ട്രാം പദ്ധതിയുമായി അജ്മാന്‍ നഗരസഭ; ഈ വര്‍ഷാവസാനത്തോടെ സ്മാര്‍ട് സിറ്റിയാക്കും

Posted on: June 15, 2016 4:47 pm | Last updated: June 15, 2016 at 4:47 pm
SHARE

tram#ഫൈസല്‍ ചെന്താപ്പിന്നി
അജ്മാന്‍: ഗതാഗത സൗകര്യം സുഗമമാക്കുന്നതിന് അജ്മാന്‍ നഗരസഭ ട്രാം സര്‍വീസ് ആരംഭിക്കുമെന്ന് അജ്മാന്‍ നഗരസഭ ആന്‍ഡ് പ്ലാനിംഗ് ഡിപാര്‍ട്‌മെന്റ് ചെയര്‍മാന്‍ ശൈഖ് റാശിദ് അല്‍ നുഐമി. 430 കോടി ചിലവില്‍ ഗതാഗത ശൃംഖലകളുടെ വികസനം, സ്റ്റേഷനുകളുടെ നിര്‍മാണം, ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ പദ്ധതികളും ഇതോടൊപ്പം നടപ്പില്‍ വരുത്തുന്നുണ്ട്.
ഒരു ലക്ഷം ദിര്‍ഹം ചിലവില്‍ അല്‍ സോറ മേഖലയില്‍ നിര്‍മാണത്തിന് ഉദ്ദേശിക്കുന്ന മറീന എന്റര്‍ടൈന്‍മെന്റ് പദ്ധതി പ്രദേശത്ത് നാല് ഹോസ്പിറ്റലുകള്‍, മലിന ജല ഓടകളുടെ വിപുലീകരണം തുടങ്ങിയ പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്, ശൈഖ് റാശിദ് കൂട്ടിച്ചേര്‍ത്തു. എമിറേറ്റിന്റെ മുഖ്യ റവന്യൂ മേഖലയായ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ പരിപോഷണത്തിന് നഗരസഭ ഊന്നല്‍ നല്‍കും. വിദ്യാഭ്യാസം, ആരോഗ്യ സേവനം എന്നീ മേഖലകളിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ശ്രദ്ധചെലുത്തും.
റോഡുകള്‍ നവീകരിക്കുന്നതിലൂടെ എമിറേറ്റിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരുന്നു. റോണാ റൗണ്ട് എബൗട്ട് പ്രദേശത്ത് മേല്‍പ്പാലം നിര്‍മിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയും. ഇതിനുവേണ്ട നടപടികള്‍ ഊര്‍ജിതമാണ്. മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ ഉന്നത നിലവാരമുള്ള താമസയിടങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷാവസാനത്തോടെ അല്‍ സോറാ പദ്ധതി പ്രദേശത്ത് അഞ്ച് സ്റ്റാര്‍ഹോട്ടലുകളും 42 വില്ലകളും പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. വിഷന്‍ 2021ന്റെ ഭാഗമായി പാഴ്‌വസ്തുക്കളില്‍ നിന്നും പുനരുത്പാദന പദ്ധതി അത്യാധുനിക രീതിയില്‍ നവീകരിക്കുന്നതിലൂടെയും താമസക്കാര്‍ക്കിടയില്‍ പ്രകൃതി സംരക്ഷണ ബോധവത്കരണം ശക്തമാക്കുന്നതിലൂടെയും ഗ്രീന്‍ എക്കണോമി ശക്തിപ്പെടുത്തും. വ്യവസായ ശാലകള്‍ക്കിടയില്‍ പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിലൂടെ വായു മലിനീകരണം നിയന്ത്രിക്കാന്‍ കഴിഞ്ഞു.
കെട്ടിടങ്ങളുടെ സുരക്ഷക്ക് വാസ്തുശില്‍പ ഭംഗി കൂട്ടുന്നതും എന്നാല്‍ പെട്ടെന്ന് തീപിടിക്കുന്നതുമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മാണം വിലക്കിയിട്ടുണ്ട്. ഈ വര്‍ഷാവസാനം നഗരസഭ സേവനങ്ങള്‍ക്ക് ഇലക്‌ട്രോണിക് വത്കരണം നടത്തും. ഇതിനോടകം 36 ഇലക്‌ട്രോണിക്‌സ് സേവനങ്ങള്‍ നിലവിലുണ്ട്. അത്യാധുനിക രീതിയില്‍ സ്മാര്‍ട് ടെക്‌നോളജിയിലേക്ക് നഗരസഭ പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നതിലൂടെ അജ്മാന്‍ നഗരസഭയെ സ്മാര്‍ട് സിറ്റിയായി ഉയര്‍ത്താന്‍ കഴിയും, ശൈഖ് റാശിദ് പ്രത്യാശ പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here