നവജാത ശിശുവിനെ കുഴിച്ചുമൂടിയ മാതാവും കാമുകനും അറസ്റ്റില്‍

Posted on: June 15, 2016 12:59 am | Last updated: June 15, 2016 at 12:59 am

നിലമ്പൂര്‍: നവജാത ശിശുവിനെ കൊന്നു കുഴിച്ചിട്ട സംഭവത്തില്‍ മാതാവും കാമുകനും അറസ്റ്റില്‍. ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് നായാടം പൊയില്‍ കോളനിയിലെ പൊട്ടന്‍ പാറ ശാരദ (35), കാമുകനും കോളനി നിവാസിയുമായ പുലിക്കുന്നത്ത് വിനു (33) എന്നിവരെയാണ് നിലമ്പൂര്‍ സി ഐ. ടി സജീവനും സംഘവും അറസ്റ്റ് ചെയ്തത്.
മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി. ടി പി ബാലന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നിലമ്പൂര്‍ തഹസില്‍ദാര്‍ പി എ മനോഹരന്റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ: ഒന്നര വര്‍ഷം മുമ്പ് ഭര്‍ത്താവ് വാസു ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന ശാരദ മാതാവ് ചിരുതക്കൊപ്പം സ്വന്തം വീട്ടിലാണ് താമസം. ശാരദ ഗര്‍ഭിണിയായിരുന്നുവെങ്കിലും വിവരം കോളനി നിവാസികളെയൊന്നും അറിയിച്ചിരുന്നില്ല. കഴിഞ്ഞ മുപ്പതിന് ഇവര്‍ മുക്കത്ത് ആശുപത്രിയില്‍ പ്രസവത്തിനായി എത്തി. അന്നുതന്നെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒന്നര കിലോഗ്രാം തൂക്കം മാത്രമായിരുന്നു കുട്ടിക്ക്. ഇതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
11ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. വൈകുന്നേരം ഏഴോടെ കെ എസ് ആര്‍ ടി സിയില്‍ കക്കാടം പൊയിലില്‍ വന്നിറങ്ങി നാട്ടുകാര്‍ കുട്ടിയെ കാണാതിരിക്കാന്‍ ഒളിപ്പിച്ചാണ് കുട്ടിയെ കോളനിയില്‍ എത്തിച്ചത്. പന്ത്രണ്ടിന് രാത്രിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
ഇവര്‍ താമസിച്ചിരുന്ന താത്കാലിക ഷെഡ്ഡിനോട് ചേര്‍ന്ന് കുഴിയെടുത്ത് കുട്ടിയെ മൂടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.