ഫല്ലൂജയില്‍ നിന്ന് ഇസില്‍ തോറ്റു പിന്മാറിത്തുടങ്ങി

Posted on: June 15, 2016 9:46 am | Last updated: June 15, 2016 at 9:46 am

ബഗ്ദാദ്: ഫല്ലൂജ നഗരത്തില്‍ നിന്ന് ഇസില്‍ ഭീകരവാദികള്‍ സാധാരണക്കാര്‍ക്കൊപ്പം ആള്‍മാറാട്ടം നടത്തി രക്ഷപ്പെടുന്നതായി ഇറാഖ് സൈന്യം. അടുത്തിടെയായി ഇറാഖ് സൈന്യം ഫല്ലൂജ നഗരം വളഞ്ഞ് ഇസിലിനെതിരെ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടുപോകുന്നവരോടൊപ്പം ഇസില്‍ ഭീകരരും രക്ഷപ്പെടുന്നതെന്ന് ഇറാഖ് സൈന്യം വ്യക്തമാക്കി. ഫല്ലൂജ നഗരം തിരിച്ചുപിടിക്കാനായി നഗരത്തില്‍ പ്രവേശിച്ച ശേഷം ഇതുവരെ 500ലധികം ഇസില്‍ സൈനികരെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടികൂടിയിട്ടുണ്ട്. ഇറാഖിലെ ഇസില്‍ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന ഈ നഗരം തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈന്യം ശ്രമം തുടരുകയാണ്.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നതെന്ന് അന്‍ബാര്‍ പ്രവിശ്യാ പോലീസ് മേധാവി ഹാദി റസ്‌യെജ് പറഞ്ഞു. ഇതേ തുടര്‍ന്ന് പരിശോധനാ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ സൈന്യത്തെ സമീപിക്കുന്ന സാധാരണക്കാരില്‍ കൗമാരക്കാരെയും മുതിര്‍ന്നവരെയും രണ്ടായി തിരിച്ച് സംശയം തോന്നുന്ന ചിലരെ മണിക്കൂറുകള്‍ നീളുന്ന ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ഇതിന് ശേഷം ഇസില്‍ വിഭാഗത്തില്‍പ്പെട്ടവരല്ലെന്ന് ഉറപ്പായാല്‍ മാത്രമേ ഇവരെ നഗരത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കുന്നുള്ളൂവെന്നും പോലീസ് പറഞ്ഞു.
ഒരു ലക്ഷത്തോളം സാധാരണക്കാര്‍ ഫല്ലൂജ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നതായി അടുത്തിടെ ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു. ബഗ്ദാദില്‍ നിന്ന് 50 കി. മീ മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ നഗരം തിരിച്ചുപിടിക്കുകയെന്നത് ഇറാഖ് സൈന്യത്തിനും സര്‍ക്കാറിനും ഏറെ തന്ത്രപ്രധാനമായ മുന്നേറ്റമായിരിക്കും.