Connect with us

Kerala

വിദേശത്ത് പര്യടനം നടത്തി മോദി ഇന്ത്യയെ വില്‍ക്കുന്നു: കനയ്യ കുമാര്‍

Published

|

Last Updated

കൊച്ചി: വിദേശത്ത് പര്യടനം നടത്തി രാജ്യത്തെ വില്‍പ്പനനടത്തുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍.
വിദേശത്ത് നരേന്ദ്ര മോദി സംസാരിക്കുമ്പോള്‍ എത്ര തവണ കൈയടി ഉണ്ടായിയെന്ന് കണക്കെടുത്ത് പ്രചരിപ്പിക്കുന്ന മോദി ഭക്തര്‍ വിദേശത്തുവെച്ച് ഒപ്പുവെക്കുന്ന കരാറുകളെകുറിച്ച് യാതൊന്നും പറയാന്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ ഫാസിസത്തിനെതിരെ എ ഐ എസ് എഫ് സംഘടിപ്പിച്ച ആസാദി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കനയ്യകുമാര്‍.
രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ നരേന്ദ്രമോദി അധികാരത്തിലെത്തി രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല.
വാഗ്ദാനങ്ങള്‍ പാലിക്കാതെ രാജ്യത്തെ വില്‍പ്പന നടത്തുന്ന നരേന്ദ്രമോദിക്കെതിരെ ജനങ്ങള്‍ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുമെന്നും കള്ളപ്രചാരണങ്ങള്‍കൊണ്ടും ഹിംസ കൊണ്ടും ചോദ്യങ്ങളെ പ്രതിരോധിക്കാനാകില്ലെന്നും സത്യം ഒരുനാള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു നേതാവ് ഒരു പാര്‍ട്ടി എന്ന ആശയവുമായി രാജ്യത്ത് ശക്തമാകുന്ന ഫാസിസത്തിനെ പ്രതിരോധിക്കാന്‍ മഴവില്‍ മുന്നണിക്ക് മാത്രമെ കഴിയുവെന്ന് കനയ്യകുമാര്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മഴവില്‍ മുന്നണിക്കുമാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ജെ എന്‍ യു പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോകള്‍ ശരിക്കുള്ള വിഡിയോകളാണെന്ന പ്രചാരണമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. വീഡിയോകള്‍ ശരിക്കുള്ളതാണോ വ്യാജമാണോയെന്ന് പരിശോധിക്കപ്പെടേണ്ടത് നീതിന്യായ സംവിധാനത്തിലാണെന്നും കോടതിക്ക് പുറത്ത് വിചാരണ നടത്തുന്നതിനുപകരം തെളിവുകള്‍ ന്യായാധിപന്റെ മുന്നില്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കനയ്യകുമാര്‍ ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അടുത്തവരുന്ന സാഹചര്യത്തില്‍ വര്‍ഗീയ ജാതീയ പ്രചാരണങ്ങള്‍ക്കുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വര്‍ഗീയ പ്രചാരണങ്ങള്‍ക്കൊണ്ട് എല്ലാകാലവും നേട്ടമുണ്ടാകില്ലെന്നും ജനങ്ങള്‍ ശരിയായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് സത്യത്തെ കണ്ടെത്തുകയും കപടമുഖങ്ങളെ തുറന്നുകാണിക്കുകയും ചെയ്യുന്ന സാഹചര്യം രാജ്യത്തുണ്ടാകുമെന്നും അത്തരമൊരു സാഹചര്യത്തില്‍ നരേന്ദ്രമോദിക്ക് ഓടി ഒളിക്കാന്‍ ലോകത്ത് ഒരു ഇടവുമുണ്ടാകില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു. വിലക്കയറ്റത്തെകുറിച്ചും രോഹിത് ആക്ട് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്നുമെല്ലാമുള്ള ചോദ്യങ്ങള്‍ ഇനിയും ചോദിച്ചുകൊണ്ടേയിരിക്കുമെന്നും കനയ്യകുമാര്‍ പറഞ്ഞു. ആസാദി സംഗമം സംഘാടക സമിതി ചെയര്‍മാന്‍ എന്‍ അരുണ്‍ അധ്യക്ഷത വഹിച്ചു.

Latest