Connect with us

Kerala

കുട്ടനാട് പാക്കേജില്‍ ഗുരുതരമായ വീഴ്ച: മന്ത്രി

Published

|

Last Updated

ആലപ്പുഴ: കുട്ടനാട് പാക്കേജ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി മന്ത്രി വി എസ് സുനില്‍കുമാര്‍. ഇതില്‍ സംഭവിച്ച കെടുകാര്യസ്ഥതയെക്കുറിച്ചും അഴിമതിയെക്കുറിച്ചും അന്വേഷിച്ച് കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ റാണി-ചിത്തിര കായലുകളും മടവീണ കൈനകരി കുപ്പപ്പുറം പാടശേഖരവും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിശ്ചയിച്ച രീതിയിലല്ല പദ്ധതികള്‍ നടപ്പാക്കപ്പെട്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പാക്കേജിന്റെ പുനരുജ്ജീവനമെന്ന നിലയില്‍ പദ്ധതി തയാറാക്കി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കമായി കുട്ടനാട് പാക്കേജിന്റെ കാലാവധി അവസാനിച്ചു. പദ്ധതി നടത്തിപ്പിന്റെ ന്യൂനതകള്‍ മനസിലാക്കി പാക്കേജിന്റെ പുനരുജ്ജീവനമെന്ന നിലയില്‍ പുതിയ രൂപത്തില്‍ പദ്ധതികള്‍ തയാറാക്കി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കും. പരിസ്ഥിതി-കൃഷി സംരക്ഷണത്തിന്റെ സുപ്രധാനപ്രദേശമെന്ന നിലയിലാണ് സര്‍ക്കാര്‍ കുട്ടനാടിനെ കാണുന്നത്. കുട്ടനാട് പാക്കേജിലെ പദ്ധതികളുടെ ഏകോപനത്തില്‍ പിഴവുണ്ടായത് മൂലം കര്‍ഷകര്‍ക്ക് വേണ്ടത്ര പ്രയോജനപ്പെട്ടില്ല. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
നെല്ലു സംഭരിച്ച വകയില്‍ കൃഷിക്കാര്‍ക്കു ലഭിക്കാനുള്ള കുടിശിക പത്തുദിവസത്തിനുള്ളില്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നെല്ലു സംഭരിച്ച വകയില്‍ 338 കോടി രൂപയാണ് കുടിശിക നല്‍കാനുള്ളത്. 72 കോടി രൂപ ആലപ്പുഴയില്‍ നല്‍കാനുണ്ട്. ഇത് 10 ദിവസത്തിനുള്ളില്‍ നല്‍കും. അടുത്തവര്‍ഷം മുതല്‍ നെല്ല് സംഭരിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ പണം നല്‍കും.
നാളികേരം സംഭരിച്ച വകയില്‍ 48 കോടി രൂപ നല്‍കാനുണ്ട്. ഇതില്‍ 12 കോടി രൂപ ഇതിനകം നല്‍കി. പ്രകൃതിക്ഷോഭം മൂലമുള്ള കൃഷി നാശത്തിന് നഷ്ടപരിഹാരമെന്ന നിലയില്‍ 59 കോടി രൂപയും നല്‍കാനുണ്ട്. ഒരിഞ്ച് കൃഷി ഭൂമി പോലും നികത്താന്‍ അനുവദിക്കില്ല.നെല്‍വയല്‍ നികത്തല്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് തരിശ് ഭൂമിയില്‍ കൃഷിയിറക്കുന്നതിനായി മാപ്പിങ് നടത്താന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഒരു ലക്ഷം ഏക്കര്‍ ഭൂമി തരിശുകിടക്കുന്നുവെന്നാണ് കണക്കാക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ തരിശു ഭൂമി കൃഷിയോഗ്യമാക്കാനാണ് ശ്രമം-മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest