Connect with us

Malappuram

പ്ലസ് ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം; എട്ട് വിദ്യാര്‍ഥികള്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

വളാഞ്ചേരി: പ്ലസ് ടു സേ പരീക്ഷയില്‍ ആള്‍ മാറാട്ടം നടത്തിയ എട്ട് വിദ്യാര്‍ഥികള്‍ കൂടി അറസ്റ്റില്‍. അഞ്ച് പേരെ മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും രണ്ട് പേരെ കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഒരു വിദ്യാര്‍ഥിയെ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്ത്. ഇവരില്‍ ആറ് പേര്‍ക്ക് പ്രായ പൂര്‍ത്തിയായിട്ടില്ല. ഇതോടെ പിടിയിലായവരുടെ എണ്ണം പന്ത്രണ്ടായി. പ്ലസ് ടു സേ പരീക്ഷയിലെ ഇംഗ്ലീഷ് പരീക്ഷക്കാണ് വിദ്യാര്‍ഥികള്‍ ആള്‍മാറാട്ടം നടത്തിയത്. ഹാള്‍ടിക്കറ്റില്‍ യഥാര്‍ഥ വിദ്യാര്‍ഥിക്ക് പകരം പിടിയിലായവര്‍ തങ്ങളുടെ ഫോട്ടോ വെച്ചാണ് ആള്‍മാറാട്ടം നടത്തിയത്.

കഴിഞ്ഞ ദിവസം എടപ്പാളില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയതിന് നാല് പേരെ പിടികൂടിയിരുന്നു. ഇതേ തുടര്‍ന്ന് എക്‌സാമിനേഷന്‍ സ്‌പെഷ്യല്‍ ഇന്‍വിജിലേറ്റര്‍മാര്‍ സ്‌കൂളുകളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനക്കിടെയാണ് എട്ട് പേരും പിടിയിലായത്. കോട്ടക്കല്‍ ഗവ. രാജാസ് സ്‌കൂളില്‍ പരീക്ഷ എഴുതിയ ഷബിന്‍ ഷാന്‍, അര്‍ഷിദ് എന്നിവരാണ് പോലീസ് പിടിയിലായത്. ഷബിന്‍ഷാക്ക് വേണ്ടി അര്‍ഷിദിനെ കൊണ്ട് പരീക്ഷ എഴുതിപ്പിക്കുകയായിരുന്നു. ഹാള്‍ ടിക്കറ്റിലെ ഫോട്ടോക്ക് മുകളില്‍ സീല്‍ ഇല്ലാത്തത് കണ്ട് സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ പ്രിന്‍സിപ്പാളിനെ വിവരം അറിയിച്ചു. ഇവര്‍ പോലീസിന് വിവരം കൈമാറിയാണ് അറസ്റ്റ്. ആള്‍മാറാട്ടം, വ്യാജ ഹാള്‍ട്ടിക്കറ്റ് നിര്‍മാണം, ചതി എന്നീ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിടിയിലായ ആറ് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. രാജാസ് സ്‌കൂള്‍ കോട്ടക്കല്‍ ഭാഗത്തെ പല സ്‌കൂളുകളുടെയും സേ പരീക്ഷാ കേന്ദ്രമാണ്. മൂന്ന് ദിവസമായി പരീക്ഷ ആരംഭിച്ചിട്ട്. പിടിയിലായ വിദ്യാര്‍ഥികളെ കോടതിയില്‍ ഹാജരാക്കും.

Latest