അക്രമി സ്വവര്‍ഗാനുരാഗിയെന്ന്; ഇസില്‍ സംഘവുമായി ബന്ധമില്ല: ഒബാമ

Posted on: June 15, 2016 5:52 am | Last updated: June 15, 2016 at 12:53 am

വാഷിംഗ്ടണ്‍: ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോ നിശാ ക്ലബ്ബില്‍ ആക്രമണം നടത്തിയ ഉമര്‍ മതീനും സ്വവര്‍ഗാനുരാഗിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതു സ്ഥിരീകരിച്ച് കൊണ്ട് നിരവധി ദൃക്‌സാക്ഷികള്‍ യു എസ് മാധ്യമങ്ങളെ സമീപിച്ചു. അക്രമണം നടന്ന നിശാ ക്ലബ്ബില്‍ ഇദ്ദേഹം സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നാണ് ഇവരുടെ വിശദീകരണം. ഇദ്ദേഹത്തെ പിന്നീട് പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
മതീന്‍ പള്‍സ് നിശാ ക്ലബ്ബില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് ഇവിടെ എത്താറുള്ള മറ്റൊരംഗമായ ജിം വാന്‍ ഹോണ്‍ വ്യക്തമാക്കി. ക്ലബ്ബില്‍ വെച്ച് ഒരിക്കല്‍ ഇയാളുമായി സംസാരിച്ചിരുന്നതായും അദ്ദേഹം പറയുന്നു.
മതീന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന മറ്റു ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ മതീനിന് മാനസിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി ഇദ്ദേഹത്തിന്റെ മുന്‍ ഭാര്യ വെളിപ്പെടുത്തി.
ഇസില്‍, ഹിസ്ബുല്ല, അല്‍ഖാഇദ തുടങ്ങിയ പരസ്പരം ശത്രുതയില്‍ കഴിയുന്ന സംഘടനകള്‍ക്കെല്ലാം ഇദ്ദേഹം പിന്തുണപ്രഖ്യാപിച്ചിരുന്നു എന്ന രൂപത്തിലുള്ള കണ്ടെത്തലുകളും ഉണ്ട്. അതേസമയം, മതീനിന്റെ ഇസില്‍ ബന്ധം നിഷേധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തി. സ്വയം റാഡിക്കലായ ആളാണ് കൊല്ലപ്പെട്ട മതീനെന്നും ഏതെങ്കിലും തരത്തില്‍ ഇസില്‍ പോലുള്ള ബാഹ്യ ഭീകര സംഘടനകളുമായി ബന്ധമുള്ള ആളല്ലെന്നും ആക്രമണം ഇസില്‍ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.