Connect with us

National

മുല്ലപ്പെരിയാറില്‍ പുതിയ ഡാം:കേരളത്തിനെതിരെ ജയലളിത

Published

|

Last Updated

ന്യൂഡല്‍ഹി:മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളത്തെ അനുവദിക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രിയായി തുടര്‍ച്ചയായി രണ്ടാം തവണയും അധികാരമേറ്റ ശേഷം ജയലളിത ആദ്യമായാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ വിധം മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തിയിട്ടുണ്ടെന്നും ബേബി ഡാം ബലപ്പെടുത്താന്‍ 7.85 കോടി രൂപ ചെലവഴിച്ചെന്നും ജയലളിത പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ബേബി ഡാമിനു സമീപത്തെ 23 മരങ്ങള്‍ മുറിക്കാന്‍ പരിസ്ഥിതി അനുമതി വേണമെന്നും പമ്പ- അച്ചന്‍കോവില്‍- വൈപ്പാര്‍ നദീസംയോജനം നടപ്പാക്കണമെന്നും ജയലളിത ആവശ്യപ്പെട്ടിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ പ്രശ്‌നം, സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം, രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളുടെ മോചനം, പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിന് പ്രത്യേക ധനസഹായം, ശ്രീലങ്കന്‍ നാവികസേനയില്‍ നിന്ന് തമിഴ് മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, കാവേരി തര്‍ക്കം, കുളച്ചല്‍ തുറമുഖ പദ്ധതി എന്നിവയായിരുന്നു നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ജയലളിത പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങള്‍. ഇതുള്‍പ്പെട 29 ആവശ്യങ്ങളടങ്ങുന്ന 32 പേജുള്ള നിവേദനമാണ് ജയലളിത കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രിക്ക് കൈമാറിയത്.
പാര്‍ലിമെന്റില്‍ പാസ്സാക്കാനിരിക്കുന്ന ചരക്ക് സേവന നികുതി ബില്‍ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ഉത്പാദക സംസ്ഥാനങ്ങള്‍ക്ക് വന്‍ തിരച്ചടിയാകുമെന്നും ഇത് സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരത്തെ തകര്‍ക്കുമെന്നും ജയലളിത പറഞ്ഞു. ജി എസ് ടി ബില്‍ പാസ്സാക്കാന്‍ മുഴുവന്‍ സംസ്ഥാനങ്ങളും അനുവദിച്ചിട്ടും തമിഴ്‌നാട് മാത്രമാണ് തടസ്സം നില്‍ക്കുന്നതെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ജയലളിത ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെ നിലപാടറിയിച്ചത്.
അതേസമയം, എന്‍ ഡി എ സഖ്യത്തില്‍ ജയലളിതയെ തിരിച്ചുകൊണ്ടുവരുന്നതിന് പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടായെന്നും ഇക്കാര്യം ചര്‍ച്ചയില്‍ വിഷയമായെന്നുമാണറിയുന്നത്. എ ഐ എ ഡി എം കെയെ എന്‍ ഡി എ മുന്നണിയില്‍ ചേര്‍ക്കാന്‍ ബി ജെ പി നേതൃത്വം കരുനീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ജയലളിത മനസ്സ് തുറന്നിട്ടില്ലെന്നാണറിയുന്നത്. രാജ്യസഭയില്‍ ന്യൂനപക്ഷമായ കേന്ദ്ര സര്‍ക്കാറിന് ഭരണം സുഗമമായി നടത്താന്‍ നിലവിലെ സാഹചര്യത്തില്‍ ജയലളിതയുടെ പിന്തുണ ഏറെ സഹായകരമാകുമെന്നതിനാലാണ് ജയലളിതയെ മുന്നണിയിലെത്തിക്കാന്‍ ബി ജെ പി ശ്രമം നടത്തുന്നത്. ജി എസ് ടി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ പാസ്സാക്കുന്നതിനും നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നതിനും എ ഐ എ ഡി എം കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണ ബി ജെ പി ക്ക് അനിവാര്യമാണ്. എന്നാല്‍, എന്‍ ഡി എയില്‍ അംഗമാകുന്നതുകൊണ്ട് പ്രത്യേക നേട്ടമില്ലെന്നാണ് എ ഡി എം കെയുടെ വിലയിരുത്തല്‍.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest