ്കില്‍ നാളെ അധികൃതര്‍ നിങ്ങളെ നിയമ നടപടികള്‍ക്കായി തേടിയെത്തും.
* അസോസിയേഷനും ഇന്ത്യന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നതു കാരണം ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ എത്തിക്കും
* കാര്‍ഗോ കൊറിയര്‍ അയക്കുമ്പോള്‍ അസോസിയേഷന്‍ മെമ്പര്‍മാര്‍ മുഖേനയുള്ള കമ്പനികള്‍ വഴി അയക്കുക
* അസോസിയേഷന്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ പേര് വിവരം അസോസിയേഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും
* അസോസിയേഷന്‍ ഒരു ഏകീകൃത നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഇതിലും കുറഞ്ഞ വിലക്ക് പാര്‍സലുകള്‍ എടുക്കുന്ന കമ്പനികര്‍ ഉണ്ടെങ്കില്‍ അതില്‍ വഞ്ചിതരാവാതിരിക്കുക. ഇത്തരം കമ്പനികളാണ് മുമ്പും പല പേരുകളിലും ഈ സേവനം നശിപ്പിച്ചത്. അവര്‍ നിങ്ങളുടെ കാര്‍ഗോ സാധനങ്ങളില്‍ കൂടി മറ്റു കച്ചവട സാധനങ്ങള്‍ കയറ്റി വിടും. അത് നിങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടായി മാറുകയും നിയമക്കുരുക്കില്‍ അടക്കപെടുകയും ചെയ്യും
* ഡോര്‍ ടു ഡോര്‍ സേവനം പരിപൂര്‍ണ ഇന്‍ഷ്വറന്‍സ് കവറേജ് പരിധിയില്‍ പെടുത്താന്‍ ഗവണ്‍മെന്റ് അംഗീകൃത ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ധാരണ ഉണ്ടാക്കും
* കൊറിയര്‍ രീതിയില്‍ വല്ല കള്ളകടത്ത് സാധനങ്ങളും അല്ലെങ്കില്‍ കച്ചവട സാധനങ്ങളും കയറ്റി അയക്കുന്നുവെങ്കില്‍ അസോസിയേഷന്റെ ഇ മെയിലില്‍ പരാതി അറിയിക്കാവുന്നതാണ്.

Latest