പ്രശാന്ത്, റിനോ ആന്റോ ടീമില്‍; ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു

Posted on: June 15, 2016 5:49 am | Last updated: June 15, 2016 at 12:50 am

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം എഡിഷനിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആഭ്യന്തര താരങ്ങളുടെ നിര പൂര്‍ത്തിയാകുന്നു. മുംബൈ എഫ് സിയുടെ ഗോള്‍കീപ്പര്‍ കുനാല്‍ സ്വന്ത്, ഇന്ത്യ അണ്ടര്‍-19 ടീമംഗവും മലയാളിയുമായ പ്രശാന്ത് എന്നിവരെ ടീമിലെത്തിച്ചു. കഴിഞ്ഞതവണ ടീമിലുണ്ടായിരുന്ന ഗോള്‍കീപ്പര്‍ സന്ദീപ് നന്ദി, സന്ദേശ് ജിംഗന്‍, ഗുര്‍വിന്ദര്‍ സിംഗ്, മെഹ്താബ് ഹുസൈന്‍, സി കെ വിനീത്, മുഹമ്മദ് റാഫി എന്നിവരെ ടീം നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
പുതുതായി ബെംഗളുരു എഫ് സിയുടെ റിനോ ആന്റോ, മോഹന്‍ ബഗാന്റെ പ്രതിക് ചൗധരി, വിനീത് റായ്, റഫീഖ്, പ്രശാന്ത്, നിമ ടമാംഗ്, ഫാറൂഖ് ചൗധരി എന്നിവരും ബ്ലാസ്റ്റേഴ്‌സിനായി ജേഴ്‌സിയണിയും.
അതേസമയം ടീം കോച്ച്, വിദേശതാരങ്ങള്‍ എന്നിവരെക്കുറിച്ച് ധാരണയായിട്ടില്ല. നേരത്തെ സ്പാനിഷ് ടീം ലെവന്റെയുടെ മുന്‍ കോച്ച് ജുവാന്‍ ഇഗ്‌നാഷ്യോ മാര്‍ട്ടിനെസ്, ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ പരിശീപ്പിച്ച ഡേവിഡ് ജെയിംസ് എന്നിവരുടെ പേരുകള്‍ കേട്ടിരുന്നെങ്കിലും ഇവര്‍ക്ക് പകരം മറ്റൊരു ഇംഗ്ലീഷ് കോച്ചുമായി ടീം അധികൃതര്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും ടീമിന്റെ പ്രീസീസണ്‍ ക്യാമ്പ് ഇത്തവണ വിദേശത്തായിരിക്കുന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, കോപ അമേരിക്കയില്‍ നിറഞ്ഞുകളിച്ച ഹെയ്തി താരം സോണി നോര്‍ദെ മുംബൈ സിറ്റി എഫ് സിയില്‍ തുടര്‍ന്ന് കളിക്കും. രണ്ടാം സീസണില്‍ ടീമിന്റെ നെടുംതൂണുകളായിരുന്ന ഇയാന്‍ ഹ്യൂം, സമീഗ് ദൗത്തി, ഒഫെന്‍സോ നാറ്റോ, ജോസ് അരോയോ എന്നിവരെ അടുത്ത സീസണിലും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ടീമില്‍ നിലനിര്‍ത്തി. കഴിഞ്ഞ സീസണില്‍ രണ്ട് ഹാട്രിക്കടക്കം പതിനൊന്ന് ഗോളുകള്‍ നേടിയ ഹ്യൂമിന് ഐ എസ് എല്ലിലെ പ്രകടനം കനേഡിയന്‍ ദേശീയ ടീമിലേക്ക് വഴിതുറന്നിരുന്നു. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍-20, 23 ടീമുകളില്‍ കളിച്ചിട്ടുള്ള ദൗത്തി കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തക്കുവേണ്ടി 12 മത്സരങ്ങളില്‍നിന്ന് മൂന്ന് ഗോളുകള്‍ നേടിയിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും ടീമിന്റെ മിഡ്ഫീല്‍ഡ് നിയന്ത്രിച്ചിരുന്ന ഒഫെന്‍സോ നാറ്റോയും ജോസ് അരേയോയും ചേരുമ്പോള്‍ കൊല്‍ക്കത്തന്‍ ടീം ശക്തമാകുമെന്നുറപ്പാണ്.
കഴിഞ്ഞതവണ ടീമിനൊപ്പമുണ്ടായിരുന്ന അര്‍ണബ് മൊണ്ടല്‍, ജുവല്‍ രാജ എന്നീ ആഭ്യന്തരതാരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ പുതുതായി ഷില്‍ട്ടണ്‍ പോള്‍, ദേബ്ജിത് മജുംദാര്‍, പ്രീതം കോട്ടാല്‍, ബിക്രംജിദ് സിംഗ്, കിംഗ്‌സുക് ദേബ്‌നാഥ്, ബിദ്യാനന്ദ സിംഗ് നിംഗ്‌ജോം, ബികാസ് ജെയ്‌രു, ഡിക, റോബര്‍ട്ട് ലാല്‍തുംഗ, പ്രബിര്‍ ദാസ് എന്നിവരേയും ടീമിലെത്തിച്ചിട്ടുണ്ട്.