ലേഖ നമ്പൂതിരിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

Posted on: June 15, 2016 9:27 am | Last updated: June 15, 2016 at 9:27 am

lekha namboothiriകോഴിക്കോട്: അവയവദാനത്തിലൂടെ ശ്രദ്ധേയയായ ലേഖ നമ്പൂതിരിയുടെ നട്ടെല്ലിന്റെ വേദന മാറ്റാനായി നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. അപകടത്തില്‍പ്പെട്ട് നട്ടെല്ലിന്റെ ഡിസ്‌ക് അകന്ന് കടുത്ത വേദനയിലായിരുന്നു ലേഖ. കനത്ത വേദന കടിച്ചമര്‍ത്തിയ ലേഖക്ക് ശസ്ത്രക്രിയ മാത്രമായിരുന്നു ഏക പരിഹാരം.

എന്നാല്‍, അതിനുള്ള സാമ്പത്തികാവസ്ഥയിലായിരുന്നില്ല ലേഖ. സ്വന്തം അവയവം ദാനം ചെയ്ത ലേഖയുടെ ദുരവസ്ഥ കണ്ടറിഞ്ഞ് പ്രവാസി വ്യാപാരി സജി നായര്‍ ചെലവുകള്‍ വഹിക്കാന്‍ തയ്യാറായി. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സീനിയര്‍ ഓര്‍ത്തോപീഡിക്്‌സ്, സ്‌പൈന്‍ സര്‍ജറി കണ്‍സള്‍ട്ടന്റായ ഡോ. സുരേഷ് എസ് പിള്ളയാണ് ലേഖയുടെ ശസ്ത്രക്രിയ നടത്തിയത്.
വൃക്കകള്‍ ദാനം ചെയ്ത് ലേഖ കാണിച്ച മാതൃകക്ക് പകരം നല്‍കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ഡോ. സുരേഷ് എസ് പിള്ള പറഞ്ഞു.
പുറത്തേക്ക് തെന്നിമാറിയ നട്ടെല്ലിലെ ഡിസ്‌ക് നാഡികളില്‍ അമര്‍ന്ന് അതികഠിനമായ വേദനയനുഭവിക്കുകയായിരുന്നു ലേഖ. നടക്കാന്‍ പോലും കഴിയാതെ കിടക്കയില്‍തന്നെ കിടക്കേണ്ട അവസ്ഥയിലായിരുന്നു. ഈ മാസം പത്തിന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.