Connect with us

Sports

കുംബ്ലെ ടീം ഇന്ത്യയുടെ പരിശീലകനായേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇന്ത്യയുടെ മികച്ച വിക്കറ്റ് വേട്ടക്കാരനുമായ അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. കുംബ്ലെ ഉള്‍പ്പെടെ 57 പേരാണ് ഇന്ത്യന്‍ കോച്ചാകാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ഇന്ത്യന്‍ ടീം മുന്‍ ഡയറക്ടര്‍ രവി ശാസ്ത്രി, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍, മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ പ്രവീണ്‍ ആംറെ, മുന്‍ ഇന്ത്യന്‍ ആള്‍ റൗണ്ടര്‍ റോബിന്‍ സിംഗ്, വെങ്കിടേഷ് പ്രസാദ്, വിക്രം റാത്തോഡ് എന്നിവരും ഉള്‍പ്പെടുന്നു. കൂടാതെ ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള താരം കുംബ്ലെയാണ്. ഐ പി എല്‍ ടീമുകളായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളുടെ ഉപദേശകനായി കുംബ്ലെ ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യക്കായി 132 ടെസ്റ്റുകള്‍ കളിച്ച അനില്‍ കുംബ്ലെ 619 വിക്കറ്റും 2,506 റണ്‍സും നേടിയിട്ടുണ്ട്. 271 ഏകദിനത്തില്‍ 337 വിക്കറ്റും 938 റണ്‍സുമാണ് സമ്പാദ്യം. 1999ല്‍ പാക്കിസ്ഥാനെതിരെ ഡല്‍ഹിയില്‍ 74 റണ്‍സ് വിട്ടുകൊടുത്ത് 10 വിക്കറ്റ് നേടിയതാണ് ബൗളിംഗ് കരിയറിലെ മികച്ച പ്രകടനം. ഡങ്കന്‍ ഫഌച്ചറുടെ കാലാവധി കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പോടെ അവസാനിച്ചിരുന്നു. തുടര്‍ന്ന് രവി ശാസ്ത്രിയെ ടീം ഡയറക്ടറായി നിയമിക്കുകയായിരുന്നു. നിലവില്‍, സഞ്ജയ് ബംഗാറാണ് ടീമിന്റെ താത്കാലിക പരിശീലകന്‍. അടുത്ത മാസം നടക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിന് മുമ്പ് പുതിയ കോച്ചിനെ തിരഞ്ഞെടുക്കുമെന്നാണ് സൂചന.