ദഭോല്‍ക്കര്‍ വധം:പ്രതികളെ കുറിച്ച് വിവരം ലഭിച്ചു

Posted on: June 15, 2016 9:40 am | Last updated: June 15, 2016 at 9:43 am

DHABOLKARപൂണെ: യുക്തിവാദി നരേന്ദ്ര ദഭോല്‍ക്കറെ വധിച്ചവരെ കുറിച്ചുള്ള കൃത്യമായ സൂചനകള്‍ ലഭിച്ചുവെന്ന് കേസന്വേഷിക്കുന്ന സി ബി ഐ. 2009ലെ മര്‍ഗോവ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഈ കേസിലും ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് സി ബി ഐയുടെ നിഗമനം. ദല്‍ഭോക്കറുടെ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ വീരേന്ദ്ര താവ്‌ഡെയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേക്ക് എത്തിയതെന്ന് അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു.

താവ്‌ഡെ തയ്യാറാക്കിയ പദ്ധതി പ്രകാരം, ഒളിവില്‍ കഴിയുന്ന സനാതന്‍ സന്‍സ്ത നേതാക്കളായ സാരംഗ് അകോല്‍കറും രുദ്ര പാട്ടീലുമാണ് ദഭോല്‍കര്‍ വധമെന്ന കൃത്യം നടപ്പാക്കിയതെന്നാണ് സി ബി ഐ കരുതുന്നത്. ദഭോല്‍ക്കര്‍ വധത്തിന് ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റായ ഡോ. താവ്‌ഡെയെ പന്‍വേലിലെ വസതിയില്‍ വെച്ച് സി ബി ഐ അറസ്റ്റ് ചെയ്യുന്നത്. സി പി ഐ നേതാവ് ഗോവിന്ദ് പന്‍സാരെയുടെ വധത്തിന് പിന്നിലും ഈ സംഘം തന്നെയാണോ എന്ന അന്വേഷണവും സി ബി ഐ നടത്തുന്നുണ്ട്. 2009 ഒക്‌ടോബര്‍ 16ന് അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ കടത്തുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരായ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസ് പരിഗണിച്ച മര്‍ഗോവ പ്രത്യേക കോടതി തെളിവുകളുടെ അഭാവത്തില്‍ 11 പ്രതികളില്‍ ആറ് പേരെ വിട്ടയച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പേരില്‍ അകോല്‍കറെയും പാട്ടീലിനെയും ഇതുവരെ പിടികൂടാനായിട്ടില്ല.
ഇരുവരും താവ്‌ഡെയുമായി നടത്തിയ ഇമെയില്‍ സന്ദേശങ്ങള്‍ പരസ്പര ബന്ധം വ്യക്തമാക്കുന്നതാണെന്ന് സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു. അകോല്‍കര്‍ ഫോണ്‍ വഴിയും താവ്‌ഡെയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ മാസം ഒന്നിന് താവ്‌ഡെയുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സി ബി ഐ കണ്ടെടുത്തിരുന്നു. മൂവരും നടത്തിയ ഇമെയില്‍ സന്ദേശങ്ങള്‍ അന്വേഷണ ഏജന്‍സി പരിശോധിച്ചുവരികയാണ്.
താവ്‌ഡെയെ ഗുരുവായാണ് അകോല്‍കര്‍ കരുതിയിരുന്നത്. ഹിന്ദു രാഷ്ട്രം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷത്തോടെ മറ്റുള്ളവരുമായി ചേര്‍ന്ന് 15,000 പേരടങ്ങുന്ന സൈന്യം രൂപവത്കരിക്കുന്നതിനുള്ള ആലോചനകള്‍ ഇവര്‍ നടത്തിയിരുന്നു.